അടുത്ത സിനിമ ഉടനെ ചെയ്യുമോ എന്നറിയില്ല, ആയുസ്സുണ്ടെങ്കില്‍ തൊണ്ണൂറ് വയസുവരെ അഭിനയിക്കണമെന്നും മീര ജാസ്മിന്‍
1 min read

അടുത്ത സിനിമ ഉടനെ ചെയ്യുമോ എന്നറിയില്ല, ആയുസ്സുണ്ടെങ്കില്‍ തൊണ്ണൂറ് വയസുവരെ അഭിനയിക്കണമെന്നും മീര ജാസ്മിന്‍

മലയാളികളുടെ പ്രിയ താരമാണ് മീര ജാസ്മിന്‍. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മീര ആറ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന മകള്‍ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാള സിനിമയിലേക്ക് തിരികെയെത്തുന്നത്.

നീണ്ട ഇടവേളയ്ക്കു ശേഷമുള്ള മീര ജാസ്മിന്റെ മടങ്ങി വരവ് ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകര്‍. മടങ്ങി വരവില്‍ ഇന്‍സ്റ്റഗ്രാമിലും താരം വരവറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഗ്ലാമറസ് ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ മീര ഷെയര്‍ ചെയ്യാറുണ്ട്.

ഇപ്പോഴിതാ മീര ജാസ്മിന്റെ ഒരു അഭിമുഖം ചര്‍ച്ചയാവുകയാണ്. 80-90 വയസ്സുവരെ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ നൂറ് ശതമാനം തോന്നിയാല്‍ മാത്രമേ സിനിമ ചെയ്യുകയെന്നുമാണ് താരം പറയുന്നത്.

എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്. ഉടനെ തന്നെ അടുത്ത സിനിമ ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. നൂറ് ശതമാനം ചെയ്യണമെന്ന് തോന്നിയാലേ ചെയ്യുകയുള്ളൂ. ദൈവം തനിക്ക് നല്ല ആയുസ് തന്നാല്‍ 80- 90 വയസുവരെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെങ്കില്‍ താന്‍ അഭിനയിക്കും. വേറെ എവിടെയും പോകില്ല. ഇപ്പോള്‍ കഥകളൊക്കെ കേള്‍ക്കുന്നുണ്ട്. നിരവധി പേര്‍ കഥകളുമായി സമീപിക്കുന്നുണ്ട്. പറ്റുമെന്ന് തോന്നുകയാണെങ്കില്‍ മാത്രമേ ചെയ്യുകയുള്ളൂവെന്നും മിര ജാസ്മിന്‍ പറയുന്നു.

മീരയുടെ പുതിയ ചിത്രത്തില്‍ ജയറാമാണ് നായകനായി എത്തുന്നത്. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ട ദമ്പതികളുടെയും അവരുടെ മകളുടെയും കഥയാണ് മകള്‍ പറയുന്നത്. ജയറാമിനും മീര ജാസ്മിനുനൊപ്പം ദേവിക സഞ്ജയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

ആറ് വര്‍ഷത്തിനു ശേഷമാണ് മീര ജാസ്മിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം പുറത്തുവരുന്നത്. ഇന്നത്തെ ചിന്താവിഷയത്തിനു ശേഷം മീര ജാസ്മിന്‍ നായികയാവുന്ന സത്യന്‍ അന്തിക്കാട് ചിത്രം കൂടിയാണ് മകള്‍. 12 വര്‍ഷത്തിനു ശേഷം ജയറാം ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഈ 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു ആണ് ജയറാം അവസാനം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം.

തന്റെ തിരിച്ചുവരവില്‍ പ്രേക്ഷകര്‍ ആവേശഭരിതരാണെന്ന് കേള്‍ക്കുന്നത് തന്നെ വലിയ സന്തോഷമെന്ന് മീരാ ജാസ്മിന്‍ യുഎഇയുടെ ഗോള്‍ഡന്‍ വീസ സ്വീകരിച്ചു കൊണ്ട് പറഞ്ഞിരുന്നു. കുറച്ച് നാളുകള്‍ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകുമെന്നും താരം പറഞ്ഞിരുന്നു.

പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ മീരാ ജാസ്മിന്‍, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും രണ്ടുതവണ നേടിയിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും അവര്‍ നേടിയിട്ടുണ്ട്‌.