‘എക്കാലത്തും സ്വന്തമായി നിലപാടുള്ള ഒരു മനുഷ്യനാണ് പൃഥ്വിരാജ്’ ; മനോജ് കെ ജയന്‍
1 min read

‘എക്കാലത്തും സ്വന്തമായി നിലപാടുള്ള ഒരു മനുഷ്യനാണ് പൃഥ്വിരാജ്’ ; മനോജ് കെ ജയന്‍

അഭിനയവും ആലാപനവും ഹൃദയത്തോട് ചേര്‍ത്തുപിടിച്ച നടനാണ് മനോജ്.കെ.ജയന്‍. ഒട്ടനവധി നല്ല കഥാപാത്രങ്ങളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. അതില്‍ തന്നെ ഒട്ടനവധി പോലീസ് വേഷങ്ങള്‍ മനോജ് കെ.ജയന്‍ തന്റെ കരിയറില്‍ ചെയ്തിട്ടുണ്ട്. 1990ല്‍ റിലീസായ പെരുന്തച്ചന്‍ 1992-ല്‍ പുറത്തിറങ്ങിയ സര്‍ഗ്ഗം എന്നീ സിനിമകളാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. സര്‍ഗ്ഗത്തില്‍ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രമാണ് മനോജ്.കെ.ജയന്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ നായകനായിട്ടും ഉപനായകനായും വില്ലനായിട്ടും അഭിനയിച്ചു. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ സിനിമകളില്‍ പ്രേക്ഷക പ്രീതിയാര്‍ജിച്ച ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയിലെ അറിയപ്പെടുന്ന നടനായി മാറി.

ഇപ്പോഴിതാ, നടന്‍ പൃഥ്വിരാജിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് മനോജ് കെ ജയന്‍. നടന്‍ സുകുമാരന്‍ മരിച്ച സമയത്ത് അദ്ദേഹത്തിന്റെ മൃതദേഹം കാണാന്‍ പോയ നിമിഷം ഓര്‍ക്കുകയാണ് മനോജ്. സുകുമാരേട്ടന്റെ മൃതദേഹം കലാഭവന്‍ തിയറ്ററിന്റെ പുറത്ത് പ്രദര്‍ശനത്തിന് വെച്ചപ്പോള്‍ ഭയങ്കര ജനക്കൂട്ടം ആയിരുന്നെന്നും, മോഹന്‍ലാലും മമ്മൂട്ടിയെല്ലാം അവിടെ വന്നപ്പോള്‍ ആളുകള്‍ക്ക് മരണ വീടാണെന്നൊന്നുമല്ല, ഇവരെയൊക്കെ കണ്ടപ്പോള്‍ ഭയങ്കര ബഹളം ആണ്. മൃതദേഹത്തിനടുത്ത് ഞാന്‍ എത്തിയപ്പോള്‍ ഇന്ദ്രന്‍ എല്ലാവരെയും വിഷ് ചെയ്യുന്നുണ്ട്. പൃഥിരാജ് ഒരു നില്‍പ്പാണ്. ആരെയും നോക്കുന്നൊന്നുമില്ല. ഒരു കണ്ണട വെച്ചിട്ടുണ്ട്.

പിന്നീട് ഞാന്‍ മൈ സ്റ്റോറിയുടെ സെറ്റില്‍ വെച്ച് ഈ സംഭവം പൃഥ്വിരാജിനോട് ചോദിച്ചു. മോനെ നിന്നെ ആദ്യം കാണുന്നത് സുകുവേട്ടന്റെ മൃതശരീരത്തിന് അരികിലാണ്. ഇന്ദ്രന്‍ അന്ന് ലൈവായി നില്‍ക്കുന്നുണ്ട്. നീ മാത്രം എന്താണ് ആരെയും മൈന്‍ഡ് ചെയ്യാതെ നിന്നതെന്ന് ചോദിച്ചു.

ചേട്ടാ ചേട്ടനോര്‍ക്കുന്നുണ്ടോ… എന്റെ അച്ഛന്‍ അവിടെ മരിച്ച് കിടക്കുമ്പോള്‍ ഓരോ ആര്‍ട്ടിസ്റ്റ് വരുമ്പോഴും ആളുകള്‍ക്ക് ആരവം ആണ്. മമ്മൂട്ടിയെന്നൊക്കെ പറഞ്ഞ് ഭയങ്കര ബഹളം. എന്തൊരു ആളുകളാണ് ഇത്. എന്റെ അച്ഛനാണ് അവിടെ കിടക്കുന്നത്. ആളുകളുടെ ഈ ആറ്റിറ്റിയൂഡ് കണ്ടിട്ട് ഞാന്‍ വെറുത്ത് നിന്നതാണ് അതാണ് ഞാന്‍ ആരെയും മൈന്‍ഡ് ചെയ്യാതെ നിന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. എന്നാല്‍ ആ ഒരു നിലപാട് എല്ലാക്കാലത്തുമുള്ള മനുഷ്യനാണ് പൃഥ്വിരാജ് എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്.