“മലയാള സിനിമയുടെ ഉലകനായകൻ പൃഥ്വിരാജാണ് ” : വിവേക് ഒബ്രോയ്
1 min read

“മലയാള സിനിമയുടെ ഉലകനായകൻ പൃഥ്വിരാജാണ് ” : വിവേക് ഒബ്രോയ്

ഈ തലമുറയിലെ നടന്മാരിൽ മോഹൻലാലിനും മമ്മൂട്ടിക്കും പകരംവെക്കാൻ പോന്ന നടനാണ് പൃഥ്വിരാജ് എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. അഭിനയത്തിൽ മാത്രമല്ലാതെ സംവിധാനത്തിലും, പ്രൊഡക്ഷനിലും ഉൾപ്പെടെ സിനിമയുടെ നിരവധി മേഖലകളിൽ പൃഥ്വിരാജ് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ പൃഥ്വിരാജ് കേരളത്തിന്റെ കമല്‍ഹാസനാണെന്ന് പറഞ്ഞിരിക്കുകയാണ് നടൻ വിവേക് ഒബ്രോയ്. പൃഥ്വിരാജ് നായകനായി എത്തുന്ന കടുവ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്ന ഷാജി കൈലാസാണ് കടുവയുടെ സംവിധായകൻ. പ്രേക്ഷകര്‍ വളരെയധികം പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസിനുവേണ്ടി കാത്തിരിക്കുകയാണ്. വിവേക് ഒബ്രോയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ വില്ലനായി എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറിന് ശേഷം വിവേക് ഒബ്രോയും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. സിനിമയുടെ റിലീസ് തീയതി ആദ്യം 30നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം റിലീസ് തീയതി നീട്ടിയ വിവരമറിയിച്ചു പൃഥ്വിരാജ് അടക്കം സിനിമയുടെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ജൂലൈ ഏഴിനാണ് സിനിമ റിലീസ് ആവുക.

നിരവധി ഭാഷകളിൽ ഇറങ്ങുന്ന കടുവയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിലാണ് പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങൾ. ഈ വേളയിലാണ് പൃഥ്വിരാജിനെ പുകഴ്ത്തിക്കൊണ്ടുള്ള വിവേക് ഒബ്രോയ് യുടെ വാക്കുകൾ. അഭിനയം, പാട്ട്, ഡാന്‍സ്,നിര്‍മാണം, സംവിധാനം തുടങ്ങി പൃഥ്വിരാജ് കൈവെക്കാത്ത മേഖലകളില്ലായെന്നും സിനിമയെ ഒരുപാട് സ്നേഹിക്കുകയും സിനിമക്ക് വേണ്ടി ജീവിക്കുന്ന ആളാണ് അദ്ദേഹമെന്നും വിവേക് പറഞ്ഞു. കൂടാതെ പൃഥ്വിരാജ് പല രീതിയിൽ തന്നെ സ്വാധിനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവയുടെ നിർമാണം. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജിന്റെ തന്നെ സിനിമകളായ ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക തുടങ്ങിയമറ്റു താരങ്ങളും ചിത്രത്തിലുണ്ട്.