ബറോസില്‍ മോഹന്‍ലാലിനൊപ്പം പ്രണവ് ? ; സൈനിംഗ് ഓഫ് ചിത്രം ചര്‍ച്ചയാകുന്നു
1 min read

ബറോസില്‍ മോഹന്‍ലാലിനൊപ്പം പ്രണവ് ? ; സൈനിംഗ് ഓഫ് ചിത്രം ചര്‍ച്ചയാകുന്നു

ലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ഏറെ നാളത്തെ ഷൂട്ടിംഗിന് ശേഷം പാക്കപ്പ് പറഞ്ഞിരിക്കുകയാണ്. ലൊക്കേഷനില്‍ ടീം അംഗങ്ങളോടൊപ്പം ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചായിരുന്നു മോഹന്‍ലാല്‍ ബറോസിന്റെ ഷൂട്ട് പൂര്‍ത്തിയായ വിവരം പ്രേക്ഷകരെ അറിയിച്ചത്. ‘ബറോസ് ടീം ലൊക്കേഷനില്‍ നിന്നും സൈന്‍ ഓഫ് ചെയ്യുന്നു. ഇനി കാത്തിരിപ്പ് തുടങ്ങുകയായി,’ എന്നായിരുന്നു ഈ ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ചിത്രത്തില്‍ സന്തോഷ് ശിവന്‍, ആന്റണി പെരുമ്പാവൂര്‍, പ്രണവ് എന്നിവരും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ കാണാം. ബറോസിന്റെ ഛായാഗ്രഹകന്‍ സന്തോഷ് ശിവനും ചിത്രത്തിന് പാക്കപ്പ് പറഞ്ഞ വിവരം ട്വീറ്റ് ചെയ്തു.

അതേസമയം പ്രണവിനെ ചിത്രത്തില്‍ കണ്ടതോടെ ബറോസ് സിനിമയില്‍ പ്രണവും അഭിനയിക്കുന്നുണ്ടോ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. ചിത്രത്തിന്റെ അണിയറയിലാണോ അതോ അഭിനയത്തിലാണോ പ്രണവ് എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഈ ചിത്രം പുറത്തുവന്നതോടെ ആരാധകരും പ്രേക്ഷകരും ഒരുപോലെ ആകംഷയോടെയാണ് റിലീസിന് വേണ്ടി കാത്തിരിക്കുന്നത്. പ്രണവ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ ബറോസ് വേറെ ലെവല്‍ ആയിരിക്കുമെന്നാണ് കമന്റുകള്‍.

ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ബറോസ് അവതരിപ്പിക്കുന്നത് ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമില്‍ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ഒരു ഫാന്റസി ലോകത്ത് നടക്കുന്ന കഥയില്‍ വാസ്‌കോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ എത്തുന്നത്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജിജോ പൊന്നുസാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.