Latest News

’90കളിലെ മോഹന്‍ലാലിനെ പോലെ ഇന്ന് ഒരു യൂത്തന്‍ പോലും മലയാളത്തില്‍ ഇല്ല’ എന്ന് ഒമര്‍ ലുലു

മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു ഹാപ്പി വെഡിങ്. 2016ല്‍ ആണ് ചിത്രം റിലീസ് ചെയ്തത്. വാണിജ്യപരമായി വിജയിച്ച ചിത്രമായിരുന്നു അത്. പിന്നീട് ചങ്ക്സ് എന്ന ചിത്രവും, ഒരു അഡാറ് ലവ് എന്ന ചിത്രവും ഒമര്‍ ലുലു സംവിധാനം ചെയ്തു. ഇപ്പോള്‍ ഒമര്‍ ലുലു മോഹന്‍ലാലിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. മോഹന്‍ലാല്‍ തൊണ്ണൂറുകളില്‍ ചെയ്തതു പോലെയുള്ള വിഭിന്ന വേഷങ്ങള്‍ ചെയ്യാന്‍ കെല്‍പ്പുള്ള ഒരു യുവനടന്‍ പോലും മലയാള സിനിമയില്‍ ഇല്ലെന്നാണ് സംവിധായകന്‍ ഒമര്‍ ലുലു പറയുന്നത്. സൂപ്പര്‍ താരങ്ങളുടെ ഡേറ്റിനുവേണ്ടി ഓടാതെ നിര്‍മ്മാതാക്കള്‍ പുതുമുഖങ്ങളെ വച്ച് ചെറിയ ബജറ്റ് പടങ്ങള്‍ ചെയ്താല്‍ മാത്രമേ സിനിമാ വ്യവസായം രക്ഷപ്പെടുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് പവര്‍ സ്റ്റാര്‍. ബാബു ആന്റണി ആണ് അതിലെ നായകന്‍. മുഴുനീള ആക്ഷന്‍ ചിത്രമായാണ് പവര്‍ സ്റ്റാര്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡെന്നീസ് ജോസഫ് ആണ്. ചിത്രത്തില്‍ ബാബുരാജ്, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. നീണ്ട മുടിയും കാതില്‍ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തില്‍ ബാബു ആന്റണി എത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ബാബു ആന്റണി എത്തുന്ന ചിത്രം കൂടിയാണ് പവര്‍ സ്റ്റാര്‍.

 

ഒമര്‍ ലുലുവിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റിക്, എല്ലാസ്റ്റിക്, പച്ചപ്പ്, പ്രകൃതി പടങ്ങള്‍ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആണ്‍പ്പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ല പണ്ടത്തെ 90’ലൈ ലാലേട്ടനെ പോലെ.

നിര്‍മ്മാതാകള്‍ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയില്‍ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യുക. അതും ഫെറ്റ്, ഡാന്‍സ്, കോമഡി, റൊമാന്‍സ് ഒക്കെയുള്ള ചിത്രങ്ങള്‍. അങ്ങനത്തെ പിള്ളരേ കണ്ടെത്തുക. പുതിയ പിള്ളേരുടെ ചിത്രങ്ങളില്‍ പണം മുടക്കുക. മലയാള സിനിമ വളരട്ടെ. പുതിയ തലമുറ വരട്ടെ. മലയാള സിനിമയില്‍ ഈ സൂപ്പര്‍ താരങ്ങളുടെ പിന്നാലെ ബിസിനസ്സ് മാത്രം കണ്ട് ഡേറ്റിനായി ഓടി വല്ല്യ നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയില്‍ താഴെയുള്ള ചെറിയ സിനിമയില്‍ മുതല്‍ മുടക്കുക നിര്‍മ്മാതാക്കള്‍. അങ്ങനെ കുറെ ചിത്രങ്ങള്‍ വന്നാല്‍ സിനിമയില്‍ നിന്ന് അല്ലാത്ത കുറെ കുട്ടികള്‍ക്കും സിനിമാ താരങ്ങളുടെ മക്കള്‍ക്കും ഒക്കെ അവസരം കിട്ടും.

ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്നു. ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേര്‍ സിനിമയില്‍ സെറ്റായി. ഇനിയും ഒരുപാട് പുതിയ കുട്ടികള്‍ വരട്ടെ. മലയാള സിനിമ വളരട്ടെ. സിനിമാ മേഖലയില്‍ നിന്ന് അല്ലാത്ത കഴിവ് ഉള്ള കുട്ടികള്‍ക്ക് അവസരം കിട്ടട്ടെ.