ഗോവയില്‍ ഡയറക്ടര്‍ മോഹന്‍ലാല്‍ ഓണ്‍ ഡ്യൂട്ടി ; വൈറലായി ‘ബറോസ്’ ലൊക്കേഷന്‍ വീഡിയോ
1 min read

ഗോവയില്‍ ഡയറക്ടര്‍ മോഹന്‍ലാല്‍ ഓണ്‍ ഡ്യൂട്ടി ; വൈറലായി ‘ബറോസ്’ ലൊക്കേഷന്‍ വീഡിയോ

ലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. 2019 ഏപ്രിലില്‍ ആയിരുന്നു ബറോസ് എന്ന സിനിമ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ലാ അപ്‌ഡേഷനുകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുമുണ്ട്.

ഇപ്പോഴിതാ ഗോവയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഒരു ലൊക്കേഷന്‍ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഗോവയിലെ പനാജിയിലുളള പ്രസിദ്ധമായ പളളിയുടെ പശ്ചാത്തലത്തിലുള്ള റോഡില്‍ രംഗം ചിത്രീകരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഒരു വാഹനത്തിന് മുകളിലിരുന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ബറോസ് സിനിമക്കായി മുടി മൊട്ടയടിച്ച മോഹന്‍ലാലിന്റെ സ്‌റ്റൈലന്‍ ലുക്കുകളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ബറോസ് എന്ന നിധി സൂക്ഷിപ്പുകാരനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ടീസറില്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന രംഗങ്ങളും ബറോസ് എന്ന കഥാപാത്രമായി അഭിനയിക്കുന്ന രംഗങ്ങളുമായിരുന്നു.

 

സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. പൃഥ്വിരാജും ചിത്രത്തില്‍ പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെക്കുറിച്ച് സംസാരിച്ചതെന്നും അതൊരു മിത്തായിരുന്നുവെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചിരുന്നു. ബറോസ്- ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോള്‍ ഇത് സിനിമയാക്കിയാല്‍ നന്നാവുമല്ലോയെന്ന് തോന്നിയെന്നും മോഹന്‍ലാല്‍ കുറിച്ചിരുന്നു.