ഹൃദയത്തിന്റെ വലിയ വിജയത്തിന് ശേഷം ഹൃദയം നിറഞ്ഞ വിവാഹവിശേഷവുമായി നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം
1 min read

ഹൃദയത്തിന്റെ വലിയ വിജയത്തിന് ശേഷം ഹൃദയം നിറഞ്ഞ വിവാഹവിശേഷവുമായി നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം

ലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായിരുന്ന മെറിലാന്‍ഡ് ഫിലിംസ്റ്റുഡിയോയുടെ സ്ഥാപകനായ പി സുബ്രമണ്യത്തിന്റെ കൊച്ചുമകനും സിനിമ നിര്‍മ്മാണ രംഗത്തെ സജീവ സാന്നിധ്യവുമായ വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാകുന്നു. യുവസംരംഭകയായ അദ്വൈത ശ്രീകാന്താണ് വധു. ഞായറാഴ്ചയായിരുന്നു വിശാഖിന്റെ വിവാഹനിശ്ചയം. വിശാഖിനും അദ്വൈതയ്ക്കും നിരവധി പേരാണ് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. വിശാഖിന്റെ നിര്‍മ്മാണത്തില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം ഹൃദയത്തിന്റെ അണിയറക്കാരില്‍ മിക്കവരും കുടുംബസമേതമാണ് ചടങ്ങിന് എത്തിയത്.

വിവാഹനിശ്ചയ ചടങ്ങില്‍ സുചിത്ര മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍, മേനക സുരേഷ്, മണിയന്‍പിള്ള രാജു, പൃഥ്വിരാജ്, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, പ്രണവ് മോഹന്‍ലാല്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, നൂറിന്‍ ഷെരീഫ്, അഹാന കൃഷ്ണ എന്നിങ്ങനെ സിനിമലോകത്ത് നിന്നും രാഷ്ട്രീയ മേഖലയില്‍ നിന്നുമുള്ള സുഹൃത്തുക്കള്‍, കല്യാണ്‍ ജ്യൂവല്‍സ് മുതലായ ബിസിനസ് രംഗത്ത് നിന്നുമുള്ളവര്‍, പോലീസ് ഒഫീഷ്യല്‍സ് എന്നിങ്ങനെ നിരവധി പേര്‍ പങ്കെടുത്തിരുന്നു.

ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ വിശാഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചിത്രങ്ങളെല്ലാം തന്നെ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. തിരുവനന്തപുരം ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ് മുരുഗന്‍ – സുജ മുരുഗന്‍ എന്നിവരാണ് വിശാഖിന്റെ മാതാപിതാക്കള്‍. തിരുവനന്തപുരത്തുള്ള ബ്ലെന്‍ഡ് റെസ്റ്റോബാര്‍ നടത്തിവരികയാണ് വധു അദ്വൈത ശ്രീകാന്ത്. എസ് എഫ് എസ് ഹോംസിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായ കെ ശ്രീകാന്ത് – രമ ശ്രീകാന്ത് ദമ്പതികളുടെ മകളാണ് അദ്വൈത.

ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം നിര്‍മ്മിച്ചുക്കൊണ്ട് നിര്‍മാണരംഗത്തേക്ക് കടന്ന് വന്ന വിശാഖ് സുബ്രഹ്മണ്യം വിനീത് ശ്രീനിവാസന്‍ – പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ഹൃദയത്തിലൂടെ മെറിലാന്‍ഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നല്‍കുകയും ചെയ്തു. ചിത്രം തിയറ്ററുകളില്‍ മികച്ച വിജയമാണ് നേടിയത്. പ്രണവ് മോഹന്‍ലാലിന്റെയും കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറിയിരുന്നു ചിത്രം. അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരോടൊപ്പം ഫന്റാസ്റ്റിക്ക് ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനിയിലും പങ്കാളിയാണ് വിശാഖ് സുബ്രഹ്മണ്യം. സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രവും ഇതേ ബാനര്‍ നിര്‍മ്മിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ ആയിരുന്നു ഈ ചിത്രത്തിലെ നിര്‍മ്മാണ പങ്കാളി. പ്രകാശന്‍ പറക്കട്ടെയാണ് ഈ കൂട്ടുകെട്ടില്‍ അവസാനമായി തീയറ്ററുകളില്‍ എത്തിയ ചിത്രം.