തമിഴകത്ത് തീ പാറും…. ;പത്തുതലയും, വിടുതലൈ പാര്‍ട്ട് 1 ഉം ക്ലാഷിന്
1 min read

തമിഴകത്ത് തീ പാറും…. ;പത്തുതലയും, വിടുതലൈ പാര്‍ട്ട് 1 ഉം ക്ലാഷിന്

സൂരിയും വിജയ് സേതുപതിയും അഭിനയിക്കുന്ന വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ പാര്‍ട്ട് 1മാര്‍ച്ച് 31 ന് തിയേറ്ററുകളിലെത്തും. ബി ജയമോഹന്റെ തുണൈവന്‍ ചെറുകഥയെ ആസ്പദമാക്കിയാണ് വെട്രിമാരന്‍ ഈ ചിത്രം ഒരുക്കുന്നത്. ഒരു സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. ഇതോടെ സൂരി പ്രധാന വേഷത്തില്‍ എത്തുന്ന വെട്രിമാരന്‍ ചിത്രം ചിമ്പു നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം പത്തു തലയുമായി നേരിട്ട് ക്ലാഷ് വരുകയാണ്. മാര്‍ച്ച് 30നാണ് പത്തു തല റിലീസ് ചെയ്യുന്നത്. വെട്രിമാരന്‍ തന്നെയാണ് വിടുതലൈ പാര്‍ട്ട് 1ന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

വിജയ് സേതുപതി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്. ആര്‍ എസ് ഇര്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ആണ് ചിത്രത്തിന്റെ വിതരണം ചെയ്യുന്നത്. അഭിനേതാക്കളുടെ ഏറ്റവും മികച്ചത് പുറത്തെടുക്കാറുള്ള വെട്രിമാരന്റെ സംവിധാനത്തില്‍ വിജയ് സേതുപതിയും സൂരിയും എങ്ങനെയുണ്ടാവും എന്ന് കണ്ടറിയാനുള്ള ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍.

അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന പത്ത് തല ചിത്രത്തിനായി എ ആര്‍ റഹ്മാന്‍ സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനത്തിന്റെ വീഡിയോ അടുത്തിടെ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സംവിധായകന്‍ ഒബേലി എന്‍ കൃഷ്ണ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചത്. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്‌സ് വന്‍ തുകയ്ക്ക് വിറ്റുപോയതിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ സാമൂഹിക മാധ്യമങ്ങളില്‍ എല്ലാം വൈറലായിരുന്നു. ടീസറില്‍ അതിഗംഭീര സ്‌കോറാണ് റഹ്മാന്‍ പത്ത് തലക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്തായാലും ചിമ്പുവിന് വലിയ പ്രതീക്ഷകളുള്ള ചിത്രമാണ് ‘പത്ത് തല’. ആരാധകരും വന്‍ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.