”ഫസ്റ്റ് ഹാഫ് കൊള്ളാം…ലാലേട്ടന്‍ ഇജ്ജാതി പെര്‍ഫോമന്‍സ്…”; വൈശാഖ്- മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന്റെ പ്രതികരണങ്ങള്‍ ഇങ്ങനെ
1 min read

”ഫസ്റ്റ് ഹാഫ് കൊള്ളാം…ലാലേട്ടന്‍ ഇജ്ജാതി പെര്‍ഫോമന്‍സ്…”; വൈശാഖ്- മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന്റെ പ്രതികരണങ്ങള്‍ ഇങ്ങനെ

സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ ഒടുവില്‍ തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാള സിനിമാ വ്യവസായം വലിയ പ്രതീക്ഷ പുലര്‍ത്തുന്ന ഒരു ചിത്രം തന്നെയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്. മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റുകളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്റെ അണിയറക്കാര്‍ വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതാണ് ആരാധകരിലും സിനിമാ പ്രേമികളിലും ഇത്ര ആവേശം കൊള്ളിക്കാനുള്ള കാരണം.

കേരളത്തിലുടനീളം നൂറോളം ഫാന്‍സ് ഷോകളോടെ ആരംഭിച്ച ഈ ചിത്രത്തിന് വമ്പന്‍ സ്വീകരണമാണ് മോഹന്‍ലാല്‍ ആരാധകരും സിനിമാ പ്രേമികളും ചേര്‍ന്ന് നല്‍കിയത്. ആദ്യ പകുതി മുന്നോട്ട് നീങ്ങുന്നത് ഒരു ഫാമിലി എന്റെര്‍റ്റൈനെര്‍ എന്ന രീതിയിലാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ലക്കി സിങ് എന്ന കഥാപാത്രം കേരളത്തിലെത്തുന്നിടത്തു നിന്നാണ് ചിത്രം ട്രാക്കിലാവുന്നത്. രസകരമായ രീതിയിലാണ് മോഹന്‍ലാല്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു. ആദ്യ പകുതിയിലെ ചെറിയ ചെറിയ തമാശകളും കൊച്ചു കുട്ടിയോടൊപ്പമുള്ള മോഹന്‍ലാലിന്റെ ഗാനവും തീയേറ്ററില്‍ കയ്യടികള്‍ സൃഷ്ടിച്ചിരുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു. സിനിമ ബോറടിപ്പിക്കാതെ മുന്നോട്ടുപോകുന്നുവെന്നാണ് ആദ്യപകുതിയ കഴിയുമ്പോള്‍ പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ ഏറ്റവും വ്യത്യസ്ത വേഷങ്ങളിലൊന്നാണ് മോണ്‍സ്റ്ററിലെ ലക്കി സിങ് എന്ന കഥാപാത്രം. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആക്ഷന് കൂടുതല്‍ പ്രധാന്യമുള്ള ചിത്രത്തില്‍ സ്റ്റണ്ട് സില്‍വയാണ് സംഘട്ടനം ഒരുക്കുന്നത്. ഒരു ചെകുത്താനെ നശിപ്പിക്കാന്‍ മറ്റൊരു ചെകുത്താന്‍ തന്നെ വേണമെന്നാണ് മോണ്‍സ്റ്ററിന്റെ ട്രെയിലറില്‍ പറയുന്നത്. പഞ്ചാബി പശ്ചാത്തലത്തില്‍ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോണ്‍സ്റ്റര്‍. നേരത്തെ ഉണ്ണി മുകുന്ദന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മല്ലു സിങ് എന്ന സിനിമ വൈശാഖ് സംവിധാനം ചെയ്തിരുന്നു.