“അല്‍പം പക്വതയുള്ളവര്‍ക്ക് സിബിഐ 5 ദി ബ്രെയിന്‍ ഇഷ്ടപ്പെടും” : തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി
1 min read

“അല്‍പം പക്വതയുള്ളവര്‍ക്ക് സിബിഐ 5 ദി ബ്രെയിന്‍ ഇഷ്ടപ്പെടും” : തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രമാണ് സിബിഐ 5 ദി ബ്രെയിന്‍. എസ്എന്‍ സ്വാമിയുടെ രചനയില്‍ കെ മധു സംവിധാനം ചെയ്ത ചിത്രം മെയ് ഒന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്. സിബിഐ സീരീസിലെ ആദ്യ ചിത്രം റിലീസായതിന് ശേഷം മുപ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അഞ്ചാം ഭാഗമായ സിബിഐ 5 ദി ബ്രെയിന്‍ പുറത്തിറങ്ങിയത്. 1988 ലാണ് സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പുറത്തിറങ്ങിയത്. തുടര്‍ന്ന് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നിവയും തിയേറ്ററുകളില്‍ എത്തി. ആശാ ശരത്ത്, മുകേഷ്, രഞ്ജി പണിക്കര്‍, സായ് കുമാര്‍, സൗബിന്‍ ഷാഹിര്‍, ജഗതി ശ്രീകുമാര്‍ തുടങ്ങി വന്‍ താര നിര തന്നെയാണ് ചിത്രത്തില്‍ ഉണ്ടായിരിക്കുന്നത്.

ചിത്രം പുറത്തിറങ്ങിയത് മുതല്‍ സിബിഐ 5 ദി ബ്രെയിനിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് എസ് എന്‍ സ്വാമി. താന്‍ സിബിഐ 5 ഇതുവരെ തിയേറ്ററില്‍ പോയി കണ്ടിട്ടില്ലെന്നും, തിരക്ക് ഒഴിയാന്‍ കാത്തിരിക്കുകയാണെന്നും എസ് എന്‍ സ്വാമി പറഞ്ഞു. പുതിയ കാലത്തിനനുസൃതമായ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറല്ല ഈ ചിത്രമെന്നാണ് ചില ആളുകള്‍ പറയുന്നത്. കൂടാതെ, ചിത്രത്തിന്റെ കാസ്റ്റിംഗ്, സേതുരാമയ്യരുടെ മേക്കപ്പ് എന്നിവയെ വരെ പ്രേക്ഷകര്‍ വിമര്‍ശിക്കുന്നുണ്ട്.

എന്നാല്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ സ്വാഭാവികമാണെന്നാണ് അദ്ദേഹം പറയുന്നത്. 75 ശതമാനം വളരെ അനുകൂലമായ അഭിപ്രായവും 25 ശതമാനം മാത്രമാണ് സമ്മിശ്ര പ്രതികരണം ഉണ്ടായതെന്നുമാണ് എസ്എന്‍ സ്വാമി പറയുന്നത്. ന്യൂ ജനറേഷന്‍ ഉദ്ദേശിക്കുന്ന പോലെ ആകണമെന്നില്ല എല്ലാ സിനിമയെന്നും, അല്‍പം പക്വതയുള്ളവര്‍ക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെടുമെന്നും എസ് എന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു. അതേസമയം, ചിത്രത്തിന് ലഭിച്ച നെഗറ്റീവ് പ്രതിരണത്തെ കുറിച്ച് സംവിധായകനും തുറന്നു പറഞ്ഞിരിക്കുകയാണ്. ഇത്രയും നല്ല ഒരു പടത്തിന് ആദ്യത്തെ ഒന്നു രണ്ട് ദിവസങ്ങളില്‍ ഒരു നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചുവെന്നും അത് ഒരു പരിധി വരെ നടന്നുവെന്നുമാണ് സംവിധായകന്‍ മധു പറഞ്ഞത്. തന്നെയും എസ്എന്‍ സ്വാമിയെയും സ്നേഹിക്കുന്ന ഒരുകൂട്ടം പ്രേക്ഷകര്‍ ഇപ്പോഴും കൈയ്യടികളുമായി കൂടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.