മോഹൻലാലിന്റെ ജന്മദിനം പ്രമാണിച്ച് 50 മണിക്കൂർ തുടർച്ചയായി നിത്യനടന വിസ്മയത്തിന്റെ ജനപ്രിയ സിനിമകൾ പ്രദർശിപ്പിക്കാൻ ഏഷ്യാനെറ്റ്‌ മൂവീസ്!
1 min read

മോഹൻലാലിന്റെ ജന്മദിനം പ്രമാണിച്ച് 50 മണിക്കൂർ തുടർച്ചയായി നിത്യനടന വിസ്മയത്തിന്റെ ജനപ്രിയ സിനിമകൾ പ്രദർശിപ്പിക്കാൻ ഏഷ്യാനെറ്റ്‌ മൂവീസ്!

നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന മഹാനടന്‍ സമ്മാനിച്ചിരിക്കുന്നത്. മലയാള സിനിമാ ബോക്‌സ് ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്നാണ് മലയാളികള്‍ വിശേഷിപ്പിക്കുന്നത്. മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. മലയാളത്തിലെ ആദ്യത്തേയും രണ്ടാമത്തേയും 100 കോടി ചിത്രങ്ങളും അദ്ദേഹത്തിന്റെ പേരില് തന്നെയാണ് ഉള്ളത്. ലൂസിഫര്‍ 200 കോടി കളക്ട് ചെയ്തിരുന്നു.

1978ല്‍ തിരനോട്ടം എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറുന്നത്. എന്നാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ല. വില്ലനായി അഭിനയിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണ് ലാലിന്റേതായി ആദ്യം പുറത്തിറങ്ങിയ ചിത്രം. അഭിനയജീവിതത്തിന്റെ നാള്‍ വഴികളില്‍ രണ്ട് തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്രം പുരസ്‌കാരങ്ങള്‍ മോഹന്‍ലാല്‍ നേടിയിരുന്നു. മെയ് 21 ശനിയാഴ്ച ജന്മദിനം ആഘോഷിക്കുന്ന ലാലേട്ടനോടുള്ള ആദരമായി ഏഷ്യാനെറ്റ് ചാനലില്‍ 50 മണിക്കൂര്‍ നീളുന്ന മോഹന്‍ലാല്‍ ചലച്ചിത്ര വിസ്മയങ്ങളുടെ തുടര്‍ക്കാഴ്ച ഒരുക്കുകയാണ്.

നടനവിസ്മയം മോഹന്‍ലാല്‍ നിറഞ്ഞാടിയ 50 മണിക്കൂര്‍ നീളുന്ന അനുപമ ചലച്ചിത്ര രസക്കാഴ്ചകള്‍. അഭിനയകലയിലെ ഇന്ദ്രജാലം കൊണ്ട് പ്രേക്ഷകമനസ്സുകളിലെ ഹൃദയസിംഹാസനങ്ങളില്‍ പകരക്കാരനില്ലാതെ വിരാജിക്കുന്ന ദി കംപ്ലീറ്റ് ആക്ടര്‍ പത്മഭൂഷണ്‍ ഭരത്ത് മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് മൂവീസില്‍ മെയ് 20 വെള്ളിയാഴ്ച രാവിലെ മുതല്‍ 50 മണിക്കൂര്‍ നീളുന്ന അദ്ദേഹത്തിന്റെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സംപ്രേഷണം ചെയ്യുകയാണ്.

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം റിലീസ് ചെയ്യുന്നത്. ജീത്തുജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാന്‍ റിലീസിനായി ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ദൃശ്യം 2നു ശേഷം എത്തുന്ന ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് 12ത്ത് മാന്‍.നവാഗതനായ കെ ആര്‍ കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരാണ് മറ്റ് നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.