മോഹന്‍ലാലിന്റെ ‘ബറോസ്’ എന്നാണ് തിയേറ്ററുകളിലേക്ക്…? കലാസംവിധായകന്‍ പറയുന്നു
1 min read

മോഹന്‍ലാലിന്റെ ‘ബറോസ്’ എന്നാണ് തിയേറ്ററുകളിലേക്ക്…? കലാസംവിധായകന്‍ പറയുന്നു

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് ബറോസ്. ചിത്രത്തിന്റതായി പുറത്തുവരുന്ന അപ്‌ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷകര്‍ വളരെ പെട്ടന്ന്തന്നെ ഏറ്റെടുക്കാറുണ്ട്. ജൂലൈ 29ന് ചിത്രം പാക്കപ്പ് പറഞ്ഞത്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ബറോസിന്റെ എഡിറ്റിംഗും കഴിഞ്ഞു. ഇനി സ്പെഷല്‍ എഫക്റ്റ്സ് ചെയ്യാനുണ്ട്. ഒരു തായ്ലന്‍ഡ് കമ്പനിയാണ് അത് ചെയ്യുന്നതെന്നും മോഹന്‍ലാല്‍ പറയുകയുണ്ടായി. സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ എപ്പോഴുമുള്ള ചിത്രം എന്ന് തിയറ്ററുകളില്‍ എത്തും എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ എത്തിയിരുന്നില്ല.

എന്നാല്‍ ചിത്രത്തിന്റെ കലാസംവിധായകനായ സന്തോഷ് രാമന്‍ ഇപ്പോള്‍ അതേക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. ചിത്രം ഓണം റിലീസ് ആയാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് ക്ലബ്ബ് എഫ്എം യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് പറഞ്ഞു. ‘ ഈ ഓണത്തിന് കാണാമെന്നാണ് പ്രതീക്ഷ. അങ്ങനെയാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. 3 ഡി ചിത്രം ആയതിനാലും ഫാന്റസി ആയതിനാലും ഗ്രാഫിക്‌സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്.’ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പലതും വിദേശത്താണ് നടക്കുന്നതെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.

ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ മാര്‍ക്ക് കിലിയന്‍ ബറോസ് ടീമിന്റെ ഭാഗമാകുന്നു എന്ന വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. ബറോസിന്റെ സഹ സംവിധായകനായ പ്രമുഖ സംവിധായകന്‍ ടികെ രാജീവ് കുമാറും മോഹന്‍ലാലും മാര്‍ക്ക് കിലിയനും ചേര്‍ന്നുള്ള പടവും മോഹന്‍ ലാല്‍ പങ്കുവച്ചിരുന്നു. ബറോസിന്റെ പാശ്ചാത്തല സംഗീതം മാര്‍ക്ക് കിലിയന്‍ നിര്‍വഹിക്കും എന്നാണ് വിവരം. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

അതേസമയം ബറോസ് എന്ന സിനിമയുടെ ഒറിജിനല്‍ സ്‌ക്രിപ്റ്റ് എഴുതിയ ജിജോ പൊന്നൂസിന്റെ ബ്ലോഗ് പ്രകാരം, ഇപ്പോള്‍ ഇറങ്ങാന്‍ പോകുന്ന ബറോസ് അദ്ദേഹം കണ്‍സീവ് ചെയ്ത വേര്‍ഷന്‍ അല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കോവിഡ് മൂലം ഷൂട്ടിംഗ് ഒരുപാട് മുടങ്ങിയ ശേഷം വീണ്ടും റിവൈവ് ചെയ്തപ്പോള്‍ മോഹന്‍ലാല്‍ ഒരുപാട് മാറ്റങ്ങള്‍ സ്‌ക്രിപ്റ്റിലും ക്യാരക്ടേര്‍സിലും വരുത്തി എന്നാണ് ജിജോ ബ്ലോഗിലൂടെ പറയുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക.