അന്ന് രാജമൗലിയും മോഹൻലാലും ഒന്നിക്കാൻ സാധ്യതയുണ്ടായിരുന്നു; പക്ഷേ?
1 min read

അന്ന് രാജമൗലിയും മോഹൻലാലും ഒന്നിക്കാൻ സാധ്യതയുണ്ടായിരുന്നു; പക്ഷേ?

ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സംവിധായകരിൽ മുൻനിരയിൽ നിൽക്കുന്ന വ്യക്തിയാണ് എസ്. എസ്. രാജമൗലി. തെലുങ്കിൽ ഒട്ടനവധി നല്ല സിനിമകൾ ഇദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഇദ്ദേഹം ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് കൂടുതലും ഒരുക്കാറുള്ളത്. ‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ബോളിവുഡ് പ്രേക്ഷകർക്കും ഇദ്ദേഹം പ്രിയങ്കരനായി മാറി. ബാഹുബലിയുടെ ഒന്നാം ഭാഗത്തിന് ശേഷം 2016 – ൽ മികച്ച സംവിധായകനുള്ള പത്മശ്രീ പുരസ്കാരത്തിന് രാജമൗലി അർഹനായി. കഴിഞ്ഞവർഷവും ‘ആർ ആർ ആർ’ എന്ന ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് പ്രേക്ഷകർക്കായി ഇദ്ദേഹം ഒരുക്കിയത്. രാംചരൻ, ജൂനിയർ എൻടിആർ, ആലിയ ഭട്ട് എന്നിവർ ഒന്നിച്ച ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ആർ ആർ ആർ. ഈ ചിത്രത്തിനും മികച്ച പ്രേക്ഷക പിന്തുണ തന്നെയാണ് ലഭിച്ചത്. ഇദ്ദേഹത്തിന്റെ കരിയറിനെ തന്നെ മാറ്റിമറിച്ച ചിത്രങ്ങളാണ് ഇത് എന്നതിൽ ഒരു സംശയവുമില്ല.

രാജമൗലിയുടെ കരിയറിന്റെ ആദ്യകാലങ്ങളിൽ സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് ഇദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ചില തടസ്സങ്ങൾ മൂലം അത് ചെയ്യാൻ പറ്റിയില്ല. രാജമൗലിയുടെ ആദ്യസിനിമയായ ‘സ്റ്റുഡന്റ് നമ്പർ 1’ – ന്റെ വിജയത്തിനുശേഷം ആയിരുന്നു ഈയൊരു പ്രൊജക്റ്റിനെ പറ്റി ആലോചിച്ചത്. മോഹൻലാലിനെ നായകനാക്കി ഒരു ചരിത്ര സിനിമ എന്ന ലക്ഷ്യമായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. മോഹൻലാൽ എന്ന നടന്റെ കടുത്ത ആരാധകൻ കൂടിയാണ് ഇദ്ദേഹം. ഈ സിനിമയ്ക്കായി ഇദ്ദേഹം സാബു സിറിൽ, മനു ജഗത്, എന്നീ കലാസംവിധായകന്മാരെ കൊണ്ട് ചില രേഖ ചിത്രങ്ങളും മറ്റ് പദ്ധതികളും തയ്യാറാക്കിയിരുന്നു. എന്നാൽ ഒരു ചരിത്ര സിനിമ എടുക്കുമ്പോൾ ഉണ്ടാകുന്ന ഉയർന്ന ബഡ്ജറ്റും അക്കാലത്ത് ഇങ്ങനെയൊരു സിനിമ പ്രായോഗികമല്ല എന്നും അദ്ദേഹത്തിന് തോന്നിയതിനാൽലാണ് ഈ സിനിമ നടക്കാതെ പോയത്.

ഈ സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയ ചിത്രത്തിൽ മോഹൻലാലിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇത് ആരാധകർക്കിടയിൽ എത്തുകയും ചെയ്തിരുന്നു. ആദ്യമൊക്കെ ഇതൊരു അഭ്യൂഹം മാത്രമാണെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. എന്നാൽ ചില റിപ്പോർട്ടുകൾ ഈ സിനിമയെക്കുറിച്ചും രേഖാചിത്രങ്ങളെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. മാത്രമല്ല മോഹൻലാൽ നായക വേഷത്തിൽ എത്തിയ ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന സിനിമയിൽ കഥാസംവിധായകനായ സാബുസറിൽ ഒരു ഗാനരംഗത്തിലേക്ക് ഈ രേഖാചിത്രങ്ങൾ ഉപയോഗിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. പിന്നീട് ഒരിക്കലും രാജമൗലിയുടെ ഈ ചരിത്ര സിനിമയുടെ പ്രോജക്ടിനെ കുറിച്ച് ഒരു സംസാരവും ഉണ്ടായിട്ടില്ല എന്നാണ് പറയുന്നത്.