‘താന്ത്രിക് മാണിക്യ’, ഹിന്ദിയിൽ റെക്കോർഡടിക്കാൻ ‘ഒടിയൻ’
1 min read

‘താന്ത്രിക് മാണിക്യ’, ഹിന്ദിയിൽ റെക്കോർഡടിക്കാൻ ‘ഒടിയൻ’

മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ ഹിന്ദിയിലും. മൊഴിമാറ്റിയാണ് ചിത്രം ഇറക്കുന്നത്. ഹിന്ദി പതിപ്പിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. പെന്‍ മൂവീസിന്റെ യൂട്യൂബ് ചാനലിലാണ് ട്രെയിലര്‍ റിലീസായിരിക്കുന്നത്. ഇതേ ചാനലിലൂടെ ഈ മാസം 23ന് ഒടിയന്‍ ഹിന്ദി പതിപ്പ് റിലീസ് ചെയ്യും.

വി.എ. ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ നിര്‍വഹിച്ചത് ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്. ഭൂമുഖത്ത് ശേഷിക്കുന്ന അവസാന ഒടിയനായ മാണിക്യന്റെ കഥയാണ് ചിത്രം പറഞ്ഞത്. 14 ഡിസംബര്‍ 2018-ല്‍ റിലീസ് ചെയ്ത ചിത്രം ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തില്‍ നേടി മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച പണംവാരി ചിത്രങ്ങളില്‍ ഇടം നേടുകയും ചെയ്തു.ധ2പഎങ്കിലും സിനിമക്ക് വലിയ രീതിയിലുള്ള ഹാസ്യ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടിവന്നു .

പ്രകാശ് രാജ്, മഞ്ജു വാരിയര്‍, നരേന്‍ , സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.

വാരണാസിയില്‍ നിന്നും ഒടിയന്‍ തേങ്കുറിശ്ശിയിലേക്കു പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തുന്നത് ചിലതു ചെയ്തു കാണിക്കുവാന്‍ വേണ്ടിയാണ്. നാട്ടില്‍ തിരിച്ചെത്തുന്ന ഒടിയന്‍ കാണുന്ന ഓരോരുത്തരില്‍ നിന്നും ഒടിയന്റെ പൂര്‍വ്വകാല കഥകള്‍ പ്രേക്ഷകനു മുന്നിലെത്തുന്നു. എല്ലാവരാലും വെറുക്കപ്പെട്ടു നാട്ടില്‍ നിന്നും ഓടിയൊളിക്കുന്ന ഒടിയന്‍ മടങ്ങിയെത്തുന്നത് എന്തിനെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സിനിമയുടെ ആകെത്തുക. കോലോത്തെ കുട്ടിയോടുള്ള സ്‌നേഹവും കൂറും മനസ്സില്‍ സൂക്ഷിക്കുന്ന ഒടിയനു നാടുവിടേണ്ടി വരുന്നതും ആ സ്‌നേഹത്തിന്റെ പേരിലാണ്.

പ്രണയം കൊണ്ട് മുറിവേറ്റവന്‍ എത്ര മാത്രം അപകടകാരിയാണെന്നതിന് ഉദാഹരണമായി മാറുന്നൊരു കഥാപാത്രമാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്ന രാവുണ്ണി നായര്‍. പല കാലത്തായി നമ്മള്‍ കണ്ട മോഹന്‍ലാല്‍ ചിത്രത്തിലെ വില്ലന്‍ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട് പ്രകാശ് രാജിന്റെ കഥാപാത്രം. നരെയ്ന്‍, ഇന്നസെന്റ്, സിദ്ദീഖ്, നന്ദു, കൈലാഷ് തുടങ്ങിയ താരങ്ങളെല്ലാം കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. മനോജ് ജോഷി, ശ്രീജയ, സനാ അല്‍താഫ് എന്നിവരുടെ അഭിനയം എടുത്തു പറയേണ്ടതാണ്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഒടിയന്റെ കഥ പറഞ്ഞു തുടങ്ങുന്നത്. സ്‌ക്രീന്‍ പ്രെസെന്‍സ് ഇല്ലെങ്കിലും മമ്മൂട്ടിയുടെ ശബ്ദത്തില്‍ ഒടിയന്‍ മാണിക്യന്റെ കഥ ആസ്വാദകരമായിരുന്നു. മോഹന്‍ലാല്‍ ഒടിയനായി കളം നിറഞ്ഞാടി. അതു തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും ആകൃഷ്ടമായ എലമെന്റ്. ചിത്രത്തിലെ 35 വയസ്സുകാരനായ ഒടിയനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ കഴിഞ്ഞ വര്‍ഷത്തെ വലിയ സിനിമ വാര്‍ത്തയായിരുന്നു.

പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനു ദേശീയ അവാര്‍ഡ് നേടിയ പീറ്റര്‍ ഹെയിന്‍ മോഹന്‍ലാലുമായി വീണ്ടുമൊന്നിച്ചപ്പോള്‍ ആ കൂടിച്ചേരല്‍ പ്രേക്ഷകനു അവിസ്മരണീയ കാഴ്ചയായിയെങ്കിലും പുലി മുരുകനോളം മികച്ചതായില്ല. വെളിച്ച ക്രമീകരണവും പശ്ചാത്തല സംഗീതത്തിന്റെ മികവും നിഗൂഡത ഉണ്ടാക്കിയെടുക്കുന്നതില്‍ നിര്‍ണ്ണായകമായി.