അമ്മ മീറ്റിംഗിലെ വിജയ് ബാബുവിന്റെ ‘മാസ്സ് എൻട്രി’ ക്കെതിരെ ക്ഷുഭിതനായി മോഹൻലാൽ
1 min read

അമ്മ മീറ്റിംഗിലെ വിജയ് ബാബുവിന്റെ ‘മാസ്സ് എൻട്രി’ ക്കെതിരെ ക്ഷുഭിതനായി മോഹൻലാൽ

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദിനംപ്രതി ചർച്ചയായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി താരങ്ങൾ പരസ്പരം പല ആരോപണങ്ങൾ ഉന്നയിക്കുകയും അത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. സംഘടനയുടെ ഉത്തരവാദിത്തപ്പെട്ടവർ തന്നെ സംഘടനയെ തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയും പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നു എനിങ്ങനെയുള്ള വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.

ഈ അടുത്തിടെ കഴിഞ്ഞ ജനറൽ ബോഡി മീറ്റിംഗിൽ പീഡന കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബു പങ്കെടുത്തത് വളരെ വലിയ ചർച്ചകൾക്ക് വഴി തിരിച്ചിരുന്നു. മാത്രമല്ല അദ്ദേഹം യോഗത്തിലെത്തിയ വീഡിയോ “മാസ്സ് എൻട്രി” എന്ന പേരിൽ അമ്മയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഇട്ടതും വലിയ വിവാദമായിരുന്നു. ഈ വിവാദങ്ങൾ ആളിക്കത്തുമ്പോഴാണ്  നടൻ ഷമ്മി തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിക്കുന്നതും നടൻ ഇടവേള ബാബു അമ്മയെ ഒരു ക്ലബ് എന്ന് വിശേഷിപ്പിക്കുന്നതും. ഈ സംഭവങ്ങളും അമ്മ എന്ന സംഘടനാ ഭാരവാഹികൾക്ക് തലവേദനയായി.

ഇപ്പോഴിതാ, ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന എക്സികുട്ടീവ് കമ്മിറ്റി യോഗത്തിൽ അമ്മ പ്രസിഡന്റായ നടൻ മോഹൻലാൽ ഏറെ ക്ഷുഭിതനായെന്ന വാർത്തയാണ് പുറത്തു വരുന്നത്. വിജയ് ബാബു യോഗത്തിൽ പങ്കെടുത്ത നടപടിയിൽ മോഹൻലാൽ അതൃപ്തി അറിയിക്കുകയും വീഡിയോ എടുത്തു യൂട്യൂബിൽ ഇട്ടവരെ വിളിച്ചു ശകാരിക്കുകയും ചെയ്തു. ഇത്തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കാൻ ഉണ്ടായ കാരണം ചോദിച്ച്‌ കെ ബി ഗണേഷ് കുമാർ അയച്ച കത്തിന് പിന്നാലെയാണ് മോഹൻലാൽ ഈ നടപടി സ്വീകരിച്ചത്. തുടർന്ന് ആ വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യുകയും  യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു.

ഷമ്മി തിലകനെതിരെയുള്ള നടപടികളിൽ അടുത്ത എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക എന്നും, ഗണേഷ് കുമാർ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടി മോഹൻലാൽ രേഖാമൂലം നൽകമെന്നും അറിയിച്ചിട്ടുണ്ട്. യോഗത്തിനുശേഷം നടൻ ഷമ്മി തിലകനും കെ ബി ഗണേഷ് കുമാറും വാർത്താസമ്മേളനം വിളിച്ചിരുന്നു. ഇരുവരും തങ്ങളുടേതായ ആരോപണങ്ങളും അഭിപ്രായങ്ങളും ഉന്നയിക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിൽ തുടർന്നുള്ള നടപടികളെക്കുറിച്ചും തീരുമാനങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ അറിയിക്കുമെന്നും പ്രതീക്ഷിക്കാം.