‘കടുവ’യ്ക്ക് പിന്നാലെ ‘കാപ്പ’; പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു, ചിത്രീകരണം ആരംഭിച്ചു
1 min read

‘കടുവ’യ്ക്ക് പിന്നാലെ ‘കാപ്പ’; പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു, ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സമീപകാലത്ത് തിയറ്ററുകളില്‍ ശ്രദ്ധ നേടിയ പൃഥ്വിരാജിന്റെ തന്നെ ജനഗണമനയേക്കാള്‍ മികച്ച ഓപണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. ഇപ്പോഴിതാ പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പാളയം വിജെടി ഹാളില്‍ വച്ചായിരുന്നു പൂജാചടങ്ങുകള്‍ നടന്നത്.

എസ്.എന്‍. സ്വാമിയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. ജഗദീഷ് ഫസ്റ്റ് ക്ലാപ്പും നിര്‍വ്വഹിച്ചു. പൃഥ്വിരാജ്, ആസിഫ് അലി, എ.കെ. സാജന്‍, ജിനു വി, എബ്രഹാം എന്നിവരടക്കം നിരവധിപേരാണ് പൂജ ചടങ്ങില്‍ പങ്കെടുത്തത്. മഞ്ജു വാര്യര്‍ നായികയായെത്തുന്ന ചിത്രത്തില്‍ ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ പരിജയപ്പെടുത്തികൊണ്ടുള്ള പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നാല് വിരലുകള്‍ മാത്രം നിവര്‍ത്തി കൈ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതും ഫോണില്‍ നോക്കിയിരിക്കുന്നതുമായ പൃഥ്വിയുടെ രണ്ട് ചിത്രങ്ങളായിരുന്നു പുറത്ത് വിട്ടത്. സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ് ഈ ചിത്രങ്ങള്‍.

ചിത്രത്തില്‍ ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അന്ന ബെന്നും ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും.

തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‌കെ റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായഗ്രഹണം നിര്‍വഹിക്കുന്നത്.