“എമ്പുരാന്‍ ഒരു സാധാരണ സിനിമ മാത്രം”; സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ വെളിപ്പെടുത്തുന്നു
1 min read

“എമ്പുരാന്‍ ഒരു സാധാരണ സിനിമ മാത്രം”; സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ വെളിപ്പെടുത്തുന്നു

ലൂസിഫറിന്റെ രണ്ടാഭാഗം എമ്പുരാന്‍ എന്ന ചിത്രത്തിനായി ആകാംഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 28നായിരുന്നു മോഹന്‍ലാല്‍ – പൃഥ്വിരാജ് – മുരളി ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫര്‍’ തീയേറ്ററുകളിലെത്തിയതിന്റെ മൂന്നാം വാര്‍ഷികം. പൃഥ്വിരാജും മുരളി ഗോപിയും ഫെയ്‌സ്ബുക്കില്‍ എമ്പുരാന്‍ ഉടന്‍ എത്തുമെന്നും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവെച്ചിരുന്ന പോസ്റ്റില്‍ ‘നിങ്ങള്‍ ഏറ്റവും ഉന്നതിയിലായിരിക്കുന്ന നിമിഷത്തില്‍ ജാഗ്രത പാലിക്കൂ, അപ്പോഴാണ് ചെകുത്താന്‍ നിങ്ങളെ തേടി വരുന്നത്’ എന്നാണ് പൃഥ്വി കുറിച്ചിരുന്നത്.

എമ്പുരാന്‍ ചിത്രത്തിന്റെ തിരകഥാകൃത്ത് മുരളി ഗോപിയും ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. പിശാചിന്റെ കണ്ണിലേക്ക് ഉറ്റുനോക്കുമ്പോള്‍ ഞാന്‍ വിറച്ചു, എന്തെന്നാല്‍, ഞാന്‍ കണ്ടത് എന്നെയും എന്റെ പാപങ്ങളേയുമായിരുന്നു. എന്നായിരുന്നു മുരളി ഗോപി കുറിച്ചത്. ഇതോടെ പൃഥ്വിരാജ് ആണോ ചിത്രത്തിലെ വില്ലനെന്നൊക്കെയുള്ള സംശയത്തിലാണ് പ്രേക്ഷകര്‍. എമ്പുരാന്റേതായിട്ടുള്ള എല്ലാ വാര്‍ത്തകളും നിമിഷ നേരംകൊണ്ടാണ് വൈറലാവുന്നത്. ഇപ്പോഴിതാ എമ്പുരാന്‍ ഒരു സാധാരണ സിനിമയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

എമ്പുരാന്‍ സിനിമയുടെ സ്‌ക്രിപ്റ്റിംഗ് പൂര്‍ത്തിയായി. അതൊരു സാധാരണ കമേഷ്യല്‍ സിനിമയാണെന്നാണ് പൃഥ്വി പറഞ്ഞത്. എന്നാല്‍ പൃഥ്വിരാജ് സാധാരണ ചിത്രമെന്ന് പറയുമ്പോള്‍ അതൊരു ഒന്നൊന്നര സിനിമയായിരിക്കുമെന്നാണ് സിനിമാ പ്രേമികള്‍ താരത്തിന്റെ വാക്കുകള്‍ കേട്ടതിന് ശേഷം പ്രതികരിക്കുന്നത്. ആരാധകരും പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുകയാണ് ചിത്രത്തിനായി. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘ജന ഗണ മന’. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലുലുമാളില്‍ വെച്ച് നടന്ന പരിപാടിയിലായിരുന്നു താരം എമ്പുരാനെ കുറിച്ച് സംസാരിച്ചത്.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജിന് പുതിയ ചിത്രത്തില്‍ മികച്ച ഒരു കഥാപാത്രമാണ് എന്നാണ് ട്രെയിലര്‍ സൂചന നല്‍കുന്നത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളിലാണ് നിര്‍മാണം. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ശ്രീ ദിവ്യ, വിന്‍സി അലോഷ്യസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ധ്രുവന്‍, ശാരി, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, മിഥുന്‍, ഹരി കൃഷ്ണന്‍, വിജയകുമാര്‍, വൈഷ്ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ജോസ്‌കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഷാജി കൈലാസ് ചിത്രം ‘കടുവ’, ബ്ലെസ്സിയുടെ ‘ആടുജീവിതം’ എന്നിവയാണ് അഭിനയിക്കുന്നവയില്‍ പൃഥ്വിരാജിന്റേതായി പുറത്തെത്താനുള്ള ചിത്രങ്ങള്‍.