പൃഥ്വിരാജിന്റെ മാസ്സ് പൗരുഷം കൊണ്ട് ഇൻഡസ്ട്രിയെ വിറപ്പിക്കാൻ ‘കടുവ’ വരുന്നു! ഷാജി കൈലാസ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് തിയതി ഇതാ..
1 min read

പൃഥ്വിരാജിന്റെ മാസ്സ് പൗരുഷം കൊണ്ട് ഇൻഡസ്ട്രിയെ വിറപ്പിക്കാൻ ‘കടുവ’ വരുന്നു! ഷാജി കൈലാസ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് തിയതി ഇതാ..

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. പ്രഖ്യാപന സമയം മുതല്‍ മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഓണം റിലീസ് ആയി ചിത്രം എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജൂണ്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയകളിലും റിലീസ് വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജിനെ മാസ് പരിവേഷത്തോടെ അവതരിപ്പിക്കുന്ന ചിത്രം ഷാജി കൈലാസിന്റെ തിരിച്ചുവരവ് ചിത്രമെന്ന് തന്നെ പറയാം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സംഗീത സംവിധാനം ചെയ്യുന്നത് ജേക്‌സ് ബിജോയിയാണ്. ഏപ്രില്‍ പകുതിയോടെ ചിത്രീകരണം തുടങ്ങിയ സിനിമ കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രണ്ടാം ആഴ്ച ഷൂട്ടിംങ് നിര്‍ത്തിവച്ചിരുന്നു. ആ ബ്രേക്കില്‍ ഷാജി കൈലാസ് മോഹന്‍ലാലിനെ നായകനാക്കി എലോണ്‍ എന്ന ചിത്രം പ്രഖ്യാപിക്കുകയും ചിത്രീകരണം ഇതിനിടയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എലോണ്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് കടുവയുടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചത്.

നിരവധി പ്രതിസന്ധികളും ചിത്രത്തിന് നേരിടേണ്ടി വന്നിരന്നു. ഹൈക്കോടതി സ്‌റ്റേ ഉള്‍പ്പെടെ നിരവധി തടസങ്ങളായിരുന്നു ചിത്രീകരണത്തിനിടയില്‍ നേരിടേണ്ടായി വന്നത്. ‘കുരുവിനാല്‍കുന്നില്‍ കുറുവച്ചന്‍’ന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

ബോളിവുഡ് താരം വിവേക് ഒബ്‌റോയ് പ്രതിനായകനായി ചിത്രത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും കടുവയ്ക്ക് ഉണ്ട്. ലൂസിഫറിന് ശേഷം വിവേക് ഒബ്‌റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണിത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക എന്നിവരാണ് ചിത്രത്തില്‍ മറ്റ് നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.