‘ലിജോയുടെ ബെസ്റ്റ് വര്‍ക്ക്, മമ്മൂട്ടിയുടെ ടോപ് 15 ല്‍ വെക്കാവുന്ന പെര്‍ഫോമന്‍സ്’; പ്രേക്ഷക ഹൃദയം കവര്‍ന്ന് നന്‍പകല്‍ നേരത്തു മയക്കം
1 min read

‘ലിജോയുടെ ബെസ്റ്റ് വര്‍ക്ക്, മമ്മൂട്ടിയുടെ ടോപ് 15 ല്‍ വെക്കാവുന്ന പെര്‍ഫോമന്‍സ്’; പ്രേക്ഷക ഹൃദയം കവര്‍ന്ന് നന്‍പകല്‍ നേരത്തു മയക്കം

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരും ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടും മലയാളത്തിന്റെ മെഗാസ്റ്റാറും അദ്ദേഹത്തിന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടും തന്നെയാണ് സിനിമാ പ്രേമികള്‍ക്ക് ഇത്ര ആവേശത്തിനുള്ള കാരണമായത്. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇന്നലെ മുന്നരയ്ക്കുള്ള പ്രദര്‍ശനത്തിന് റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റുകള്‍ പിടിക്കാന്‍ രാവിലെ മുതല്‍ നീണ്ട നിരയായിരുന്നു അനുഭവപ്പെട്ടത്. കാത്തുനിന്ന പ്രേക്ഷകര്‍ക്ക് കാഴ്ച്ചയുടെ വിസ്മയം തീര്‍ത്തുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

‘ലിജോയുടെ ബെസ്റ്റ് വര്‍ക്ക്, മമ്മൂട്ടിയുടെ ടോപ് 15 ല്‍ വെക്കാവുന്ന പെര്‍ഫോമന്‍സ്, എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടം ആവും രീതിയിലാണ് പടം. എന്ത് കൊണ്ടും ഈ വര്‍ഷം മെഗാ ഇയര്‍ ഫോര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നാണ് ചിത്രം കണ്ടതിന് ശേഷം ആല്‍മണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘മലയാളമെന്നല്ല ലോക സിനിമയില്‍ പോലും ഇത്ര തന്മയത്വത്തോടെ ഈ വേഷം ചെയ്യാനാവില്ല’ , ‘ഒരു വര്‍ഷം. ഒരു മനുഷ്യന്‍. ഒരുപാട് ഗേറ്റപ്പുകള്‍. ഒട്ടനേകം കഥാപാത്രങ്ങള്‍, അതും ഒരു തരത്തിലും ഒരേപോലെ എന്ന് പറയാന്‍ പറ്റാത്തത്. മഹാനടന്‍ എന്ന് വിളിക്കുന്നത് വെറുതെ അല്ല.’ എന്നെല്ലാമാണ് സോഷ്യല്‍ മീഡിയകളില്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ നിര്‍മ്മാണം. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യന്‍, അശോകന്‍, വിപിന്‍ അറ്റ്‌ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘അമര’ത്തിനു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. എസ് ഹരീഷാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. തേനി ഈശ്വരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

2021ല്‍ വര്‍ഷം നവംബര്‍ 7ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു ‘നന്‍പകല്‍ നേരത്ത് മയക്കത്തി’ന്റെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്‌നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ചിത്രത്തിനുവേണ്ടി കെ പി മുരളീധരന്‍ വരച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്‌സ് ഫസല്‍ എ ബക്കര്‍.