“ലാലേട്ടന് വേണ്ടി ഫാന്‍ഫൈറ്റ് നടത്തിയിട്ടുണ്ട്, സിനിമയില്‍ വന്നത് പോലും ലാലേട്ടനെ കണ്ട്”: നടൻ ഷൈൻ ടോം ചാക്കോ
1 min read

“ലാലേട്ടന് വേണ്ടി ഫാന്‍ഫൈറ്റ് നടത്തിയിട്ടുണ്ട്, സിനിമയില്‍ വന്നത് പോലും ലാലേട്ടനെ കണ്ട്”: നടൻ ഷൈൻ ടോം ചാക്കോ

താന്‍ ലാലേട്ടന്റെ കട്ട ഫാനാണെന്നും സിനിമകളിലേയ്ക്ക് തന്നെ ആകര്‍ഷിപ്പിച്ചതും അദ്ദേഹമാണെന്നും ഷൈന്‍ ടോം ചാക്കോ. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഷൈന്‍ മോഹന്‍ലാലിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയത്. സിനിമ കണ്ടു തുടങ്ങുന്ന കാലം മുതല്‍ മോഹന്‍ലാലാണ് ഹീറോ. അദ്ദേഹത്തിന്റെ കളിയും ചിരിയും പാട്ടും ബഹളവും കോമഡിയുമൊക്കെ ആയിട്ടുള്ള അഭിനയം കൊച്ചു കുട്ടികളെ പെട്ടെന്ന് ആകര്‍ഷിക്കുന്നതാണ്. കുട്ടികള്‍ പെട്ടെന്നു തന്നെ ലാലേട്ടന്‍ ഫാന്‍ ആകുന്നു. കുട്ടിയായിരുന്നപ്പോള്‍ തനിയ്ക്കും ഇതേ അനുഭവം തന്നെയായിരുന്നു എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.

പക്ഷേ, തനിയ്ക്ക് ഇതുവരെ ലാലേട്ടനെ പരിചയപ്പെടാന്‍ സാധിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു. അമ്മയുടെ മീറ്റിംഗിനും മറ്റും ദൂരെ ഇരിയ്ക്കുന്നത് കണ്ടിട്ടുണ്ട്, പക്ഷേ പരിചയപ്പെടാന്‍ സാധിച്ചിട്ടില്ല. ലാലേട്ടന്റെ കൂടെ ഇതുവരെ അഭിനയിക്കാനും അവസരം ലഭിച്ചിട്ടില്ലെന്നും ഷൈന്‍ വ്യക്തമാക്കുന്നു. കായംകുളം കൊച്ചുണ്ണി എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് സീനുകള്‍ ഉണ്ടായിട്ടില്ല എന്നും ഷൈന്‍ പറഞ്ഞു. മോഹന്‍ലാല്‍ പല തലമുറയുടെ വികാരമാണ് എന്നതിന്റെ തെളിവാണ് ഷൈനിന്റെ വാക്കുകള്‍. ലാലേട്ടന്റെ ഒക്കെ കാലത്ത് ഉണ്ടാവുക എന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറയുന്നു.

മലയാള സിനിമ കണ്ടിട്ടുള്ളതില്‍ വെച്ച് അഭിനയ പാടവം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍. പൂവള്ളി ഇന്ദുചൂഢനും ജഗന്നാഥനും മംഗലശ്ശേരി നീലകണ്ഠനും ആടുതോമയും എല്ലാം മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ആടിത്തിമിര്‍ത്ത കഥാപാത്രങ്ങളാണ്. സദയം, ഇരുവര്‍, തന്മാത്ര, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്നതിലും അപ്പുറം പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. പലരുടേയും ചെറുപ്പം മുതലുള്ള ആരാധന താരമാണ് മോഹന്‍ലാല്‍. പലരും പറഞ്ഞുകൊണ്ടിരിക്കുന്ന ഇതേ കാര്യമാണ് ഇപ്പോള്‍ ഷൈന്‍ ടോം ചാക്കോയും പറയുന്നത്. മമ്മൂട്ടിയെക്കുറിച്ചും അഭിമുഖത്തില്‍ അദ്ദേഹം വളരെയധികം പറയുന്നുണ്ട്. മമ്മൂക്കയെ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നതോടെ എല്ലാവരും അദ്ദേഹത്തിന്റെ ഫാനായി മാറിപ്പോകും എന്നാണ് ഷൈന്‍ പറയുന്നത്.

ഒരു സിനിമാ സെറ്റ് വളരെ ആക്ടീവ് ആയി വെയ്ക്കാന്‍ മമ്മൂട്ടിയ്ക്ക് അസാമാന്യം കഴിവുണ്ടെന്നും പരിചയ സമ്പത്തിന്റെ പുറത്ത് കിട്ടിയതാണ് അതെന്നും ഷൈന്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ദുല്‍ഖര്‍ നേരെ തിരിച്ചുള്ള സ്വഭാവമാണ്. സെറ്റില്‍ അധികം ആളുകളുമായി സംസാരമോ മറ്റോ ഇല്ലാത്ത ആളാണ് ദുല്‍ഖര്‍. മമ്മൂക്കയുടെ അനുഭവ പരിചയമാകുമ്പോള്‍ ഇക്കാര്യത്തില്‍ മാറ്റം വരുമെന്നും ഷൈന്‍ വ്യക്തമാക്കുന്നു. മമ്മൂട്ടിയുടെ കാര്യത്തില്‍ ആദ്യം എല്ലാവര്‍ക്കും വെറുതെ പേടിയാണെന്നും എല്ലാം അദ്ദേഹം പേടിക്കേണ്ട വ്യക്തിയല്ലെന്നും ഷൈന്‍ പറയുന്നു. പക്ഷേ, പതുക്കെ ആളുകളോട് അടുക്കുന്ന ആളാണ് മമ്മൂക്ക. അടുത്തറിയാത്ത ആളുകളാണ് അദ്ദേഹം ജാഡയാണ് എന്നൊക്കെ പറയുന്നതെന്നും ഷൈന്‍ പറയുന്നു. മമ്മൂട്ടിയും മോഹന്‍ലാലും എല്ലാം മലയാളികളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്ന് പറഞ്ഞുകൊണ്ടാണ് ഷൈന്‍ സംസാരം അവസാനിപ്പിക്കുന്നത്.