മോഹൻലാലിന് അഭിനയത്തിൽ തിരിച്ചുവരവ് നൽകാൻ സാക്ഷാൽ എംടി ; ആശിർവാദം വാങ്ങി ആദരവോടെ നടൻ മോഹൻലാൽ
1 min read

മോഹൻലാലിന് അഭിനയത്തിൽ തിരിച്ചുവരവ് നൽകാൻ സാക്ഷാൽ എംടി ; ആശിർവാദം വാങ്ങി ആദരവോടെ നടൻ മോഹൻലാൽ

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് പിറന്നാൾ മധുരം നൽകി മോഹൻലാൽ. 89ന്റെ നിറവിൽ എത്തിനിൽക്കുന്ന എം.ടി.വാസുദേവൻ നായരുടെ പിറന്നാൾ ഇത്തവണ ആഘോഷിച്ചത് മോഹൻലാലിന്റെ സാന്നിധ്യത്തിലാണ്. പതിവിലും വിപരീതമായി ഇത്തവണത്തെ ആഘോഷം സിനിമ സെറ്റിലായിരുന്നു. എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന സിനിമയുടെ ലൊക്കേഷനിലാണ് അദ്ദേഹത്തിന്റെ  പിറന്നാളാഘോഷം നടന്നത്. ചിത്രത്തിന്റെ തൊടുപുഴയ്‌ക്കടുത്തുള്ള ലൊക്കേഷനിൽ നടന്ന ആഘോഷത്തിൽ മോഹൻലാലിനെ കൂടാതെ പ്രിയദർശൻ, സന്തോഷ് ശിവൻ, ദുർഗാ കൃഷ്ണ തുടങ്ങി സിനിമയുടെ അണിയറ പ്രവർത്തകർ അടക്കം നിരവധിപേർ  പങ്കുചേർന്നു.

ആഘോഷങ്ങൾ പതിവില്ലാത്ത എംടി പ്രിയപ്പെട്ടവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. കേക്ക് മുറിച്ച് മധുരം പങ്കു വച്ചതിനു ശേഷം സെറ്റിൽ നിന്ന് പിറന്നാൾ സദ്യയും കഴിച്ചാണ് എംടി മടങ്ങിയത്. എംടിയുടെ നവതി വർഷം ആഘോഷമാക്കുകയാണ് മലയാള സിനിമ. അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ 10 കഥകളാണ് ഒരുമിച്ചു സിനിമയാകുന്നത്. ചിത്രങ്ങളുടെ എല്ലാം തിരക്കഥ എഴുതുന്നത് എംടി വാസുദേവൻ നായർ തന്നെയാണ്.  1970 ൽ എംടിയുടെ തിരക്കഥയിൽ പി.എൻ.മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും സിനിമ 50 വർഷത്തിനുശേഷം പുനഃസൃഷ്ടിയ്‌ക്കുകയാണ് പ്രിയദർശൻ. എംടിയുടെ കഥകള്‍ കോര്‍ത്തിണക്കിയ ആന്തോളജിയിലെ ഒരു ഭാഗമാണ് പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന  ‘ഓളവും തീരവും’. സിനിമയുടെ ചിത്രീകരണം പലയിടങ്ങളിലായി  പുരോഗമിക്കുകയാണ്.

ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാണ്  ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. ദുര്‍ഗ കൃഷ്ണയാണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. മാമൂക്കോയയും സിനിമയില്‍ സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.  1970ല്‍ പിഎന്‍ മേനോന്റെ സംവിധാനത്തില്‍ പിറന്ന ചിത്രത്തിൽ മധു ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലന്‍ കഥാപാത്രത്തെ മോഹൻലാൽ സിനിമയിൽ അവതരിപ്പിക്കുന്നത്  നടന്‍ ഹരീഷ് പേരടി ആണ്. ചിത്രത്തിൽ സന്തോഷ് ശിവൻ ഛായാഗ്രഹണവും സാബു സിറില്‍ കലാസംവിധാനവും നിർവഹിക്കുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ മോഹൻലാൽ മഴയത്ത് കുത്തിയൊലിക്കുന്ന പുഴയിൽ  ഒറ്റയ്ക്ക് ചങ്ങാടം തുഴഞ്ഞു പോകുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ  വൈറലായിരുന്നു. എംടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി വി നായരാണ് ഈ ആന്തോളജിയുടെ നിര്‍മ്മാതാവ്. എംടിയുടെ പത്ത് കഥകളുടെ ദൃശ്യാവിഷ്‌കാരമായ ഈ ആന്തോളജിയില്‍ സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ്  മറ്റ് സംവിധായകര്‍.

മഹേഷ് നാരായണൻ ഫഹദ് ഫാസിലിനെ നായകനാക്കി ‘ഷെര്‍ലക്ക്’ എന്ന കഥയാണ്  ഒരുക്കുന്നത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന കഥയും ഒരുങ്ങുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സിനുവേണ്ടി മികച്ച സംവിധായകരും മികച്ച നടന്മാരും ഒന്നിക്കുന്ന  ഈ ആന്തോളജിക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ഉണ്ടാകുന്നത്. 1963-64 കാലത്ത് മുറപ്പെണ്ണ് എന്ന തിരക്കഥയെഴുതിയാണ് എംടി ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. ഏകദേശം 54 ഓളം സിനിമകൾക്ക് എംടി തിരക്കഥ എഴിതിയിട്ടുണ്ട്. മികച്ച തിരക്കഥക്കുള്ള നാഷണല്‍ അവാര്‍ഡ് 4 തവണ എംടിയെ തേടിയെത്തിയിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994), എന്നീ സിനിമയുടെ തിരക്കഥകൾക്കാണ് അവാർഡ് ലഭിച്ചത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന ചിത്രത്തിന് 1973-ല്‍  രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കവും ലഭിച്ചിട്ടുണ്ട്.