Latest News

മഞ്ജുവാര്യര്‍ വീണ്ടും തമിഴില്‍, ഇനി അജിത്തിൻ്റെ നായിക ? ബിഗ് ബജറ്റ് ചിത്രം എകെ 61 ഒരുങ്ങുന്നു …

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ വീണ്ടും തമിഴ് ചിത്രത്തിലേയ്‌ക്കെന്ന് സൂചന.  വെട്രിമാരന്‍ ചിത്രം അസുരന് ശേഷമാണ് താരം വീണ്ടും തമിഴ് സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്.  അജിത്കുമാർ മുഖ്യ കഥാപാത്രം അവതരിപ്പിക്കുന്ന എകെ 61 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാകും മഞ്ജു പ്രധാന വേഷം കൈകാര്യം ചെയ്യുക.  അതേസമയം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. അസുരനിൽ മഞ്ജുവാര്യർ അവതരിപ്പിച്ച ‘പച്ചയമ്മാള്‍’ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

അജിത് ചിത്രമായ AK 61 – ൻ്റെ നിർമാണ പ്രവർത്തനങ്ങൾ നിലവിൽ ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അജിത്തും എച്ച്. വിനോദും ഒന്നിക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകത കൂടെ ഇതിനുണ്ട്. ബോണി കപൂറാണ് ചിത്രത്തിൻ്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ഹിന്ദി ചിത്രം പിങ്കിൻ്റെ റീമേക്കായ നേര്‍ക്കൊണ്ട പാര്‍വെ, വിലമയ് എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് രണ്ട് സിനിമകള്‍. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ മഞ്ജുവിൻ്റെ ചിത്രം ‘ലളിതം സുന്ദരമാണ്’. സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍, മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം എന്നിവയാണ് റിലീസിനായി കാത്തിരിക്കുന്ന മഞ്ജുവാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍.

ഒരു കവർച്ചയുടെ കഥ പറയുന്ന ചിത്രമാണ് എകെ 61. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തൻ്റെ ഷൂട്ടിം​ങ്ങ് ആരംഭിച്ചിരിക്കുകയാണ്. അതേസമയം ചിത്രത്തിൽ മോഹൻലാലുണ്ടോ എന്ന ചോദ്യാവും ആരാധകർ ഉയർത്തുന്നുണ്ട്. മുൻപ് അജിത്തിനൊപ്പം ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഒരു മുതിര്‍ന്ന പൊലീസ് കമ്മീഷണറുടെ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാൽ ചെയ്യുകയെന്നാണ് സൂചന ലഭിക്കുന്നത്. ഈ റോളിലേയ്ക്ക് മോഹന്‍ലാലിനൊപ്പം പരിഗണനയിലുള്ള മറ്റൊരാള്‍ തെലുങ്ക് താരം നാഗാര്‍ജുനയാണ്.