അത്യാധുനിക സൗകര്യത്തോട് കൂടി കൊച്ചിയില്‍ ഡ്യൂപ്ലക്സ് ഫ്ളാറ്റ് സ്വന്തമാക്കി മോഹന്‍ലാല്‍; ഹൈലൈറ്റായി ലാംബ്രട്ട സ്‌കൂട്ടറും!
1 min read

അത്യാധുനിക സൗകര്യത്തോട് കൂടി കൊച്ചിയില്‍ ഡ്യൂപ്ലക്സ് ഫ്ളാറ്റ് സ്വന്തമാക്കി മോഹന്‍ലാല്‍; ഹൈലൈറ്റായി ലാംബ്രട്ട സ്‌കൂട്ടറും!

കൊച്ചിയില്‍ പുതിയ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി സമുച്ഛയത്തിലാണ് താരത്തിന്റെ പുതിയ ഫ്‌ളാറ്റ്. 5, 16 നിലകള്‍ ചേര്‍ത്ത് ഏകദേശം 9000 ചതുരശ്ര അടിയുള്ള ഫ്‌ളാറ്റ് എല്ലാ സൗകര്യങ്ങളോടും കൂടി ഉള്ളതാണ്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ ഫ്‌ളാറ്റിന്റെ പാലുകാച്ചല്‍ ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അന്‍പതോളം പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളു. അതുപോലെ, മോഹന്‍ലാലിന്റെ ‘ഇട്ടിമാണി’ എന്ന സിനിമയില്‍ താരം ഉപയോഗിച്ച ലാംബ്രട്ട സ്‌കൂട്ടര്‍ ഫ്ളാറ്റിന്റെ എന്‍ട്രസിലുണ്ട്.

ഇത് തന്നെയാണ് താരത്തിന്റെ പുതിയ ഫ്‌ളാറ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. കൂടാതെ, 1986ല്‍ പുറത്തിറക്കിയ ‘രാജാവിന്റെ മകന്‍’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ പറയുന്ന ഫോണ്‍ നമ്പറായ ‘2255’ ആണ് ഈ സ്‌കൂട്ടറിന്റെ നമ്പറും. ഗസ്റ്റ് ലിവിങ് റൂം, ഡൈനിങ് റൂം, പൂജാ റൂം, പാന്‍ട്രി കിച്ചന്‍, വര്‍ക്കിങ് കിച്ചന്‍ എന്നിവയാണ് താഴത്തെ നിലയില്‍ ഉള്ളത്. അതില്‍ അത്യാധുനിക സൗകര്യങ്ങളോടെ വിപുലമായാണ് കിച്ചന്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ, എല്ലാ സൗകര്യങ്ങളോടും കൂടിയ നാല് കിടപ്പുമുറികള്‍ ഫ്ളാറ്റിലുണ്ട്. ഇതുകൂടാതെ മേക്കപ്പ് റൂം, സ്റ്റാഫ് റൂമും തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

തിരുവനന്തരപുരം, ചെന്നൈ, ഊട്ടി എന്നിവിടങ്ങളിലും താരത്തിന് വീടുകളുണ്ട്. ചെന്നൈയിലെ വീട്ടിലാണ് താരം പ്രധാനമായും താമസിക്കുന്നത്. ദുബായിലും 2020ല്‍ മോഹന്‍ലാല്‍ നീന്തല്‍കുളം അടക്കമുള്ള അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കിയിട്ടുണ്ട്. കുന്നംപള്ളി ബില്‍ഡേഴ്സാണ് ഫ്ളാറ്റിന്റെ നിര്‍മാതാക്കള്‍. അതേസമയം,
മോഹന്‍ലാലിനു വേണ്ടി തടിയില്‍ വിശ്വരൂപ ശില്പം നിര്‍മ്മിച്ചിരുന്നു. ക്രാഫ്റ്റ് വില്ലേജില്‍ ദിയാ ഹാന്‍ഡി ക്രാഫ്റ്റ്‌സ് എന്ന സ്ഥാപനം നടത്തുന്ന ശില്പി വെള്ളാര്‍ നാഗപ്പനും സഹശില്പികളായ ഒന്‍പതു പേരും ചേര്‍ന്നാണ് ശില്പം നിര്‍മ്മിച്ചത്. മഹാവിഷ്ണുവിന്റെ വിവിധ ഭാവത്തിലുളള 11 മുഖങ്ങളും അനുബന്ധ ശില്പങ്ങളുമാണ് 12 അടി ഉയരമുള്ള വിശ്വരൂപത്തിലുള്ളത്. മോഹന്‍ലാലിന് വേണ്ടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ആറടി ഉയരമുള്ള വിശ്വരൂപം ശില്പി നാഗപ്പന്‍ നിര്‍മിച്ചു കൊടുത്തിരുന്നു. തുടര്‍ന്ന് വലിയ ശില്‍പം നിര്‍മിച്ചു തരണമെന്ന് അദ്ദേഹം ശില്പിയോട് ആവശ്യപെടുകയായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ ശില്‍പം അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വീട്ടിലേക്കു കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ട്.