“കഴിഞ്ഞ അഞ്ച് വർഷക്കാലം കൊണ്ട് ഭാവനയുടെ വലിയ ആരാധകനായി” : പൃഥ്വിരാജ് സുകുമാരൻ തുറന്നുപറയുന്നു
1 min read

“കഴിഞ്ഞ അഞ്ച് വർഷക്കാലം കൊണ്ട് ഭാവനയുടെ വലിയ ആരാധകനായി” : പൃഥ്വിരാജ് സുകുമാരൻ തുറന്നുപറയുന്നു

ലയാളത്തിലും തെന്നിന്ത്യന്‍ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് നടി ഭാവന. 2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയില്‍ എത്തുന്നത്. പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഭാവന. മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക്, കന്ന ഭാഷകളിലും നടി സജീവമായിരുന്നു. വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയും കന്നഡയില്‍ സജീവമാവുകയുമായിരുന്നു. കന്നഡ സിനിമാ നിര്‍മ്മാതാവ് നവീനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.

2017-ല്‍ പുറത്തിറങ്ങിയ ‘ആദം ജോണ്‍’ എന്ന സിനിമയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത ഇപ്പോള്‍ വളരെ ആഘോഷത്തോടെയാണ് സിനിമാ പ്രേമികള്‍ സ്വീകരിച്ചത്. ആദില്‍ മൈമുനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തില്‍ വീണ്ടും അഭിനയിക്കുന്നത്. ഷറഫുദ്ദീനാണ് നായക വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ഭാവന വീണ്ടും സിനിമയിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.

എനിക്ക് നല്ല സന്തോഷമുണ്ട്. ഞാന്‍ എന്നും ഭാവനയുടെ സുഹൃത്തായിരുന്നു. പക്ഷേ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലംകൊണ്ട് ഞാന്‍ അവരുടെ ഒരു വലിയ ആരാധകനായി മാറിയിരിക്കുകയാണെന്ന് പൃഥ്വി പറയുന്നു. ഭാവനയ്ക്കൊപ്പം സിനിമാമേഖലയിലുള്ള ചിലര്‍ നിന്നില്ലെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് സിനിമാലോകം എന്ന് പറയുന്നത് ഒരേപോലുള്ള ലോകത്തില്‍ ജീവിക്കുന്ന ഒരു കൂട്ടം ആളുകളല്ലെന്നായിരുന്നു പൃഥ്വി മറുപടി നല്‍കിയത്. ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്നും എനിക്ക് എന്റേതായുള്ള ലോകമേ അറിയുള്ളൂവെന്നും പൃഥ്വിരാജ് പറയുന്നു.

ആ ലോകത്ത് എല്ലാവരും ഭാവനയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണ്. മറ്റൊരാളുടെ ലോകത്ത് എന്താണെന്ന് എനിക്ക് അറിയില്ല. ഞാന്‍ അതിന്റെ ഭാഗമല്ലെന്നും എന്നാല്‍ പുറത്ത് നില്‍ക്കുന്നവര്‍ക്ക് ഇതെല്ലാം ഒരു ലോകമാണെന്ന ചിന്ത വരുമെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ഞാന്‍ ജീവിക്കുന്ന എന്റേതായ ലോകത്തില്‍ എല്ലാവരും ഭയങ്കര പോസിറ്റിവിറ്റിയിലാണ് ഭാവനയുടെ തിരിച്ചുവരവിനെ കാണുന്നത്. ഭാവനയ്ക്ക് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തീരുമാനിക്കേണ്ടത് അത് രൂപികരിക്കപ്പെട്ടവരാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി.