മിനിസ്‌ക്രീൻ പ്രേക്ഷകരെ കോരിതരിപ്പിക്കാൻ മരക്കാർ : അറബിക്കടലിന്റെ സിംഹം വിഷുവിന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു
1 min read

മിനിസ്‌ക്രീൻ പ്രേക്ഷകരെ കോരിതരിപ്പിക്കാൻ മരക്കാർ : അറബിക്കടലിന്റെ സിംഹം വിഷുവിന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു

ലയാളത്തിന്റെ ബിഗ് ബജറ്റ് ബ്രഹ്‌മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമായിരുന്നു മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്തത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയറ്ററില്‍ കാണേണ്ട ചിത്രം തന്നെയാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നാണ് അഭിപ്രായം വന്നത്. ഈ ചിത്രത്തിന് വിദേശങ്ങളിലടക്കം തിയേറ്ററുകളില്‍ മികച്ച് തുടക്കമായിരുന്നു.

ചിത്രം ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലും എത്തിയിരുന്നു. ഇപ്പോഴിതാ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായി മറ്റൊരു സന്തോഷമാണ് പങ്കുവെച്ചിരിക്കുന്നത്. മിനിസ്‌ക്രീനില്‍ ആദ്യമായി മരക്കാര്‍ എത്തുന്നു. വിഷുദിന പ്രത്യേക പ്രീമിയര്‍ ചലച്ചിത്രമായി ഏഷ്യാനെറ്റിലാണ് മരക്കാര്‍ സംപ്രേഷണം ചെയ്യുന്നത്. തിയേറ്ററില്‍ പോയി കാണാന്‍ സാധിക്കാത്തവര്‍ക്കും ഒടിടി റിലീസിലും കാണാന്‍ പറ്റാത്തവര്‍ക്കും ഇനി ഈ ചിത്രം വിഷുവിന് ടെലിവിഷനില്‍ കാണാം.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നിരുന്നു. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങളായിരുന്നു ചിത്രത്തില്‍ അരങ്ങേറിയത്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംവിധായകന്‍ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നായിരുന്നു തിരക്കഥ എഴുതിയത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലും മരക്കാര്‍ റിലീസ് ചെയ്തിരുന്നു.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഓസ്‌കാറിന്റെ മികച്ച ഫീച്ചര്‍ ഫിലിം പട്ടികയില്‍ മലയാളത്തിന്റെ മരക്കാറും ഇടം നേടിയിരുന്നു. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡ്സ്-2021നുള്ള ഇന്ത്യയില്‍ നിന്നുള്ള നോമിനേഷന്‍ പട്ടികയിലാണ് മരക്കാര്‍ ഉള്‍പ്പെടുത്തിയത്. അതോടൊപ്പം ഒന്നിലധികം ദേശിയ പുരസ്‌കാരത്തിനും മരക്കാര്‍ അര്‍ഹമായിരുന്നു. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിലാണ് 67മത് ദേശീയ പുരസ്‌കാരം ലഭിച്ചത്.