‘ഉള്ള ജോലി നഷ്ടപ്പെടുത്തി സിനിമാക്കാരനാകാന്‍ നോക്കരുത്’; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 1992 ലെ, ആദ്യ വിദേശ അഭിമുഖം വൈറലാവുന്നു!
1 min read

‘ഉള്ള ജോലി നഷ്ടപ്പെടുത്തി സിനിമാക്കാരനാകാന്‍ നോക്കരുത്’; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 1992 ലെ, ആദ്യ വിദേശ അഭിമുഖം വൈറലാവുന്നു!

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ, മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആണ് നാം എല്ലാം സ്‌നേഹത്തോടെ വിളിക്കുന്ന മമ്മൂക്ക. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മഹാനടനാണ് അദ്ദേഹം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. ആ പ്രിയ നടന്റെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ, മമ്മൂട്ടിയുടെ പഴയൊരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.1992 ല്‍ ഖത്തറില്‍ നടന്ന ‘മെഗാസ്റ്റാര്‍ മമ്മൂട്ടി നൈറ്റ്’ എന്ന പേരില്‍ നടന്ന സ്റ്റേജ് ഷോയ്ക്ക് എത്തിയപ്പോള്‍ നടത്തിയ അഭിമുഖത്തിന്റെ വീഡിയോയാണ് അത്. എ.വി.എം ഉണ്ണി നടത്തിയ അഭിമുഖമാണ് യൂ ട്യൂബില്‍ പുറത്തിറങ്ങിയിരിക്കുന്നത്.

അഭിമുഖത്തില്‍, അന്നത്തെ സിനിമാ ചിത്രീകരണത്തെ കുറിച്ചും, സിനിമയിലേക്ക് കടന്നുവരാന്‍ താല്‍പര്യമുള്ള ‘പുതുതലമുറ’ക്ക് വേണ്ടി നല്‍കാനുള്ള പാഠവും മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നുണ്ട്. വെറും സിനിമാ മോഹം കൊണ്ട് മാത്രം ആരും സിനിമയിലേക്ക് വന്ന് അബദ്ധത്തില്‍ ചാടരുതെന്നും, സിനിമയെ കുറിച്ചും, സിനിമാ ചിത്രീകരണത്തെ കുറിച്ചും അറിയാതെ ഉള്ള ജോലി നഷ്ടപ്പെടുത്തി സിനിമാക്കാരനാകാന്‍ നോക്കരുതെന്നും മമ്മൂട്ടി അഭിമുഖത്തിലൂടെ വ്യക്തമാക്കുകയാണ്.

മമ്മൂട്ടിക്കും ഭാര്യക്കുമൊപ്പം ഓടികളിക്കുന്ന കുഞ്ഞു ദുല്‍ഖറിനേയും വീഡിയോയില്‍ കാണാം. കൂടാതെ, നടി ശോഭനയും, നടനായ മുരളിയും, കൊച്ചിന്‍ ഹനീഫയും, സിദ്ദീഖ്, സൈനുദ്ദീന്‍, കുഞ്ചന്‍ തുടങ്ങിയ താരങ്ങളും, സംവിധായകന്‍ ലോഹിതദാസും ആ വീഡിയോയില്‍ വന്നു പോകുന്നതായി കാണാം. അതുപോലെ, ഷോയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ഒരുക്കിയ സ്വീകരണവും ഒമ്പത് മിനിറ്റ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ നടന്‍ കലാഭവന്‍ മണിയുടെ അഭിമുഖവും എ.വി.എം ഉണ്ണി തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു.