‘എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഡോക്ടറും സുഹൃത്തുമായിരുന്നു രമ, ഇത്രയുംപെട്ടെന്ന് വിയോഗം പ്രതീക്ഷിച്ചില്ല ; മുകേഷ്
1 min read

‘എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഡോക്ടറും സുഹൃത്തുമായിരുന്നു രമ, ഇത്രയുംപെട്ടെന്ന് വിയോഗം പ്രതീക്ഷിച്ചില്ല ; മുകേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയുമായിരുന്ന ഡോ. രമ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ദീര്‍ഘകാലമായി അസുഖബാധിതയായി ചികിഝയിലായിരുന്നു ജഗദീഷിന്റെ ഭാര്യ. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. ഡോക്ടര്‍ രമ്യയും, ഡോക്ടര്‍ സൗമ്യയും. ഡോ നരേന്ദ്ര നയ്യാര്‍ ഐപിഎസ്, ഡോ പ്രവീണ്‍ പണിക്കര്‍ എന്നിവര്‍ മരുമക്കളാണ്. ഡോ രമയുടെ സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ വെച്ചാണ് നടന്നത്.

രമയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി സിനിമാ രംഗത്തുനിന്നും നിരവധിപേരാണ് എത്തിയത്. മേനക, മുകേഷ്, മണിക്കുട്ടന്‍, തുടങ്ങി നിരവധി താരങ്ങളും എത്തിയിരുന്നു. ചാനല്‍ പരിപാടികളിലോ പൊതുവേദികളിലോ ഒന്നും സജീവമായിരുന്നില്ലെങ്കിലും താരങ്ങള്‍ക്കെല്ലാം രമയുമായും സൗഹൃദമുണ്ടായിരുന്നു. എല്ലാമെല്ലാമായ ഭാര്യ ഇനിയില്ലെന്ന് വിശ്വസിക്കാനാവാതെ തളര്‍ന്നുനില്‍ക്കുന്ന ജഗദീഷിനെ ആശ്വസിപ്പിക്കാനായി മുകേഷും എത്തിയിരുന്നു.

രമയ്ക്ക് അസുഖമാണെന്ന് അറിഞ്ഞിരുന്നെങ്കിലും ഇത്രപെട്ടെന്ന് നമ്മളെയല്ലാം വിട്ട് പോകുമെന്ന് കരുതിയില്ലെന്നായിരുന്നു നടന്‍ മുകേഷ് പ്രതികരിച്ചത്. സിനിമയിലുളള എല്ലാവര്‍ക്കും എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഡോക്ടറും സുഹൃത്തുമെല്ലാമായിരുന്നു ഡോക്ടര്‍ രമയെന്നും മുകേഷ് പറയുന്നു. പല സന്ദര്‍ഭങ്ങളിലും നേരിട്ട് കാണാതെ ഫോണില്‍ക്കൂടി സിനിമയിലുള്ള ഒരുപാട് പേരും ട്രീറ്റ്മെന്റും നിര്‍ദേശങ്ങളുമെല്ലാം ചോദിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാനും ചെയ്തിട്ടുണ്ട്. രോഗ ബാധിതയായിരുന്നെങ്കിലും ഇത്രയും പെട്ടെന്ന് ഒരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

രോഗം ചികിഝിച്ച് മാറ്റാന്‍ കഴിയില്ലെന്ന് ജഗദീഷ് പറയുമായിരുന്നു. എങ്കിലും കുറേക്കാലം കൂടി ജീവിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ജഗദീഷിന്റെ സുഹൃത്തുക്കള്‍ക്കെല്ലാം വളരെ സഹായവും ആശ്വാസവുമായി നിന്ന ഒരു ഡോക്ടറായിരുന്നു രമ. ജഗദീഷന്റെ അടുത്ത സുഹൃത്തെന്ന നിലയില്‍ വളരെയധികം ദുഖമുണ്ട്. ഈ വേര്‍പാട് അതിജീവിക്കാന്‍ ജഗദീഷിനും കുടുംബത്തിനും സാധിക്കട്ടെ, രമയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും മുകേഷ് പറഞ്ഞു.

പ്രമാദമായ പല കേസുകളിലും നിര്‍ണായക കണ്ടെത്തലുകള്‍ നടത്തി ശ്രദ്ധേയയായിരുന്നു ഡോ രമ. അതിസങ്കീര്‍ണമായ കേസുകളിലും നൂറ് ശതമാനം വ്യക്തത വരുത്തിയിരുന്ന ഒരു ഡോക്ടറായിരുന്നു. ഫോറന്‍സിക് രംഗത്തേക്ക് ഇറങ്ങാന്‍ സ്ത്രീകള്‍ മടിച്ചിരുന്ന കാലത്തായിരുന്നു, ഡോ രമയുടെ വരവ്. അഭയക്കേസില്‍ പ്രതി സിസ്റ്റര്‍ സെഫിയെ അറസ്റ്റു ചെയ്ത് മെഡിക്കല്‍ പരിശോധനയ്ക്കു ഹാജരാക്കിയപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനായിരുന്നു.