‘അമ്മ ഇത് പെരിയ അവാര്‍ഡ്’! ‘നഞ്ചിയമ്മയുടെ മനസ്സിലെ നന്മയ്ക്ക് കിട്ടിയ അവാര്‍ഡ്’ ; ഇനിയും ആ അമ്മയ്ക്ക് അംഗീകാരങ്ങള്‍ ലഭിക്കട്ടെയെന്ന് ആശംസിച്ച് ശരത്
1 min read

‘അമ്മ ഇത് പെരിയ അവാര്‍ഡ്’! ‘നഞ്ചിയമ്മയുടെ മനസ്സിലെ നന്മയ്ക്ക് കിട്ടിയ അവാര്‍ഡ്’ ; ഇനിയും ആ അമ്മയ്ക്ക് അംഗീകാരങ്ങള്‍ ലഭിക്കട്ടെയെന്ന് ആശംസിച്ച് ശരത്

‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച നഞ്ചിയമ്മയ്ക്ക് ആശംസകളുമായി ഒരുപാട് പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ, സംഗീത സംവിധായകന്‍ ശരത്ത് ആ അമ്മയ്ക്ക് ആശംസകള്‍ അറിയിച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത് ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ പുരസ്‌കാരമാണെന്നും, അത് നഞ്ചിയമ്മയ്ക്ക് തന്നെ ലഭിച്ചതില്‍ വളരെ അധികം സന്തോഷമുണ്ടെന്നും ശരത്ത് പറഞ്ഞു. ഈ അടുത്ത കാലത്ത് സ്റ്റാര്‍ സിംഗറില്‍ നഞ്ചിയമ്മ വന്നിരുന്നെന്നും. നമുക്ക് വേണ്ടി ആ വേദിയില്‍ വെച്ച് പാട്ട് പാടിയെന്നും, അമ്മ വെറും പാവമാണ്.. പഞ്ചപാവം.. അമ്മയുടെ മനസ്സില്‍ വേറെ ഒന്നും ഇല്ല. എന്നും ശരത്ത് പറയുന്നു.

ആ അമ്മയ്ക്ക് ആത്മാര്‍ത്ഥ സ്നേഹമാണ്.. ഇതെല്ലാം അമ്മയെ കണ്ടപ്പോള്‍ തനിക്ക് മനസ്സിലായെന്നും, മനസ്സില്‍ കുറേ നന്മയുള്ള ഒരു അമ്മയാണ് നഞ്ചിയമ്മയെന്നുമാണ് ശരത്ത് പറയുന്നത്. ഈ ദേശീയ പുരസ്‌കാരം ആ അമ്മയുടെ മനസ്സിലെ നന്മയ്ക്ക് കിട്ടിയ പുരസ്‌കാരമാണ്. അമ്മേ ഒരുപാട് സന്തോഷം. എന്തായാലും പാടി കലക്കി.. അമ്മയ്ക്ക് ഇനിയും അംഗീകാരങ്ങള്‍ ലഭിക്കട്ടെയെന്ന ആശംസയും ശരത്ത് അറിയിച്ചു. നഞ്ചിയമ്മ എപ്പോള്‍ പാടാന്‍ പറഞ്ഞാലും റെഡിയാണ്. ദേശീയ അവാര്‍ഡിന്റെ മൂല്യം തന്നെ അമ്മയ്ക്ക് അറിയാമോ എന്ന് അറിയില്ല. എന്നിരുന്നാലും അമ്മയെ ഒരുപാട് സ്നേഹിക്കുന്നു. കെട്ടിപ്പിടിച്ച് ഒരു ഉമ്മ… എന്നാണ് ശരത്ത് വീഡിയോയിലൂടെ പങ്കുവെച്ചത്.

അതേസമയം, നഞ്ചിയമ്മയ്ക്ക് ഈ അവാര്‍ഡ് നല്‍കിയതില്‍ എതിര്‍പ്പുമായി സംഗീതജ്ഞന്‍ ലിനുലാല്‍ രംഗത്ത് എത്തിയിരുന്നു. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും, നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് പുതിയൊരു സോങ് കമ്പോസ് ചെയ്ത് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും, അവര്‍ക്ക് ഒരാഴ്ചയോ ഒരുമാസമോ കൊടുത്ത് സാധാരണ ഒരു ഗാനം പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ പോലും അവര്‍ക്ക് അത് പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ലിനു ലാല്‍ പറഞ്ഞിരുന്നു.

അതുപോലെ, ഒരു ദിവസം എട്ടും പത്തും പാട്ടൊക്കെ ദാസ് സാറും, ചിത്ര ചേച്ചിയും, മധുബാലകൃഷ്ണനൊക്കെ പാടിപ്പോകും. എന്നാല്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നഞ്ചിയമ്മ പാടിയ ആ ഗാനം 2020 ലെ മികച്ച പാട്ടായി തനിക്ക് തോന്നുന്നില്ലെന്ന് ലിനു ലാല്‍ വീഡിയോയിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ ലിലുലാലിനെതിരെ സംഗീത സംവിധായകരടക്കം നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് വന്നത്.