“മമ്മൂട്ടിയല്ല, മോഹൻലാൽ തന്നെ നമ്പർ 1”: ശാന്തിവിള ദിനേശ് തൻ്റെ  അഭിപ്രായം വ്യക്തമാക്കുന്നു
1 min read

“മമ്മൂട്ടിയല്ല, മോഹൻലാൽ തന്നെ നമ്പർ 1”: ശാന്തിവിള ദിനേശ് തൻ്റെ അഭിപ്രായം വ്യക്തമാക്കുന്നു

മലയാളത്തിൻ്റെ മഹാ നടൻ മോഹൻലാലിനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മോഹൻലാലിന് പകരം വെക്കാൻ മറ്റൊരാൾ മലയാള സിനിമയിൽ തന്നെ ഇല്ലെന്ന തരത്തിലാണ് ശാന്തിവിള ദിനേശ് തൻ്റെ അഭിപ്രയായ പ്രകടനം നടത്തിയിരിക്കുന്നത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനെക്കുറിച്ച് ശാന്തിവിള ദിനേശ് മനസ് തുറന്നത് . ലാൽ നായകനായ ‘ബംഗ്ലാവിൽ ഔത’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകൾ മുതൽ ഒട്ടേറെ ചിത്രങ്ങൾ സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ യൂട്യൂബിൽ തൻ്റെ സിനിമ കഥകൾ പറയുന്ന ഒരു ചാനൽ നടത്തി വരികയാണ്.

ശാന്തിവിള ദിനേശിൻ്റെ വാക്കുകൾ ഇങ്ങനെ …

മലയാള സിനിമയിലെ അതുല്ല്യ നടനെന്ന് വിശേഷിപിപ്പിക്കാവുന്നതിൽ ഒരാളായിരുന്നു നസീർ സർ. നസീർ സാറിനെയും അഭിനയത്തിൽ കടത്തി വെട്ടിയ ആളാണ് മോഹൻലാൽ. കാണും തോറും കൗതുകം തോന്നുന്ന നടൻ. മോഹൻലാൽ മമമ്മൂട്ടിയെ പോലെ ഹാൻഡ്‌സം അല്ല. മമ്മൂട്ടിയെ പോലെ മനോഹരമായ പൗരുഷമുള്ള ശബ്‌ദം പോലും ഇല്ല. മോഹൻലാലിൻ്റെ പരിമിതികളാണ് അദ്ദേഹത്തിൻ്റെ പ്ലസ് പോയിന്റുകൾ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പോലുള്ള സിനിമകൾ ആളുകളുടെ മനസ്സിൽ ഇപ്പോഴും തങ്ങി നിൽക്കുന്നത് എന്തുകൊണ്ടാണ് ? സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെ നമ്മുക്ക് ഇഷ്ടപ്പെടാറില്ല പക്ഷേ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ അയാളുടെ വില്ലൻ കഥാപാത്രത്തെ പോലും നമ്മൾ ഇഷ്ടപ്പെട്ടു തുടങ്ങി. അതുപോലും അയാളുടെ അഭിനയ ശൈലികൊണ്ടാണ്.

ഏത് പടം കണ്ടു കഴിഞ്ഞാലും നമ്മൾ മോഹൻലാലിനെ കൗതുകത്തോടെ നോക്കി നിൽക്കും. ഉദാഹരണം : ലൂസിഫർ സിനിമ തന്നെ പരിശോധിച്ച് നോക്കു. മമ്മൂട്ടിയും, മോഹൻലാലും, സുരേഷ്ഗോപിയും ഉൾപ്പടെ എത്രയോ പേർ പറഞ്ഞു പോയ അധോലോക കഥകളിലെ നല്ല സീക്ക്വൻസുകൾ ചേർത്തിണക്കിയ സിനിമയാണ് ‘ലൂസിഫർ’. ആന്റണി പെരുമ്പാവൂരിനെ പോലുള്ള നിർമാതാക്കൾ ഇത്തരം സിനിമകൾ എത്ര പണം മുടക്കിയും ഏറ്റെടുക്കാൻ തയാറായിരുന്നു പൃഥ്വിരാജ് ഉൾപ്പടെയുള്ളവർ അത് അഭിനയിച്ച് ഭംഗിയാക്കി. അതെ സമയം ലൂസിഫർ സിനിമ ഒരു ചവറ് പടമാണ് സത്യത്തിൽ. പക്ഷേ അത് എടുത്ത മേക്കിങ്ങ് കൊണ്ടും മോഹൻലാൽ എന്ന നടൻ ഉള്ളതുകൊണ്ടുമാണ് സിനിമ വിജയിച്ചത്.

ഇന്ന് ഏറ്റവും കൂടുതൽ ബിസ്‌നസ് വാല്യൂവും, മാർക്കറ്റ് വാല്യൂവുമുള്ള താരം കൂടിയാണ് മോഹൻലാൽ. നിലവിൽ മലയാള സിനിമയിൽ മോഹൻലാലിന് മാത്രമേ അതുള്ളു. മോഹൻലാലിൻ്റെ ഒരു പടമുണ്ടെന്നും താൻ അത് ഡയറക്ട് ചെയ്യാൻ പോകുന്നു എന്നും, തനിയ്ക്ക് ഡേയ്റ്റ് കിട്ടി എന്നും പറഞ്ഞു കഴിഞ്ഞാൽ 14 കോടി രൂപയുടെ ബിസ്നസാണത്. അതൊരു ചെറിയ കാര്യംമില്ല, സൂപ്പർ സ്റ്റാർ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ അതാണ്. കഴിഞ്ഞ പത്ത് ഇരുപത് വർഷമായി തിയേറ്ററിലേയ്ക്ക് ആളുകളെ വലിച്ച് കയറ്റാൻ കഴിവുള്ള നടനാണ് മോഹൻലാൽ. അതുകൊണ്ട് ഇനിയും കുറേ കാലം മോഹൻലാലിന് അവസരമുണ്ട്. മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം എത്ര നടന്മാർ വന്നു. പണം വാരി വിതറുന്ന ‘ഏകലവ്വ്യൻ’, തലസ്ഥാനം പോലുള്ള സിനിമകൾ ചെയ്തയാളാണ് സുരേഷ് ഗോപി.

ജയറാമും മഴവിൽക്കാവടി പോലുള്ള നിരവധി സിനിമകൾ ചെയ്‌തു. ദിലീപും സിഐഡി മൂസകൾ പോലുള്ള ഒത്തിരി സിനിമകൾ ചെയ്തു. പക്ഷേ ഇവർക്കാർക്കും മോഹൻലിൻ്റെയും മമ്മൂട്ടിയുടേയും റെക്കോർഡ് തകർക്കാൻ കഴിഞ്ഞില്ല. അത് അവരുടെ കഴിവുകൊണ്ടാണ്. മോഹൻലാൽ എന്ന സ്റ്റാറിൻ്റെ അടുത്തെത്താൻ ഇവർക്കാർക്കും കഴിയില്ല. ഇനിയും കഴിയില്ല. സുരേഷ് ഗോപി ഉൾപ്പടെയുള്ളവരെ കണ്ടില്ലേ ഒതുങ്ങി പോയി. ജയറാം ഉൾപ്പടെയുള്ളവർ ഈ മേഖലയിൽ നിന്ന് തന്നെ പോയി. ആകെ ഇപ്പോൾ പിടിച്ച് നിൽക്കുന്നത് ദിലീപ് ഒരാൾ മാത്രമാണ്. എങ്കിലും അടുത്തിടെ ഇറങ്ങിയ അയാളുടെ സിനിമകൾ പരാജയമാണ്. മോഹൻലാലിൻ്റെ നിരവധി സിനിമകൾ തിയേറ്ററിൽ വീണുപോയിട്ടുണ്ടെന്നും എന്നാൽ ആ വീഴ്ചകളെല്ലാം സുരക്ഷിതമാണെന്ന് ഞാൻ പറയുന്നു. വീഴ്ച പറ്റിയാലും അയാളുടെ സിനിമ എല്ലാവരും കാണും. മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്.

അതെ സമയം ഇപ്പം വന്നിരിക്കുന്ന നടന്മാരിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാളാണ് ദുൽഖർ. നല്ല അഭിനയമാണ്. അതുപോലെ ഇഷ്ട്ടപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. ഞാൻ കൊതിക്കുന്നൊരു നടൻ അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്നാണ് എൻ്റെ ആഗ്രഹം. അദ്ദേഹത്തിനൊപ്പം സിനിമയെടുക്കാൻ ഒരു തീയതി തനിയ്ക്ക് ലഭിക്കണമെന്ന് പ്രാർത്ഥിക്കുന്ന ഒരാൾ കൂടിയാണ് ഞാൻ. ഈ രണ്ട് നടന്മാരും നമ്മളെ ഒരുപാട് കൊതിപ്പിക്കുന്നവരാണ്. ഇവരെ രണ്ടുപേരേയും തനിയ്ക്ക് ഒരുപാട് ഇഷ്ടമാണെന്നും ദിനേശ് കൂട്ടിച്ചേർത്തു.