‘ലാലേട്ടാ… കേരളാ ബാലയ്യ ആവല്ലേ…‘ ; മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകന്റെ കുറിപ്പ്
1 min read

‘ലാലേട്ടാ… കേരളാ ബാലയ്യ ആവല്ലേ…‘ ; മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകന്റെ കുറിപ്പ്

സമൂഹമാധ്യമങ്ങളിൽ ലാലേട്ടൻ ആരാധകരുടെ ആറാട്ടാണ് നടക്കുന്നത്. പ്രിയതാരത്തിന്റെ  പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് അവർ. സിനിമാതാരങ്ങൾ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരാണ് മോഹൻലാലിന് ആശംസകളുമായി രംഗത്തെത്തുന്നത്. 62 തികയുന്ന മോഹൻലാൽ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരെ ഇത്രയും നാൾ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും, കരയിക്കുകയും തുടങ്ങി എല്ലാ വേഷപ്പകർച്ചകളിലൂടെയും മികച്ച നിന്നിട്ടുണ്ട്. എന്നാൽ അടുത്തിടെയായി ഇറങ്ങുന്ന സിനിമകളിൽ മോഹൻലാലിന്റെ പ്രകടനം വിമർശനങ്ങൾക്കും വിധേയമായിട്ടുണ്ട്. അതിന് പല കാരണങ്ങളും ഉണ്ട് എന്ന് ആരാധകർ തന്നെ പറയുന്നുണ്ട്. ആശംസകൾക്കിടയിൽ അത്തരമൊരു ആശംസ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. മോഹൻലാലിന്റെ നിലവിലെ അഭിനയജീവിതം അത്രകണ്ട് പോരാ എന്ന് ഈ ആരാധകൻ പറയുന്നു. മോഹൻലാലിന്റെ ഉള്ളിലെ നല്ല നടനെ തിരിച്ചുകൊണ്ടുവരാൻ മോഹൻലാൽ ചെയ്യേണ്ട കാര്യങ്ങളും കുറിപ്പിൽ പറയുന്നുണ്ട്. യഥാർത്ഥത്തിൽ എല്ലാവരും പറയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ഈ ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ ആരാധകൻ പറയുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

പ്രിയപ്പെട്ട മോഹൻലാൽ,

ഇന്ത്യൻ മർലൻ ബ്രാൻഡോ ആയിരുന്ന താങ്കളെ കേരളാ ബാലയ്യയാക്കി മാറ്റാൻ വെമ്പൽ കൊള്ളുന്ന,അമ്മാവന്മാരും ഫാൻസും ഉൾപ്പെടുന്ന ഒരുകൂട്ടം ദുഷ്ടശക്തികൾ താങ്കൾക്കൊപ്പമുണ്ടെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. 

മിനിഞ്ഞാന്ന് രാത്രി 12 മണിക്ക് റിലീസായ ബിഗ്ബോസ് റിസോർട്ട് സ്പെഷ്യൽ എപ്പിസോഡിലെയും, “Vintage ലാലേട്ടൻ” സ്കിറ്റായ ബ്രോഡാഡിയിലെയുമൊക്കെ പ്രകടനങ്ങളെ അക്കൂട്ടർ പുകഴ്ത്തുമായിരിക്കാം.

പക്ഷേ അതൊക്കെ കണ്ടിട്ട് Wolf of Wall Streetലെ ഡികാപ്രിയോയെപ്പോലെ “Feel Anything” എന്ന് സ്വയം ചോദിക്കുന്നൊരു വലിയ പ്രേക്ഷകസമൂഹവും ഇവിടെയുണ്ട് എന്ന് താങ്കൾ തിരിച്ചറിയുക. 

ലോകംകണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ എന്ന നിലയിൽ  “പഴയ മോഹൻലാൽ” എന്ന് പറയേണ്ടിവരുന്നതും, പറയിപ്പിക്കാൻ മനഃപൂർവം ശ്രമിക്കുന്നതും, പുതിയതായി ഒന്നും ചെയ്യിക്കാനുള്ള അവസരം ഇവിടുത്തെ പുതിയ എഴുത്തുകാർക്കും സംവിധായകർക്കും കൊടുക്കാതിരിക്കുന്നതും ഒരു നടൻ എന്ന നിലയിൽ താങ്കളുടെ പരാജയം മാത്രമാണ്.

പുതിയ പിള്ളേരെ ഒന്ന് കേൾക്കാൻ തയാറാവൂ, ഒരുപക്ഷേ സിബിയും പദ്മരാജനും മണിരത്നവുമൊക്കെ താങ്കളിലൂടെ സൃഷ്ടിച്ചതിലും വലിയ അത്ഭുതങ്ങൾ ഈ അറുപത്തിരണ്ടാം വയസ്സിനു ശേഷം ഉണ്ടാവാം..!

“താങ്കളിലെ നടനെ ചൂഷണം ചെയ്യാൻ ശ്രമിച്ചു”  എന്ന് അവസാനമായി അനുഭവപ്പെട്ട രണ്ടു സിനിമകളിലെ ഫോട്ടോകൾ ചുവടെ ചേർക്കുന്നു.

ജന്മദിനാശംസകൾ, മോഹൻലാൽ..!

പ്രശംസിക്കാൻ മാത്രമല്ല, ആരാധകനായാൽ വിമർശിക്കാൻ കൂടി ആവണം എന്നും, ഈ കുറിപ്പിലൂടെ വ്യക്തമാണ്.