അച്ഛന് ശേഷം ഇനി മകനോടൊപ്പം; അഖിൽ – ഫഹദ് കോമ്പോയുടെ ‘പാച്ചുവും അത്ഭുതവിളക്കും’ തിയേറ്ററിലേക്ക്
1 min read

അച്ഛന് ശേഷം ഇനി മകനോടൊപ്പം; അഖിൽ – ഫഹദ് കോമ്പോയുടെ ‘പാച്ചുവും അത്ഭുതവിളക്കും’ തിയേറ്ററിലേക്ക്

മലയാളികൾക്ക് മികച്ച കുടുംബചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. മലയാള സമൂഹത്തിലെ മധ്യവർഗ വിഭാഗത്തിന്റെ നേർക്കാഴ്ചകളൊപ്പിയെടുത്ത് സ്ക്രീനിലെത്തിച്ച സംവിധായകൻ കൂടിയാണ് സത്യൻ അന്തിക്കാട്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് സത്യൻ അന്തിക്കാട് മലയാളത്തിന്റെ അഭിമാനം നടനായ ഫഹദ് ഫാസിലിന്റെ ഒപ്പം അലസനും ഉടായിപ്പ് വഴികളിലൂടെ രക്ഷപെടാൻ ശ്രമിക്കുന്നവനുമൊക്കെയായ സാധാരണ നാട്ടിൻ പുറത്തുകാരൻ പ്രകാശന്‍റെ മോഹങ്ങളേയും മോഹഭംഗങ്ങളേയും സംഭവ ബഹുലമായ അവന്റെ ജീവിതത്തെ തന്നേയും ‘ഞാൻ പ്രകാശനി’ലൂടെ പ്രേക്ഷകർക്ക് മുന്നിൽ സമ്മാനിക്കുകയുണ്ടായി.

ഇപ്പോഴിതാ പ്രകാശനിറങ്ങി അഞ്ച് വർഷങ്ങൾ പിന്നിടുന്ന വേളയിൽ സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യൻ ഫഹദ് ഫാസിലിനെ നായകനാക്കിയൊരുക്കിയിരിക്കുന്ന പുതിയ ചിത്രം ‘പാച്ചുവും അത്ഭുത വിളക്കും’ ഏപ്രിൽ 28ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ് . ചിത്രത്തിൽ ഫഹദിനോടൊപ്പം ഇന്നസെന്‍റും മുകേഷും നന്ദുവും ഇന്ദ്രൻസും അൽത്താഫും മറ്റു കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ഫഹദ് ഫാസിലിന്റെ ഏറെനാൾക്ക് ശേഷമുള്ള കുസൃതിയൊളിപ്പിച്ചുള്ള വേഷമായിരിക്കും ഈ സിനിമയിൽ കാണാൻ കഴിയുക. ചിത്രത്തിൽ ഫഹദ് ഫാസിൽ നർമ്മ പ്രധാനമായ ഒരു കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.

ഫഹദിന്റെ ഒപ്പം വിജി വെങ്കടേഷ്, ധ്വനി രാജേഷ്, വിനീത്, പീയൂഷ് കുമാർ, മോഹൻ ആകാഷെ, ഛായാ കദം, അഞ്ജന ജയപ്രകാശ്, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ എന്നീ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. സത്യൻ അന്തിക്കാടിന്‍റെ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി മുമ്പ് അഖിൽ സത്യം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് ആയി പവ്രർത്തിച്ചിട്ടുമുണ്ട്. ദാറ്റ്സ് മൈ ബോയ് എന്ന പേരിൽ ഒരു ഡോക്യുമെന്‍ററിയും ഷോര്‍ട്ട് ഫിലിമും മുൻപ് സംവിധാനം ചെയ്‍തിട്ടുണ്ട്.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് ചിത്രം നിർമിക്കുന്നത്. തിയേറ്ററുകളിലെത്തിക്കുന്നത് കലാസംഗം റിലീസാണ് . ഛായാഗ്രഹണം ശരൺ വേലായുധൻ . സംഗീതം ജസ്റ്റിൻ പ്രഭാകരൻ . പ്രൊഡക്ഷന്‍ ഡിസൈന്‍: രാജീവന്‍, അസോസിയേറ്റ് ഡറക്ടർ: ആരോൺ മാത്യു, വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, സൗണ്ട് ഡിസൈനർ: അനിൽ രാധാകൃഷ്ണൻ, ആർട്ട് ഡറക്ടർ: അജിത് കുറ്റിയാനി, സ്റ്റണ്ട്: ശ്യാം കൗശൽ, സൗണ്ട് മിക്സ്: സിനോയ് ജോസഫ്, സ്റ്റിൽസ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മേയ്ക്കപ്പ്: പാണ്ഡ്യൻ, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.