പുതിയ റിലീസുകള്‍ എത്തിയിട്ടും മികച്ച കളക്ഷന്‍ നേടി ഏഴാം വാരവും ‘പഠാന്‍’ മുന്നേറുന്നു
1 min read

പുതിയ റിലീസുകള്‍ എത്തിയിട്ടും മികച്ച കളക്ഷന്‍ നേടി ഏഴാം വാരവും ‘പഠാന്‍’ മുന്നേറുന്നു

ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. ഫെബ്രുവരി 21ന് 1000 കോടി ക്ലബില്‍ എത്തിയ ‘പഠാന്‍’ കുതിപ്പ് തുടരുകയാണ്. തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. തൂ ഛൂട്ടീ മേം മക്കാര്‍ അടക്കം ബോളിവുഡില്‍ നിന്നുള്ള പുതിയ റിലീസുകള്‍ എത്തിയിട്ടും വിജയപ്പകിട്ടിന് മങ്ങലേല്‍ക്കാതെയുള്ള കളക്ഷന്‍ ചിത്രത്തിന് ഇപ്പോഴും നേടാനാവുന്നുണ്ട് എന്നതാണ് കൌതുകം.

ഇക്കഴിഞ്ഞ വാരാന്ത്യത്തിലും ചിത്രം മികച്ച കളക്ഷനാണ് ചിത്രം നേടിയത്. വെള്ളി 1.05 കോടി, ശനി 2.05 കോടി, ഞായര്‍ 2.55 കോടി, തിങ്കള്‍ 75 ലക്ഷം, ചൊവ്വ 1.25 കോടി, ബുധന്‍ 70 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. പഠാന്റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 519 കോടിയാണ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഭാഷാ പതിപ്പുകള്‍ ഇതുവരെ നേടിയിട്ടുള്ളത് 18.49 കോടിയാണ്. എല്ലാ ഭാഷാ പതിപ്പുകളും ചേര്‍ത്തുള്ള ഇന്ത്യന്‍ കളക്ഷന്‍ 537.49 കോടി ആണെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് അറിയിക്കുന്നു. ബാഹുബലി 2 ഹിന്ദി പതിപ്പിനെ മറികടന്ന് പഠാന്‍ മുന്നേറുകയാണ്. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ നിലവിലെ സ്ഥാനങ്ങള്‍ ഇപ്രകാരമാണ്. 1 പഠാന്‍, 2 ബാഹുബലി 2 ഹിന്ദി, 3 കെജിഎഫ് 2 ഹിന്ദി, 4 ദംഗല്‍.

ജനുവരി 25നാണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ റിലീസ് ചെയ്തത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണ്‍ എബ്രാഹം വില്ലന്‍ വേഷത്തിലുമെത്തുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി വിതരണാവകാശം വിറ്റുപോയത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോണ്‍ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നല്‍കിയത്. സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.