‘ആ മോഹൻലാൽ ചിത്രം ഞാൻ ഡയറക്ട് ചെയ്തിരുന്നെങ്കിൽ എന്ന് തോന്നി’; എസ് എസ് രാജമൗലി ആഗ്രഹം പറയുന്നു
1 min read

‘ആ മോഹൻലാൽ ചിത്രം ഞാൻ ഡയറക്ട് ചെയ്തിരുന്നെങ്കിൽ എന്ന് തോന്നി’; എസ് എസ് രാജമൗലി ആഗ്രഹം പറയുന്നു

ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള സംവിധായകനാണ് എസ് എസ് രാജമൗലി. 2015ൽ റിലീസ് ചെയ്ത ബാഹുബലി എന്ന ബ്രഹ്മാണ്ട ചലച്ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകൻ കൂടിയാണ് താരം. രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ആർ ആർ ആർ’ ഇന്നു മുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്തു. ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവര്‍ പ്രധാന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചലച്ചിത്രമാണ് ‘ആർ ആർ ആർ’.

ഇപ്പോഴിതാ രാജമൗലി തൻ്റെ പ്രിയപ്പെട്ട സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഗലാട്ട പ്ലസ്സിനു നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ നായകനായ ദൃശ്യം എന്ന സിനിമ തനിക്ക് സംവിധാനം ചെയ്താൽ കൊള്ളാമെന്ന് തോന്നിയിട്ടുണ്ടെന്ന് താരം തുറന്നു പറഞ്ഞത്. തനിക്ക് ഇഷ്ടമുള്ള സിനിമകളെ കുറിച്ച് ചോദിക്കുമ്പോൾ, ബെന്‍ഹര്‍, മായാബസാര്‍ തുടങ്ങി നിരവധി സിനിമകൾ ഉണ്ടെന്നും താരം പറയുന്നു.

ദൃശ്യം സിനിമയുടെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും കണ്ടപ്പോൾ അതിന്റെ ഡയറക്ടർ താൻ ആയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടെന്നും, ആ സിനിമകൾ വളരെയധികം ഇഷ്ടമായെന്നും രാജമൗലി പറയുന്നുണ്ട്. ആ സിനിമയുടെ തിരക്കഥ വളരെ ബ്രില്ല്യൻ്റ് ആയിട്ടുള്ളതാണ്. ഒന്നാം ഭാഗം ഗ്രേറ്റ് ആയിരുന്നെന്നും, രണ്ടാം ഭാഗം അതിനേക്കാൾ ത്രില്ലിങ്ങായിരുന്നു എന്നുമാണ് താരം പറയുന്നത്. വളരെ നല്ല രീതിയിലുള്ള ഇൻ്റലിജൻസും ഇമോഷണൽ സിംപ്ലിസിറ്റിയുമാണ് ആ സിനിമയിൽ കണ്ടതെന്നും രാജമൗലി വ്യക്തമാക്കുന്നു.

ജിത്തു ജോസഫ് സംവിധാനം ചെയ്ത്, മോഹൻലാൽ, മീന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തി 2013ൽ റിലീസ് ചെയ്ത ചിത്രമാണ് ദൃശ്യം. സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച സിനിമയായി ദൃശ്യം മാറുകയും, ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ രാജമൗലി പറഞ്ഞ വാക്കുകൾ മോഹൻലാൽ ആരാധകരും മലയാളി സിനിമ പ്രേമികളും ഏറ്റെടുത്തിരിക്കുകയാണ്.

ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു സംവിധായകൻ, മലയാള സിനിമയെ കുറിച്ച് സംസാരിക്കുന്നത് വലിയ അംഗീകാരം തന്നെയാണെന്നാണ് ഏവരുടെയും അഭിപ്രായം. അതേസമയം, അഞ്ച് ഭാഷകളിലാണ് ആർ ആർ ആർ എന്ന സിനിമ റിലീസ് ചെയ്യുന്നത്. ഇന്ത്യൻ ഭാഷകൾക്കു പുറമേ ഇംഗ്ലീഷ് സ്പാനിഷ് ടർക്കിഷ്, കൊറിയൻ ഭാഷകളിലും സിനിമ റിലീസ് ചെയ്തു.