‘ആറാട്ടി’നെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത തെറ്റ്; വിശദീകരണവുമായി സംവിധായകൻ, ആരാധകർക്ക് നിരാശ
1 min read

‘ആറാട്ടി’നെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത തെറ്റ്; വിശദീകരണവുമായി സംവിധായകൻ, ആരാധകർക്ക് നിരാശ

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം അവസാന ഘട്ട ജോലികളും പൂർത്തിയാക്കുകയാണ്. റിലീസ് തീയതി മുൻപ് പ്രഖ്യാപിച്ചുവെങ്കിലും കൊറോണാ വൈറസ് വ്യാപനം അതിതീവ്രമായി വന്നതോടെ തിയേറ്റർ തുറക്കുന്ന തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറുകയുണ്ടായി. എന്നാൽ കഴിഞ്ഞ ദിവസം സർക്കാരിന്റെ ഭാഗത്തുനിന്നും തിയേറ്ററുകൾ ഉടൻതന്നെ തുറക്കാനുള്ള തീരുമാനം ഉണ്ടായേക്കാമെന്ന് സൂചനകൾ ലഭിച്ചതോടെ ആറാട്ട് അടക്കമുള്ള നിരവധി ചിത്രങ്ങളുടെ റിലീസിങ്ങിനെക്കുറിച്ചുള്ള പുതിയ വാർത്തകളും ചർച്ചകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. ചിത്രത്തിന്റെ ടീസറുകൾ വലിയ സ്വാധീനമാണ് ആരാധകർക്കിടയിൽ നടത്തിയത്. അതുകൊണ്ടുതന്നെ ചിത്രം തിയേറ്ററിൽ വലിയ രീതിയിൽ ആഘോഷമാക്കാൻ തന്നെയാണ് ആരാധകരുടെ തീരുമാനം. ഏറെനാളായി തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നതിനാൽ മികച്ചൊരു തിയേറ്റർ എക്സ്പീരിയൻസ് തന്നെ അനുഭവിക്കാൻ പ്രേക്ഷക ലക്ഷങ്ങൾ ആണ് കാത്തിരിക്കുന്നത്. തിയേറ്ററുകൾ തുറന്നാൽ ഉടൻതന്നെ ആറാട്ട് എന്ന ചിത്രം റിലീസ് ചെയ്യുമെന്ന വാർത്ത വ്യാപകമായി പ്രചരിച്ചതോടെ ചിത്രത്തിലെ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹം തന്നെ ഫേസ്ബുക്ക് പേജിലൂടെയാണ് നിലവിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് പോസ്റ്റ് പങ്കുവെച്ചത്.

വലിയ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തിൽ പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാൻ അതിഥിതാരമായി എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ച് വലിയ രീതിയിലുള്ള പബ്ലിസിറ്റി നടന്നു കഴിഞ്ഞു. നിലവിൽ പ്രചരിക്കുന്ന റിലീസ് വാർത്തകളെ തള്ളിക്കളഞ്ഞുകൊണ്ട് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ;”ആറാട്ട്‌” ഒക്റ്റോബറിൽ റിലിസ്‌ ചെയ്യുന്നു എന്ന വാർത്ത തെറ്റാണ്‌. ചിത്രത്തിന്റെ റിലിസ്‌ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.”. ചിത്രത്തിന്റെ സംവിധായകന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു വിശദീകരണം ലഭിച്ചതോടെ ആരാധകർ കടുത്ത നിരാശയിലാണ്. തിയേറ്ററുകൾ തുറക്കുന്നതിനെ സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്നും കൃത്യമായ വിശദീകരണം വന്നുവെങ്കിൽ മാത്രമേ സിനിമകൾ റിലീസ് ചെയ്യുന്ന കാര്യത്തെക്കുറിച്ച് ചലച്ചിത്ര പ്രവർത്തകർക്കും തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ.

Leave a Reply