‘ഇപ്പോൾ ബിലാൽ വേണ്ട, ഭീഷ്മ പർവ്വം മതി’; മമ്മൂക്ക പറഞ്ഞത് വെളിപ്പെടുത്തി അമൽ നീരദ്
1 min read

‘ഇപ്പോൾ ബിലാൽ വേണ്ട, ഭീഷ്മ പർവ്വം മതി’; മമ്മൂക്ക പറഞ്ഞത് വെളിപ്പെടുത്തി അമൽ നീരദ്

മ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് ഭീഷ്മപര്‍വ്വം. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് മുതല്‍ ഡയലോഗ് വരെ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴും വന്‍ ചര്‍ച്ചയാണ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ കൂട്ടുകെട്ടിന്റെ ആദ്യ സിനിമയായ ബിഗ്ബി തിയേറ്ററുകളില്‍ വന്‍ ഓളമാണ് ഉണ്ടാക്കിയത്. ബിലാല്‍ എന്നചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുമ്പോള്‍ ആയിരുന്നു അമല്‍ നീരദ് ഭീഷ്മ പര്‍വ്വവുമായി വന്നത്. ഷൂട്ടിംഗിന് ദിവസങ്ങള്‍ക്ക് മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും ബിലാല്‍ നിര്‍ത്തിവെക്കുന്നതും.

ഭീഷ്മപര്‍വ്വം തിയേറ്ററുകളില്‍ മികച്ച് പ്രതികരണങ്ങളോടെ മുന്നേറുമ്പോള്‍ സിനിമാ പ്രേമികള്‍ക്ക് അറിയേണ്ടത് ഇനി എന്നാണ് ബിലാല്‍ വരുന്നതെന്നാണ്. ഇതിനുള്ള മറുപടിയുമായാണ് അമല്‍ നീരദ് എത്തിയിരിക്കുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അമല്‍ നീരദ് മനസ് തുറന്നിരിക്കുന്നത്. 2020 മാര്‍ച്ച് 15 ന് ഷൂട്ട് ആരംഭിക്കാനിരുന്ന ചിത്രമായിരുന്നു ബിലാല്‍. എന്നാല്‍ കോവിഡ് മഹാമാരി വന്ന് പ്ലാനുകളെല്ലാം ഫ്‌ലോപ്പായി. കോവിഡ് മാറിയതിന് ശേഷം ബിലാല്‍ ചെയ്താലോ എന്ന് പറഞ്ഞപ്പോള്‍ ഭീഷ്മ മതിയെന്ന് പറഞ്ഞത് മമ്മൂക്കയാണെന്നും അമല്‍ നീരദ് പറയുന്നു.

കോവിഡ് വന്നപ്പോള്‍ ബിലാലിന് പകരം ചെറിയ സിനിമ എന്തെങ്കിലും ചെയ്താലോ എന്ന് ഞാനും മമ്മൂക്കയും കൂടി ആലോചിച്ചു. രണ്ട് മൂന്ന് കഥാപാത്രങ്ങള്‍ മാത്രമുള്ള ഒരു ചെറിയ ചിത്രമായിരുന്നു അത്. ബിലാല്‍ പോലൊരു വലിയ ചിത്രം അനൗണ്‍സ് ചെയ്തിട്ട് ഇങ്ങനെയൊരു ചിത്രം ചെയ്താല്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ ഞാന്‍ മമ്മൂക്കയോട് വേറെ രണ്ട് ആശയങ്ങള്‍ കൂടി പറഞ്ഞു. അതിലൊന്നില്‍ ഗള്‍ഫില്‍ ഷൂട്ട് ചെയ്യേണ്ട ഭാഗങ്ങള്‍ ഉണ്ടായിരുന്നു. രണ്ടമാത്തെ ആശയത്തില്‍ കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ചെയതെടുക്കാവുന്നതുമായിരുന്നു. മമ്മൂക്കയ്ക്ക് അത് ഇഷ്മാവുകയും അതാണ് ഭീഷ്മപര്‍വ്വമെന്നും അമല്‍ കൂട്ടിച്ചേര്‍ത്തു.

ഈ സിനിമയുടെ വണ്‍ ലൈന്‍ ഒന്നു രണ്ട് വര്‍ഷം മുന്നേ മമ്മൂക്കയോട് പറഞ്ഞിരുന്നു. ഈ കഥയുമായി മുന്നോട്ട് പോയി എഴുത്തൊക്കെ പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ കോവിഡ് കുറഞ്ഞു. അന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു ‘സര്‍ എല്ലാവരും തുറക്കുകയാണ് എന്നാല്‍പിന്നെ നമുക്ക് ബിലാലുമായി മുന്നോട്ട് പോയാലോ’ എന്ന്. പക്ഷേ മമ്മൂക്കയുടെ മറുപടി ഇതായിരുന്നു ‘ എനിക്ക് ഇപ്പോ ഇതാടോ എക്‌സൈറ്റ്‌മെന്റ്. നമുക്കിപ്പോ ഇതു ചെയ്യാം’ എന്നായിരുന്നു. അങ്ങനെ മൈക്കിളപ്പന്‍ ആവാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. താടിയും മുടിയും വളര്‍ത്തി മമ്മൂക്കയെ മൈക്കിളപ്പന്റെ രൂപത്തിലേക്ക് സ്‌റ്റൈല്‍ ചെയ്ത് എടുക്കുകയായിരുന്നു.

ഡയലോഗ് റെന്‍ഡറിങ്ങില്‍ മമ്മൂക്കയ്ക്കുള്ള മികവ് ഇന്ത്യയില്‍ തന്നെ അധികം അഭിനേതാക്കള്‍ക്കില്ലെന്നും അമല്‍ നീരദ് പറയുന്നു. ബിഗ് ബിയിലെയും ഭീഷ്മയിലെയും അനുഭവങ്ങള്‍ വച്ച് എനിക്ക് പറയാന്‍ പറ്റുന്ന ഒന്നുണ്ട്. മമ്മൂക്കയ്ക്കായി തിരക്കഥ എഴുതുമ്പോള്‍ വെറുതെ ഒരു സംഭാഷണം അങ്ങ് എഴുതിയാല്‍ മതി. മമ്മൂക്ക അത് ഡയലോഗ് ആക്കി മാറ്റിക്കോളും. അദ്ദേഹത്തിന് ഒരു ഡയലോഗിനെ എവിടെ മുറിക്കണമെന്നും മോഡുലേറ്റ് ചെയ്യണമെന്നും നന്നായി അറിയാം. ‘കൊച്ചി പഴയ കൊച്ചിയല്ല’, ‘ബോംബേക്കാരാ, ജാവോന്ന് പറയണം’ ഈ ഡയലോഗുകളെല്ലാം കയ്യടി നേടണമെന്ന് വിചാരിച്ച് എഴുതുന്നതല്ല. മമ്മൂക്ക അത് പറയുമ്പോഴാണ് കയ്യടിക്കേണ്ടതായി മാറുന്നത്.

ബോബേക്കാരാ ജാവോ എന്നുള്ള ഡയലോഗ് പറയുമ്പോള്‍ മമ്മൂക്ക കസേരയില്‍ കാലിന്‍മേല്‍ കാലുവെച്ച് ആടുന്ന ഒരു സീനുണ്ട്. അത് കാണുമ്പോള്‍ സിംപിള്‍ ആണേലും അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. എന്നെക്കൊണ്ട് ആ കസേരയില്‍ ഇരിക്കാന്‍ പോലും പറ്റില്ല. ശരീരം അത്രമേല്‍ വരുതിയിലുള്ള ഒരാള്‍ക്കേ അദ്ദേഹം ചെയ്തതു പോലെ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ബിഗ്ബിയില്‍ കൊച്ചി ഭാഷയാണ് സംസാരിക്കുന്നത്. എന്നാല്‍ ആ ഭാഷ സൈലിയല്ല മൈക്കിളപ്പന്‍ സംസാരിക്കുന്നത്. അദ്ദേഹത്തിന് കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള ഭാഷ ശൈലികള്‍ അനായാസം വഴങ്ങുമെന്നും അമല്‍ വ്യക്തമാക്കുന്നു.

ഭീഷ്മയില്‍ രണ്ടാമത്തെ ഫൈറ്റ് സീനിന്റെ ആദ്യം ഒരു ഡയലോഗ് കഴിഞ്ഞുള്ള മമ്മൂക്കയുടെ ഒരു സൈക്കോ ചിരിയുണ്ട്. ഒരുപാട് ആളുകള്‍ ആ ചിരിയെക്കുറിച്ച് പറയുന്നത് കേട്ടു. ആ ചിരി ഞാന്‍ പറഞ്ഞിട്ട് മമ്മൂക്ക ചെയ്തതല്ല. അദ്ദേഹം സ്വയം അങ്ങനെ ചെയ്തതാണ്. അദ്ദേഹത്തിന്റെ ഒരുപാട് നല്ല ഭാവങ്ങള്‍ ചിത്രത്തിലുണ്ട്. അതുപൊലെ ഇതുവരെ കാണാത്ത മമ്മൂക്കയെ ചിത്രത്തില്‍ പ്രസന്റ് ചെയ്യണമെന്നാണ് ഏതൊരു സംവിധായകന്‍ ആഗ്രഹിക്കുന്നതുപൊലെ ഞാനും ആഗ്രഹിക്കുന്നതെന്നും അമല്‍ വ്യക്തമാക്കി.