തിയറ്റര്‍ കട്ടില്‍ ഇല്ലാതിരുന്ന ചില രംഗങ്ങള്‍ ഒടിടി പതിപ്പില്‍ ; ‘പഠാന്‍’ സ്ട്രീമിംങ് ആരംഭിച്ചു
1 min read

തിയറ്റര്‍ കട്ടില്‍ ഇല്ലാതിരുന്ന ചില രംഗങ്ങള്‍ ഒടിടി പതിപ്പില്‍ ; ‘പഠാന്‍’ സ്ട്രീമിംങ് ആരംഭിച്ചു

ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. ഫെബ്രുവരി 21ന് 1000 കോടി ക്ലബില്‍ എത്തിയ ‘പഠാന്‍’ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്നലെ അര്‍ധരാത്രിയോടെ പ്രദര്‍ശനം തുടങ്ങി. ബോളിവുഡ് ബോക്‌സ് ഓഫീസില്‍ ചരിത്രവിജയം നേടിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ അതിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകരെല്ലാം വന്‍ ആകാംഷയിലാണ്. തിയറ്ററുകളില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം ഒടിടിയില്‍ എത്തിയപ്പോഴും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. #PathaanOnPrime എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിട്ടുമുണ്ട്. നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നത് പ്രകാരം തിയറ്റര്‍ കട്ടില്‍ ഇല്ലാതിരുന്ന ചില രംഗങ്ങള്‍ ഒടിടി പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 500 കോടിയും ആഗോള ബോക്സ് ഓഫീസില്‍ 1000 കോടിയും പിന്നിട്ട ചിത്രം തിയേറ്ററുകളില്‍ 50 ദിവസവും പൂര്‍ത്തിയാക്കി. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ജനുവരി 25നാണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ റിലീസ് ചെയ്തത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണ്‍ എബ്രാഹം വില്ലന്‍ വേഷത്തിലുമെത്തുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി വിതരണാവകാശം വിറ്റുപോയത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോണ്‍ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നല്‍കിയത്. സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

റിലീസിന് മുമ്പ് പഠാനിലെ ഗാനരംഗത്ത് ദീപിക പദുക്കോണ്‍ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടര്‍ന്ന് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്ന് സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തെത്തുകയും സിനിമ റിലീസ് ചെയ്ത ദിവസം വിവിധ ഭാഗങ്ങളില്‍ ചില സിനിമാ തിയേറ്ററുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സകല വിവാദങ്ങളും കാറ്റില്‍ പറത്തികൊണ്ടാണ് ബോളിവുഡ് ഇന്നുവരെ കാണാത്ത വിജയവുമായി പഠാന്‍ മുന്നേറുന്നത്.