‘എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ചെറിയൊരു നൊസ്റ്റാള്‍ജിക് റൊമാന്റിക് ചിത്രം’; പ്രണയവിലാസത്തെക്കുറിച്ച് കുറിപ്പ്
1 min read

‘എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ചെറിയൊരു നൊസ്റ്റാള്‍ജിക് റൊമാന്റിക് ചിത്രം’; പ്രണയവിലാസത്തെക്കുറിച്ച് കുറിപ്പ്

രോമാഞ്ചത്തിനുശേഷം അര്‍ജ്ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് പ്രണയവിലാസം. ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്. ക്യാമ്പസും റൊമാന്‍സും നൊസ്റ്റാള്‍ജിയയും ചേര്‍ന്ന ഒരു കുടുംബ ചിത്രമാണ് പ്രണയ വിലാസം എന്ന് ഒറ്റവാക്കില്‍ പറയാം. ചിത്രത്തില്‍ അനശ്വര രാജന്‍, മിയ, മമിത ബൈജു, മനോജ് എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. പൂര്‍ണമായും പ്രണയത്തിന്റെ പശ്ചാത്തലത്തിലാകും സിനിമ മുന്നോട്ട് പോകുക. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകള്‍ ഇതിനോടകം ശ്രദ്ധനേടിയിരുന്നു. നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സിബി ചാവറയും രഞ്ജിത്ത് നായരും ചേര്‍ന്നാണ്. ചിത്രത്തിന് വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമിതയും അര്‍ജുനും തമ്മിലുള്ള കെമിസ്ട്രിയും ഷാന്‍ റഹ്മാന്റെ സംഗീതവും ബിജിഎമ്മും ചിത്രത്തിന്റെ ഹൈലൈറ്റെന്ന് അനശ്വരയുടെ പ്രകടനം പ്രത്യേകം കയ്യടി അര്‍ഹിക്കുന്നുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രേക്ഷകന്‍ പങ്കുവെച്ച ചെറിയ കുറിപ്പ് വായിക്കാം.

”പലരുടെയും ജീവിതത്തില്‍ ഉള്ള ആദ്യ പ്രണയം അത് എന്നും എപ്പോഴും മനസിന്റെ ഒരു കോണില്‍ കാണും. പലപ്പോഴും അതിന്റെ ഓര്‍മ്മകള്‍ ഒരു സുഖമുള്ള നോവ് ആണ്. അങ്ങനെ ഉള്ള കൊറേ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു കൊച്ചു ചിത്രം അതാണ് പ്രണയ വിലാസം. അര്‍ജുന്‍ അശോകന്‍, മനോജ്, ശ്രീധന്യ, അനശ്വര, ഹക്കിം, മമിത തുടങ്ങിയവരുടെ പെര്‍ഫോമന്‍സ് എല്ലാം എടുത്ത് പറയേണ്ടവ തന്നെയാണ്. പിന്നെ എടുത്ത് പറയേണ്ടത് കണ്ണൂര്‍ ഭാഷയുടെ ലാളിത്യം ഈ സിനിമയില്‍ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ചെറിയ ഒരു നൊസ്റ്റാള്‍ജിക് റൊമാന്റിക് ചിത്രം അതാണ് ‘പ്രണയവിലാസം’.” എന്നാണ് കുറിപ്പില്‍ പറയുന്നത്.

ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. സിബി ചവറ, രഞ്ജിത്ത്‌നായര്‍ എന്നിവരാണ് നിര്‍മാണം. ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധന്‍ ആണ്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ ആണ്. ചിത്രസംയോജനം ബിനു നെപ്പോളളിയന്‍ ആണ്. കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്‌സ് സേവ്യര്‍. പിആര്‍ഒഎ എസ് ദിനേശ്. സജിത്ത് പുരുഷന്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആകാശ് ജോസഫ് വര്‍ഗീസാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ഗിരിഷ് എ ഡി ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കാളിയാകുന്നു.