‘സൂപ്പര്‍സ്റ്റാറാവാനല്ല, സൂപ്പര്‍സ്റ്റാര്‍ ആയി തുടരാനാണ് ബുദ്ധിമുട്ട്’; പൃഥ്വിരാജ് സുകുമാരന്‍
1 min read

‘സൂപ്പര്‍സ്റ്റാറാവാനല്ല, സൂപ്പര്‍സ്റ്റാര്‍ ആയി തുടരാനാണ് ബുദ്ധിമുട്ട്’; പൃഥ്വിരാജ് സുകുമാരന്‍

ടനായും നിര്‍മ്മാതാവായും സംവിധായകനായും മലയാളസിനിമയുടെ ഐക്കണായി മാറിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. യുവാക്കളും പ്രേക്ഷകരും ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് പൃഥ്വിരാജ്. ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് കരിയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ്. ഇപ്പോഴിതാ പൃഥ്വിരാജ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാവുന്നത്. ഇന്നത്തെക്കാലത്ത് സിനിമയിലെത്തുക എന്നത് എളുപ്പമാണെന്നും ചാന്‍സ് കിട്ടി ചെയ്ത സിനിമ ഹിറ്റടിച്ചാലും അത് നിലനിര്‍ത്തുന്നതാണ് ബുദ്ധിമുട്ടെന്നും ലാലേട്ടും മമ്മൂക്കയും എന്നോ ഒരിക്കല്‍ സൂപ്പര്‍സ്റ്റാര്‍ ആയെന്നുള്ളതല്ല, അന്നുമുതല്‍ ഇന്ന് വരെ അവര്‍ സൂപ്പര്‍സ്റ്റാറുകളായി തുടരുന്നുവെന്നതാണ് യഥാര്‍ത്ഥ അച്ചീവ്‌മെന്റ് എന്നും പൃഥ്വിരാജ് പറയുന്നു.

ഇന്നത്തെക്കാലത്ത് സിനിമയില്‍ എത്തണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ചരിത്രത്തില്‍ ഏറ്റവും എളുപ്പമുള്ള സമയമാണിത്. ഇന്‍സ്റ്റഗ്രാമില്‍ നല്ലൊരു റീല്‍ ചെയ്താല്‍ തന്നെ എല്ലാവരും ശ്രദ്ധിക്കും. സിനിമാറ്റോഗ്രാഫര്‍ ആകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഒരു ഐ ഫോണില്‍ അഞ്ചോ പത്തോ മിനിട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം ചെയ്ത് യുട്യൂബിലിട്ടാല്‍ മതി. അത് നല്ലതായാല്‍ ആളുകള്‍ എല്ലാവരും തന്നെ നോട്ടീസ് ചെയ്യും. കഴിവുണ്ടായിട്ടും അവസരങ്ങള്‍ ലഭിക്കാത്തവര്‍ ഉണ്ട്. ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന ഈ പൊസിഷനില്‍ ഇരിക്കാന്‍ യോഗ്യതയുള്ള എന്നെക്കാള്‍ അര്‍ഹതയുള്ള, ടാലന്റഡായിട്ടുള്ള, സ്‌കില്ലുള്ള ലക്ഷകണക്കിന് ആളുകള്‍ പുറത്തുണ്ടെന്ന് ഞാന്‍ പൂര്‍ണമായും ബോധവാനാണെന്നും അത് തന്നെയാണ് ഹാര്‍ഡ് വര്‍ക്ക് ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഘടകമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ഒരു ചാന്‍സ് മാത്രം കിട്ടിയാലൊന്നും ഒന്നും നടക്കാന്‍ പോണില്ല. ചാന്‍സ് കിട്ടി, സിനിമയിലെത്തി നിങ്ങള്‍ ചെയ്ത സിനിമ സൂപ്പര്‍ ഹിറ്റായി, അതിന് ശേഷം തുടങ്ങുന്നതേയുള്ളൂ. പിന്നീടങ്ങോട്ട് ഒരു വലിയ ജേര്‍ണിയായിരിക്കും. ലാലേട്ടനും മമ്മൂക്കയും എന്നോ ഒരിക്കല്‍ സൂപ്പര്‍സ്റ്റാറായി എന്നുള്ളതല്ല അവരുടെ അച്ചീവ്‌മെന്റെന്നും അന്നുമുതല്‍ ഇന്നുവരെ സൂപ്പര്‍സ്റ്റാറുകളായി അവര്‍ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നുവെന്നുള്ളതാണ് അവരുടെ യഥാര്‍ത്ഥ അച്ചീവ്‌മെന്റെന്നും സിനിമയിലുള്ളവര്‍ക്ക് ഞാനെന്താണ് പറയുന്നത് മനസിലാവുമെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു.

തീര്‍പ്പാണ് പൃഥ്വിരാജിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. മുരളി ഗോപി തിരക്കഥയെഴുതി, രഞ്ജിത്ത് അമ്പാട്ട് സംവിധാനം ചെയ്ത് ചിത്രത്തില്‍ ഇന്ദ്രജിത്ത്, ഇഷ തല്‍വാര്‍, ഹന്ന റെജി, വിജയ് ബാബു, സൈജു കുറുപ്പ്, സിദ്ധിക്ക് എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. ‘കാപ്പ’ എന്ന സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.