‘മലൈക്കോട്ടൈ വാലിബനി’ലെ മോഹന്‍ലാല്‍ എങ്ങനെയായിരിക്കും…? ; ചിത്രങ്ങള്‍ വൈറല്‍
1 min read

‘മലൈക്കോട്ടൈ വാലിബനി’ലെ മോഹന്‍ലാല്‍ എങ്ങനെയായിരിക്കും…? ; ചിത്രങ്ങള്‍ വൈറല്‍

ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ്. അതുകൊണ്ടുതന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓരോ പുതിയ സിനിമ ആഖ്യാനങ്ങള്‍ക്കുമായി മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് സിനിമ ചെയ്യാനിരിക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയിലായിരുന്നു. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് ആരൊക്കെയാണെന്നതും അങ്ങനെതന്നെ. ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ കാരിക്കേച്ചര്‍ സെകച്ചുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ യുകെയില്‍ വെച്ചാകും നടക്കുക. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂള്‍. ഇതില്‍ 80 ദിവസവും മോഹന്‍ലാലിന്റെ ചിത്രീകരണമുണ്ടാകും. സിനിമയുടെ ചിത്രീകരണത്തിന്റെ തുടക്കം രാജസ്ഥാനിലാണ്. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാന്‍ ഷെഡ്യൂള്‍ നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ 10-15 കോടിവരെയാണ് മോഹന്‍ലാലിന്റെ പ്രതിഫലം.

ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനാണ് നിര്‍വ്വഹിക്കുക. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ടെന്നാണ് അണിയറക്കാരില്‍ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം കമല്‍ ഹാസനും റിഷഭ് ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന്‍ ആചാരി, ആട് 2 ലെ ചെകുത്താന്‍ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ഹരിപ്രശാന്ത് വര്‍മ്മ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.