‘ആകാശദൂത്’ കണ്ട് കരയാത്ത മലയാളികളുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല – ഔസേപ്പച്ചന്‍
1 min read

‘ആകാശദൂത്’ കണ്ട് കരയാത്ത മലയാളികളുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല – ഔസേപ്പച്ചന്‍

സിബി മലയില്‍ സംവിധാനം ചെയ്ത് 1993 ല്‍ തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആകാശദൂത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടത് ആയിരുന്നു. 1993-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ഈ സിനിമ സ്വന്തമാക്കിയിരുന്നു. മുരളി, മാധവി ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, എന്‍എഫ് വര്‍ഗ്ഗീസ്, ബിന്ധു പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതുപോലെ, ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട നാല് ബാലതാരങ്ങളും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ആകാശദൂത് എന്ന സിനിമയെ കുറിച്ച് പറഞ്ഞാല്‍, മലയാളികളുടെ മനസില്‍ എന്നും നൊമ്പരമുണര്‍ത്തുന്ന അപൂര്‍വ്വം സിനിമകളിലൊന്നാണ്. അച്ഛനും അമ്മയും മരിച്ചതിന് ശേഷം നാല് പേരില്‍ 3 സഹോദരങ്ങളും, അവരെ ദത്തെടുത്തവരോടൊപ്പം പോകുമ്പോള്‍ ഒറ്റപെട്ടു പോയ റോണിയുടെ മുഖം… ഒരാള്‍ മാത്രം പള്ളി മുറ്റത്ത് അനാഥനായി നില്‍ക്കുന്ന രംഗം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒന്നാണ്. ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ കരയിപ്പിച്ച സിനിമ ആയിരുന്നു ആകാശദൂത് എന്ന് തന്നെ പറയാം. ഒരുപാട് കാരണങ്ങള്‍ കൊണ്ട് ആ സിനിമ വന്‍ ഹിറ്റായിരുന്നു.

ഇപ്പോഴിതാ ആകാശദൂത് എന്ന ചിത്രത്തെ കുറിച്ച് മനസ് തുറന്ന് സംസാരിക്കുകയാണ് പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. ആകാശദൂത് എന്ന സിനിമ കണ്ട് കരയാത്ത മലയാളികള്‍ ലോകത്തുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ‘തനിക്ക് ഇപ്പോഴും ആകാശദൂതിലെ ചില സീനുകള്‍ കാണുമ്പോള്‍ കരഞ്ഞു പോകും, സിനിമയിലെ ഒരു സീനില്‍ കാലിന് വയ്യാത്ത പയ്യന്‍ അമ്മയോട് എന്റെ കാല് ഇങ്ങനെ ആയത് നന്നായി അല്ലേ… എനിക്ക് അമ്മേടെ കൂടെ ജീവിക്കാലോ.. എന്ന് പറയുന്ന സീന്‍ എനിക്ക് പറഞ്ഞ് അവസാനിപ്പിക്കാന്‍ പറ്റില്ല.. ഞാന്‍ കരഞ്ഞുപോകും’ ഔസേപ്പച്ചന്‍ പറഞ്ഞു. അതുപോലെ, അതിലെ രാപ്പാടി കേഴുന്നുവോ… എന്ന പാട്ടിന്റെ ട്യൂണ്‍ കേട്ടപ്പോള്‍ തന്നെ സംവിധായകന്‍ സിബി മലയില്‍ കരഞ്ഞുപോയെന്നും, ഔസേപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. ആ സിനിമ വന്‍ ഹിറ്റാവാനുള്ള ഒരു പ്രധാന കാരണം രാപ്പാടി കേഴുന്നുവോ…. എന്ന പാട്ടാണെന്നും സിനിമയുടെ ഫുള്‍ ഫീല്‍ ആ പാട്ടിലുണ്ടെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.