മാലിന്യ പ്രശ്‍നം, ആറ് വര്‍ഷം മുൻപ്  മോഹന്‍ലാല്‍ മുഖ്യമന്ത്രിയ്ക്ക് എഴുതിയ ബ്ലോഗ് വീണ്ടും ചര്‍ച്ചയാകുന്നു
1 min read

മാലിന്യ പ്രശ്‍നം, ആറ് വര്‍ഷം മുൻപ് മോഹന്‍ലാല്‍ മുഖ്യമന്ത്രിയ്ക്ക് എഴുതിയ ബ്ലോഗ് വീണ്ടും ചര്‍ച്ചയാകുന്നു

ബ്രഹ്‍മപുരം മാലിന്യ പ്ലാന്റിൽ തീപിടിച്ച വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിന്റെ അഭിമാനമായ നടൻ മോഹൻലാലിന്റെ പഴയൊരു ബ്ലോഗ് വീണ്ടും ചര്‍ച്ചയാകുകയാണ് . മോഹൻലാല്‍ കേരളം നേരിടുന്ന മാലിന്യ പ്രശ്‍നത്തെ കുറിച്ച് മുൻപ് എഴുതിയ ബ്ലോഗാണ് ആരാധകര്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോൾ പങ്കു വയ്‍ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് കത്തിന്റെ രൂപത്തിലായിരുന്നു മോഹൻലാല്‍ നിവേദനം നല്‍കിയത് . ബ്ലോഗ് മോഹൻലാല്‍ അന്ന് യൂട്യൂബിലും പങ്കുവെച്ചിരുന്നു.

മോഹൻലാല്‍ ആറ് വര്‍ഷം മുമ്പാണ് തന്റെ ബ്ലോഗില്‍ ഈ കുറിപ്പ് എഴുതിയത് . കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാൻ എന്ന തലക്കെട്ടാണ് തുറന്ന കത്തെഴുത്തിൽ മോഹൻലാല്‍ തുടങ്ങിയത് . എന്നാൽ ഇത് മോഹൻലാല്‍ എന്ന നടൻ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് എഴുതുന്ന ഒരു സാധാരണ കത്തല്ല . കേരളത്തില്‍ ജീവിക്കുന്ന മോഹൻലാല്‍ എന്ന മനുഷ്യൻ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നല്‍കുന്ന നിവേദനമായിട്ടായിരുന്നു  ബ്ലോഗിന്റെ തുടക്കം. കേരളം നേരിടുന്ന ചില പ്രധാന വിഷയങ്ങള്‍ അക്കമിട്ട് നിരത്തുകയായിരുന്നു ഈ ബ്ലോഗിലൂടെ മോഹൻലാല്‍. അതില്‍ ആദ്യത്തെ വിഷയമായി തന്നെ മോഹൻലാല്‍ ചൂണ്ടിക്കാട്ടിയത് മാലിന്യ പ്രശ്നത്തെ കുറിച്ചായിരുന്നു. മാലിന്യം എന്ന ഭീകരൻ എന്ന വലിയ തലക്കെട്ടോടെയായിരുന്നു കുറിപ്പ് എഴുതി തുടങ്ങിയിരിക്കുന്നത് .

കേരളത്തെ ഇന്ന് പേടിപ്പിക്കുന്ന ഭീകരൻ ആരാണ് എന്ന് ചോദിച്ചാല്‍ അതിനു മാലിന്യം എന്ന് മാത്രമേ ഞാൻ ഉത്തരം നൽകൂ . ഇന്നത്തെ ഒന്നിലധികം പ്രശ്‍നങ്ങള്‍ക്ക് കാരണം എല്ലായിടത്തും കുമിഞ്ഞു കൂടിയ മാലിന്യമാണ്. പകര്‍ച്ച വ്യാധികള്‍ മുതല്‍ റോഡിൽ അലഞ്ഞ് നടക്കുന്ന നായ്‍ക്കൾ വരെ മാലിന്യക്കൂമ്പാരത്തിന് ചുറ്റിൽ നിന്ന് ഉണ്ടാകുന്നതാണ്. ഞാനടക്കമുള്ള കുറെ കലാകാരൻമാര്‍ ഈ പ്രശ്നത്തിനെതിരെ ബോധവത്കരണ പരസ്യങ്ങള്‍ ചെയ്‍തിട്ടുണ്ട്.

എന്നിട്ടും മാലിന്യ പ്രശ്നത്തിന് ഒരു കാര്യവുമില്ല. റോഡിനിരുവശത്തെയും മാലിന്യക്കൂമ്പാരം ഇപ്പോൾ കേരളമെങ്ങും കൂടിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വീട്ടിലെ മാലിന്യം പൊതുവഴിയില്‍ ഉപേക്ഷിക്കുന്ന ആളുകൾ നമ്മുടെ നാട്ടില്‍ വര്‍ദ്ധിക്കുകയാണ്. ഞങ്ങള്‍  മാലിന്യം ഇതെവിടെയാണ് കൊണ്ടു പോയി കളയുക എന്ന ചോദ്യവും നഗരവാസികള്‍ ചോദിക്കുന്നു. ഈ രണ്ടു കാര്യങ്ങളെയും നമ്മൾ ഇന്ന് അഭിമുഖീകരിക്കേണ്ടതുണ്ട്. മാലിന്യം നിക്ഷേപിക്കാൻ കൃത്യമായ സ്ഥലങ്ങളും സൗകര്യങ്ങളുമുണ്ടാക്കുകയും എന്നിട്ടും പൊതുസ്ഥലത്ത്  ഇത്തരത്തിൽ മാലിന്യം ഉപേക്ഷിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കുകയും ആവശ്യമാണ് . ഈ യജ്ഞം ഒരു കഠിനവ്രതമായി അങ്ങ് ഏറ്റെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നുമാണ്  മോഹൻലാല്‍ തന്റെ ബ്ലോഗില്‍ എഴുതിയിരുന്നത്.