ഓളവും തീരവും തീരുമാനിക്കും ‘രണ്ടാമൂഴം’ പ്രിയദര്‍ശന്‍ ചെയ്യണോ വേണ്ടയോ എന്ന് ; സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ സജീവ ചര്‍ച്ച
1 min read

ഓളവും തീരവും തീരുമാനിക്കും ‘രണ്ടാമൂഴം’ പ്രിയദര്‍ശന്‍ ചെയ്യണോ വേണ്ടയോ എന്ന് ; സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ സജീവ ചര്‍ച്ച

എം. ടി വാസുദേവന്‍ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമാണ് ‘ഓളവും തിരവും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകനായെത്തുന്നത്. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രധാന കഥാപാത്രമായ ബാപ്പുട്ടിയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. 1960ല്‍ എം.ടിയുടെ തന്നെ രചനയില്‍ പി. എം മേനോന്‍ സംവിധാനം ചെയ്ത് ഇതേ പേരില്‍ സിനിമ റിലീസായിരുന്നു. മധുവും, ഉഷ നന്ദിനിയുമായിരുന്നു അന്ന് പ്രധാന കഥാപാത്രങ്ങളില്‍ എത്തിയത്. ഉഷ നന്ദിനി ചെയ്ത കഥാപാത്രമായെത്തുന്നത് ദുര്‍ഗ കൃഷ്ണയാണ്.

‘ഓളവും തീരവും’ എത്തുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണെന്ന പ്രത്യേകതയുമുണ്ട്. സന്തോഷ് ശിവന്‍ ആണ് ചിത്രത്തിന്റെ ഛായാ?ഗ്രഹണം നിര്‍വ?ഹിക്കുന്നത്. 1960ല്‍ പ്രിയദര്‍ശന്‍ ആദ്യമായി വായിച്ച സ്‌ക്രിപ്റ്റാണ് ഓളവും തീരവും. വലിയ സംവിധായകന്റെ ദീര്‍ഘകാലത്തെ സ്വപ്‌നമായിരുന്നു എംടിയുടെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യുകയെന്നുള്ളത്. പ്രിയദര്‍ശന്റെ ആ പ്രാര്‍ഥന അരനൂറ്റാണ്ടിനുശേഷം തൊടുപുഴയിലെ പുഴയോരത്ത് സഫലമാവുകയാണ്. ഞാന്‍ മോഹിച്ച, എന്നെ ഒരു സംവിധായകനാകാന്‍ മോഹിപ്പിച്ച സിനിമ സംവിധാനംചെയ്യുന്നു എന്നത് ഒരു അനുഗ്രഹമായിട്ടാണ് കാണുന്നതെന്ന് പ്രിയദര്‍ശന്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

ഓളവും തീരവും എന്ന ചിത്രത്തിന് ശേഷം എംടിയുടെ രണ്ടാംമൂഴം എന്ന ചിത്രമായിരിക്കും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാന്‍ പോകുന്നതെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുന്നത്. പ്രേക്ഷകരും സിനിമാപ്രേമികളും ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുകയാണ് ഇക്കാര്യത്തിന്റെ സ്ഥരീകരണത്തിനായി. വി എ ശ്രീകുമാറിന്റെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന ‘രണ്ടാമൂഴം’ മുടങ്ങിപ്പോയിരുന്നു. എംടിക്കും ശ്രീകുമാറിനും ഇടയിലുണ്ടായ നിയമതര്‍ക്കത്തിനു പിന്നാലെ ചിത്രത്തിന്റെ തിരക്കഥ ശ്രീകുമാര്‍ എംടിയെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഇക്കാര്യം വാര്‍ത്ത ആയ സമയത്ത് രണ്ടാമൂഴത്തിന്റെ സംവിധായകനായി വരാന്‍ സാധ്യതയുള്ള ഒരാളായി പ്രിയദര്‍ശന്റെ പേര് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഓളവും തീരവും ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നതോടെ പ്രിയദര്‍ശന് ‘രണ്ടാമൂഴം’ നന്നായി ചെയ്യാനാവുമെന്ന് തന്നെയാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. രണ്ടാംമൂഴം പ്രിയദര്‍ശനാണ് ചെയ്യുന്നതെങ്കില്‍ മോഹന്‍ലാല്‍ തന്നെയായിരിക്കും നായകകഥാപാത്രം ചെയ്യാന്‍ സാധ്യതെയന്നും ചിലര്‍ പറയുന്നു.