‘മീശമാധവനിലെ ചേക്കിന്റെ പട്ടാളം പുരുഷുവേട്ടനെ ഓർമ്മയില്ലേ?’;  കടുത്തുരുത്തി ജെയിംസാണ് ആ വേഷമണിഞ്ഞ കലാകാരൻ
1 min read

‘മീശമാധവനിലെ ചേക്കിന്റെ പട്ടാളം പുരുഷുവേട്ടനെ ഓർമ്മയില്ലേ?’; കടുത്തുരുത്തി ജെയിംസാണ് ആ വേഷമണിഞ്ഞ കലാകാരൻ

‘പുരുഷു എന്നെ അനുഗ്രഹിക്കണം…..’ ഈ ഡയലോഗ് പറയാത്ത മലയാളി ഉണ്ടാകില്ല. 2002ല്‍ പുറത്തിറങ്ങിയ മീശ മാധവന്‍ എല്ലാക്കാലത്തും മലയാളികളുടെ പ്രിയ ചിത്രമാണ്. വിഷുക്കാലമായാല്‍ മീശമാധവന്‍ കിടിലന്‍ നൊസ്റ്റാള്‍ജിയ തന്നെയാണ്. ചേക്ക് എന്ന ഗ്രാമവും അവിടുത്തെ കഥാപാത്രങ്ങളും ഒരിക്കലും മലയാളിയുടെ മനസ്സില്‍ നിന്നും മാഞ്ഞുപോകില്ല. അതില്‍ പ്രധാനപ്പെട്ട ആളാണ് പട്ടാളം പുരുഷു. കല്യാണവീട്ടിലും അമ്പലത്തിലും വരെ ആര്‍മി യൂനിഫോമില്‍ എത്തിയ ചേക്കിന്റെ സ്വന്തം പുരുഷുവേട്ടന്‍. വലിയ തമാശ ഡയലോഗുകളോ ആക്ഷനുകളോ ഒന്നും ഇല്ലാതെ തന്നെ പ്രേക്ഷകരെ ചിരിപ്പിച്ച പുരുഷുവേട്ടന്‍ ആരാണ്? അദ്ദേഹം ഇപ്പോള്‍ എവിടെയാണ്?

കടുത്തുരുത്തി ജെയിംസ് എന്നറിയപ്പെടുന്ന ജയിംസ് ചാക്കോയാണ് മലയാളത്തിന്റെ ഈ പ്രിയപ്പെട്ട പുരുഷുവേട്ടന്‍. പെട്ടെന്ന് ഒരു ദിവസം മലയാള സിനിമയുടെ ഭാഗമായ ആളല്ല ജയിംസ്. നീണ്ട 30 വര്‍ഷക്കാലമാണ് അദ്ദേഹം സിനിമാ ജീവിതത്തിന് വേണ്ടി മാറ്റിവെച്ചത്. തിരിച്ചറിയപ്പെട്ടതും അല്ലാതെയുമായി നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തു. മലയാള പ്രേക്ഷകര്‍ക്ക് പെട്ടെന്ന് ഓര്‍മ്മ വരുന്ന കുറച്ച് പ്രധാനപ്പെട്ട കഥാപാത്രങ്ങളുണ്ട്.ജെയിംസ് വില്ലന്‍ കഥാപാത്രത്തിന്റെ രൂപവും ഭാവവും പ്രകടമാക്കിയ ചിത്രമാണ് ജയറാം നായകനായ മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രം. അതില്‍ നായികയായ ശോഭനയുടെ ഫെയ്ക്ക് അണ്ണനായി എത്തുന്ന നെഗറ്റീവ് റോള്‍ അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു. പത്രം സിനിമയിലെ അരവിന്ദനാണ് മറ്റൊന്ന്. സിനിമലുടനീളം ജെയിംസ് നിറഞ്ഞു നിന്നു. ജഗതി ശ്രീകുമാറിന്റെ കെ ആന്‍ കെ ആട്ടോമൊബൈല്‍സ് മലയാളി മനസ്സില്‍ ഉള്ളിടത്തോളം അവിടുത്തെ പണി അറിയാവുന്ന മെക്കാനിക്ക് ജെയിംസും കൂടെ ഉണ്ടാകും.

ആര്‍ട്ട് ആന്റ് പ്രൊഡക്ഷന്‍ മാനേജരായിട്ടാണ് ജെയിംസ് സിനിമയിലെത്തുന്നത്. പിന്നീട് നടന്‍ നെടുമുടി വേണുവിന്റെ മാനേജരായി. അങ്ങനെ മലയാള സിനിമാ വ്യവസായത്തിലേയ്ക്ക് പൂര്‍ണ്ണമായി മാറി. ഒന്നും രണ്ടുമല്ല 150ലധികം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടിട്ടുള്ളത്. മുത്താരം കുന്ന് പിഒ, അരം+അരം കിന്നരം, പാണ്ഡവപുരം, ന്യൂഡല്‍ഹി, സാക്ഷി, വടക്കുനോക്കിയന്ത്രം, പാവം പാവം രാജകുമാരന്‍, സന്ദേശം, വിയറ്റ്‌നാം കോളനി, ഒരു മറവത്തൂര്‍ കനവ്, പട്ടാളം, യെസ് യുവര്‍ ഓണര്‍, പച്ചക്കുതിര തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയാണ് ജെയിംസ് അഭിനയ രംഗത്ത് ചുവടുറപ്പിക്കുന്നത്. ശ്രീകുമാരന്‍ തമ്പി ആയിരുന്നു സിനിമയുടെ സംവിധായകന്‍. ചാത്തൂട്ടി (മഹായാനം), പാപ്പി (സംഘം), ഗോപാലപിള്ള (വിറ്റ്‌നസ്), മമ്മൂട്ടിയുടെ സുഹൃത്ത് (ഒരു മറവത്തൂര്‍ കനവ്), ജോര്‍ജ്ജ് (കളിക്കളം), മുത്തു (സൂര്യമാനസം) തുടങ്ങിയവയാണ് എടുത്തു പറയേണ്ട കഥാപാത്രങ്ങള്‍.ജോഷി, ലാല്‍ജോസ് തുടങ്ങിയ സംവിധായകരുടെ സിനിമയിലെ എപ്പോഴത്തെയും സാന്നിധ്യമായിരുന്നു ജെയിംസ്.

കെ ആന്‍ കെ ആട്ടോമൊബൈല്‍സിലെ പണി അറിയാവുന്ന മെക്കാനിക്ക്, പത്രത്തിലെ നെഗറ്റീവ് കഥാപാത്രമായ അരവിന്ദന്‍ തുടങ്ങിയവയൊക്കെയാണ് അരവിന്ദന്റെ കുടുംബാംഗങ്ങളുടെയും ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍. മോഹന്‍ലാലുമായി നിരവധി കോമ്പിനേഷന്‍ സീനുകളുള്ള കഥാപാത്രമായിരുന്നു മെക്കാനിക്കിന്റേത്.അതുപോലെ അരവിന്ദനും മുരളി, മഞ്ചുവാര്യര്‍ താരങ്ങളോടൊപ്പം നിന്ന് തകര്‍ത്ത് അഭിനയിച്ചു. പക്ഷേ, ഇതൊക്കെ മലയാളി ശ്രദ്ധിക്കുന്നത് പട്ടാളം പുരുഷുവിലൂടെയാണ്. ഹാസ്യ നടന്റെ യാതൊരുവിധ ചലനങ്ങളും ഭാവങ്ങളും ഇല്ലാതെ തന്നെ പുരുഷു ഇന്നും മലയാളിയെ ചിരിപ്പിക്കുന്നുണ്ട്. ഭാര്യ ജിജി ജെയിംസ്, മക്കളായ ജിക്കു ജെയിംസ്, ജിലു ജെയിംസ് എന്നിവരായിരുന്നു ജെയിംസിന്റെ കരുത്ത്. 2007ലാണ് ഈ കലാകാരന്‍ ലോകത്തോട് വിടപറഞ്ഞത്. കടുത്തുരുത്തിയിലെ സഹോദരന്റെ വീട്ടില്‍ വെച്ച് ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം.