‘മലൈക്കോട്ടൈ വാലിബന്‍’ ചിത്രീകരണത്തിനായി ജോധ്പൂരില്‍ എത്തി മോഹന്‍ലാല്‍ ; ചിത്രങ്ങള്‍ വൈറല്‍
1 min read

‘മലൈക്കോട്ടൈ വാലിബന്‍’ ചിത്രീകരണത്തിനായി ജോധ്പൂരില്‍ എത്തി മോഹന്‍ലാല്‍ ; ചിത്രങ്ങള്‍ വൈറല്‍

പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈകോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കും. രാജസ്ഥാന്‍ ആണ് പ്രധാന ലൊക്കേഷന്‍. ചിത്രീകരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മോഹന്‍ലാല്‍ പങ്കെടുക്കുന്നുണ്ട്. ഇതിനായി അദ്ദേഹം ജോധ്പൂരില്‍ എത്തിയിട്ടുണ്ട്. ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുകയാണ് ചിത്രത്തിനായി.

സിനിമയുടെ കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. സാങ്കേതിക പ്രവര്‍ത്തകരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ അല്ലാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെയൊന്നും വിവരങ്ങള്‍ അണിയറക്കാര്‍ ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന വിവരം അവര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ക്യാരക്റ്റര്‍ റോളുകളിലൂടെ കൈയടി നേടിയ ഹരീഷ് പേരടിയും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ചിത്രം നിര്‍മിക്കുന്നത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ഇത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ നായികയായി എത്തുന്നത് രാധിക ആപ്തെയാണ്. ആദ്യമായി മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് ഒരുക്കുന്ന ചിത്രമെന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ചിത്രം പീരിയോഡിക് ഡ്രാമയാണെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിതാരമായിയെത്തുമെന്നുള്ള സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കുന്നുണ്ട്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്‌സ് സേവ്യര്‍.