മലയാള സിനിമയില്‍ വീണ്ടും താരപ്പൊരിന് കളമൊരുങ്ങുന്നു ; നിവിന്‍ പോളി ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ ചിത്രവും
1 min read

മലയാള സിനിമയില്‍ വീണ്ടും താരപ്പൊരിന് കളമൊരുങ്ങുന്നു ; നിവിന്‍ പോളി ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ ചിത്രവും

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നിവിന്‍ പോളി നായകനായെത്തുന്ന പടവെട്ടും ദീപാവലി റിലീസായാണ് എത്തുന്നത്. മലയാളികളുടെ പ്രിയ സൂപ്പര്‍താരമായ മോഹന്‍ലാലും യുവ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുമുള്ള നിവിന്‍പോളിയുടെയും ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ തീയറ്ററുകളില്‍ ഉത്സവപ്രതിധി സൃഷ്ടിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഒക്‌ടോബര്‍ 21നാണ് ഇരു ചിത്രങ്ങളും തിയേറ്ററുകളില്‍ റിലീസിന് എത്തുന്നത്.

നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പടവെട്ട്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു.

പുലിമുരുകന്‍ എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. പൂര്‍ണ്ണമായും ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. പുലിമുരികന്‍ സമ്മാനിച്ച ദൃശ്യ വിസ്മയവും തീയേറ്റര്‍ എക്സ്പീരിയന്‍സും ഇന്നും ഓര്‍മ്മകളിലുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം മോണ്‍സ്റ്റര്‍ വലിയ പ്രതീക്ഷയാണ് മുന്നോട്ടുവെയ്ക്കുന്നത്. ഉദയ് കൃഷ്ണന്റെ തിരക്കഥയില്‍ എത്തുന്ന മോണ്‍സ്റ്റര്‍ ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. മരക്കാരിന് ശേഷം എത്തുന്ന ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം എന്ന പ്രത്യേകതയും മോണ്‍സ്റ്ററിനുണ്ട്.

സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്റണി .കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്‍, ഹണി റോസ്, ലഷ്മി മഞ്ജു, സ്വാസിക എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകര്‍ന്നിരിക്കുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ലക്കി സിംഗ് എന്ന പഞ്ചാബി സിംഗിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ലക്കി സിംഗായി വന്നു നിഗൂഡത പരത്തുന്ന ചിത്രത്തിന്റെ ടീസറിനു ഗംഭീര സ്വീകരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്.