മോഹന്‍ലാലിന്റെ നൃത്ത ചുവടുകള്‍ക്കൊപ്പം നൃത്തംവെച്ച് പ്രേക്ഷകരും ; ഘൂം ഘൂം പാട്ട് തിയേറ്ററില്‍ ആഘോഷമാവുന്നു….
1 min read

മോഹന്‍ലാലിന്റെ നൃത്ത ചുവടുകള്‍ക്കൊപ്പം നൃത്തംവെച്ച് പ്രേക്ഷകരും ; ഘൂം ഘൂം പാട്ട് തിയേറ്ററില്‍ ആഘോഷമാവുന്നു….

പ്രഖ്യാപനം തൊട്ടേ ആരാധകരെ ആകാംക്ഷയിലാക്കിയ ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. പുലിമുരുകനു’ ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ഒടുവില്‍ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകള്‍ക്കും ട്രെയ്‌ലറിനും ഗാനങ്ങള്‍ക്കും മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ തിയേറ്ററിലും അതേ പ്രതികരണമാണ് ലഭിക്കുന്നത്.

മോണ്‍സ്റ്ററിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടപ്പോള്‍ ആ ഗാനം ആരാധകരെല്ലാം ഏറ്റെടുത്തിരുന്നു. തിയേറ്ററിലും ഘൂം ഘൂം എന്ന ഗാനമെത്തിയപ്പോള്‍ ആഘോഷമാക്കിയിരിക്കുകയാണ് പ്രേക്ഷകര്‍. ഈ ഗാനത്തിലെ മോഹന്‍ലാലിന്റെ നൃത്ത ചുവടുകള്‍ക്കൊപ്പം പ്രേക്ഷകരും നൃത്തം ചെയ്ത് ആഘോഷമാക്കി. ഒരു കുട്ടിക്കൊപ്പം കുസൃതികളോടെ നൃത്തം ചെയ്യുന്ന മോഹന്‍ലാലിനെയാണ് ഗാനരംഗത്ത് കാണാനാകുന്നത്. ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹരി നാരായണന്‍, നിഷ്‌ക് നബര്‍ എന്നിവരാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരാണ് മോണ്‍സ്റ്ററില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍.

മലയാളത്തില്‍ ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. പഞ്ചാബി പശ്ചാത്തലത്തില്‍ വൈശാഖ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് മോണ്‍സ്റ്റര്‍. നേരത്തെ ഉണ്ണി മുകുന്ദന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മല്ലു സിങ് എന്ന സിനിമ വൈശാഖ് സംവിധാനം ചെയ്തിരുന്നു.