PAN INDIAN HIT! ‘പുഴു’വിന്റെ ഗംഭീരവിജയം ആഘോഷമാക്കി മമ്മൂട്ടിയും പാർവതിയും മറ്റുള്ള അണിയറപ്രവർത്തകരും
1 min read

PAN INDIAN HIT! ‘പുഴു’വിന്റെ ഗംഭീരവിജയം ആഘോഷമാക്കി മമ്മൂട്ടിയും പാർവതിയും മറ്റുള്ള അണിയറപ്രവർത്തകരും

ഈ വർഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചവ ആയിരുന്നു. അതുകൊണ്ട് തന്നെ മൂന്ന് ചിത്രങ്ങളും കഥാപാത്രങ്ങൾ കൊണ്ടും അവതരണം കൊണ്ടും തിരക്കഥ കൊണ്ടും ഒക്കെ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കുന്ന നിലയിലേക്ക് മാറിയിരിക്കുന്നു. അതിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പുഴു എന്ന ചിത്രത്തിലെ കഥാപാത്രം തന്നെയാണ് മമ്മൂട്ടിയെന്ന നടന്റെ ഇന്നത്തെ ചലനം പോലും നിയന്ത്രിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. ഒറ്റനോട്ടത്തിൽ നോക്കിയാൽ പതിയെ സഞ്ചരിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് പുഴു. നായകൻറെ മനോനിലയും സ്വഭാവസവിശേഷതയും സാധാരണ കണ്ടുവരുന്ന ത്രില്ലറുകളിൽ നിന്ന് പുഴുവിനെ വേറിട്ടതാക്കി നിർത്തുന്നു.

ആദ്യാവസാനം പ്രേക്ഷകന്റെ മനോനിലയെ പിടിച്ചിരുത്താൻ പോന്ന കഥാതന്തുവാണ് ചിത്രത്തിലേത്. അതുകൊണ്ടുതന്നെ ചിത്രത്തിലെ കഥാപാത്രങ്ങളായി അഭിനയിച്ച താരങ്ങളും അണിയറ പ്രവർത്തകരും ഉൾപ്പെടെ നിരവധി കമൻറുകളും അഭിപ്രായങ്ങളും ആണ് പുഴുവിനെപറ്റി പറഞ്ഞിരിക്കുന്നത്. സിനിമ കാണുമ്പോൾ ആദ്യാവസാനം പ്രേക്ഷകനിൽ ഒരു പിരിമുറുക്കം അനുഭവപ്പെടും എന്നും ഇരിക്കുന്ന കസേരയിൽ മുറുകെ പിടിക്കാതെ ചിത്രം കണ്ടുതീർക്കാൻ കഴിയില്ല എന്നുമാണ് പല താരങ്ങളുടെയും അഭിപ്രായം. ഒരു ഫ്ലാറ്റിൽ ജീവിക്കുന്ന ഉന്നതകുലജാതനായ പോലീസ് ഉദ്യോഗസ്ഥനായ നായകനായാണ് മമ്മൂട്ടി വേഷം കൈകാര്യം ചെയ്യുന്നത്. അവർക്കിടയിലേക്ക് വരുന്ന താഴ്ന്ന ജാതിയിൽ പെട്ടതും നാടക നടനും ആയ ഒരുവനെ വിവാഹം ചെയ്ത സഹോദരിയും ഇവർക്കിടയിൽ നടക്കുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

തന്റെ മകൻ എങ്ങനെ നടക്കണം, എങ്ങനെ ഇരിക്കണം, എങ്ങനെ പല്ല് തേക്കണം എന്നത് വരെ തീരുമാനിക്കുന്നത് അച്ഛനായ കുട്ടപ്പൻ ആണ്. അസഹനീയമായ സവർണ്ണ മനോഭാവവും ജാതിചിന്തയും ആണ് ഇയാൾ വെച്ചുപുലർത്തുന്നത്. അതുകൊണ്ടുതന്നെ മകൻ സഹപാഠികളുമായി ഭക്ഷണം പങ്കിടുന്നത് പോലും ജാതിയുടെ അളവുകോൽ ഉപയോഗിച്ച് അളക്കുവാൻ ഈ പിതാവിനെ യാതൊരു മടിയുമില്ല. മകനോട് അധികം സംസാരിക്കുന്നില്ല എങ്കിലും നിശബ്ദമായ അജ്ഞാ ശക്തിയാണ് ഇയാളുടെ ലോകത്ത് നിറഞ്ഞുനിൽക്കുന്നത്. ഇങ്ങനെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഓരോ രംഗങ്ങളും വളരെയധികം വ്യത്യസ്തത പുലർത്തുമ്പോൾ, പുഴു എന്ന ചിത്രം സാമ്പത്തികമായി വൻവിജയം തന്നെയായിരുന്നു എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നാകെ ചർച്ചചെയ്യുന്നത് മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ പുഴുവിന്റെ വിജയം തന്നെയാണ്. ചിത്രത്തിലെ വിജയം ആഘോഷിച്ച് ഇപ്പോൾ അണിയറപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. എറണാകുളത്തെ ട്രിബ്യുട്ട് ഹോട്ടലിൽ വെച്ച് നടന്ന ആഘോഷ പരിപാടിയിൽ സംവിധായക റത്തിന, മമ്മൂട്ടി,പാർവ്വതി തിരുവോത്ത്, അപ്പുണ്ണി ശശി തുടങ്ങിയ അഭിനേതാക്കൾ, അണിയറ പ്രവർത്തകരും പങ്കെടുത്തു. ശക്തമായ രാഷ്ട്രീയത തുറന്നു പറയുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാവരും ഒരുപോലെ കൈ അടിക്കുന്നതും വാഴ്ത്തിപ്പാടുന്നതും മമ്മൂട്ടിയുടെ അഭിനയം തന്നെയാണ്.