”മൂന്ന് സംഘങ്ങള്‍ എമ്പുരാനു വേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് നടത്തികൊണ്ടിരിക്കുന്നു”; പൃഥ്വിരാജ് സുകുമാരന്‍
1 min read

”മൂന്ന് സംഘങ്ങള്‍ എമ്പുരാനു വേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് നടത്തികൊണ്ടിരിക്കുന്നു”; പൃഥ്വിരാജ് സുകുമാരന്‍

പൃഥ്വിരാജ് ആദ്യമായി സംവിധായകനായി എന്ന പ്രത്യേകതയുള്ള ചിത്രമായിരുന്നു ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനായി ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാന്റെ’ അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും ഉടന്‍ തന്നെ ചിത്രീകരണം തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. താന്‍ നായകനാവുന്ന പുതിയ ചിത്രം കാപ്പയുടെ പ്രൊമോഷണല്‍ പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പൃഥ്വിയുടെ പ്രതികരണം. മൂന്ന് സംഘങ്ങള്‍ ചിത്രത്തിനു വേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും എന്തായാലും 2023 പകുതിയോടെ ഇന്ത്യയിലെ, അല്ലെങ്കില്‍ കേരളത്തിലെ ചിത്രീകരണം തുടങ്ങണമെന്നാണ് എന്റെ ആഗ്രഹമെന്നും പൃഥ്വിരാജ് പറയുന്നു.

‘എമ്പുരാന്‍ വലിയ സിനിമയാണ്. വലിയ സിനിമയെന്നു പറഞ്ഞാല്‍ അതിന്റെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണ്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും. ഷൂട്ടിംഗ് എന്ന് ആരംഭിക്കും എന്ന് തീരുമാനം എടുക്കണമെങ്കില്‍ ആദ്യം അത് എവിടെയാണ് ചിത്രീകരിക്കേണ്ടത് എന്ന തീരുമാനം എടുക്കണം. നിലവില്‍ മൂന്ന് സംഘങ്ങള്‍ ചിത്രത്തിനു വേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് നടത്തിക്കൊണ്ടിരിക്കുകയാണ്. എവിടെയൊക്കെ ചിത്രീകരിക്കും എന്ന് തീരുമാനമായാലാണ് ഒരു ടൈംലൈന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുക. കാരണം കാലാവസ്ഥാപരമായി പല സ്ഥലങ്ങളിലും പല സമയങ്ങളാണ് ഷൂട്ടിംഗിന് അനുയോജ്യം ആവുക. ലൊക്കേഷന്‍ ഹണ്ടിംഗ് പൂര്‍ത്തിയായതിനു ശേഷം ഞാന്‍ ഒന്നു പോവണം സ്ഥലങ്ങള്‍ കാണാന്‍. എന്തായാലും 2023 പകുതിയോടെ ഇന്ത്യയിലെ, അല്ലെങ്കില്‍ കേരളത്തിലെ ചിത്രീകരണം തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം.’ പൃഥ്വിരാജ് വ്യക്തമാക്കി.

ഈ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അവകാശവാദങ്ങളൊന്നുമില്ല. ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറാണ്. മറ്റ് ലെയറുകളെല്ലാം സിനിമ കാണുമ്പോള്‍ ആസ്വദിക്കാനായാല്‍ സന്തോഷമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും എമ്പുരാന്‍ റിലീസ് ചെയ്യുമെന്നും പ്രഖ്യാപന വേളയില്‍ ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു.