ശ്രീനിവാസന്റെ വിവാഹത്തിന് താലിമാല വാങ്ങാന്‍ പണം കൊടുത്തത് മമ്മൂട്ടി; മണിയന്‍ പിള്ള രാജു പറയുന്നു
1 min read

ശ്രീനിവാസന്റെ വിവാഹത്തിന് താലിമാല വാങ്ങാന്‍ പണം കൊടുത്തത് മമ്മൂട്ടി; മണിയന്‍ പിള്ള രാജു പറയുന്നു

മലയാളികളുടെ ഇഷ്ടനടനാണ് ശ്രീനിവാസന്‍. നടന്‍ എന്നതിലുപരി അദ്ദേഹം ഒരു തിരക്കഥാകൃത്തും സംവിധായകനുമാണ്. മണിമുഴക്കം എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അങ്ങനെ ഒരു പാട് ചിത്രങ്ങളില്‍ അഭിനയിക്കുകയും കുറേ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. പലപ്പോഴും അഭിപ്രായങ്ങളും, കുടുംബ വിശേഷങ്ങളും തുറന്നു പറയുന്ന ശ്രീനിവാസന്‍, തന്റെ വിവാഹം നടത്തിയത് മുസ്ലീമായ മമ്മൂട്ടിയും ക്രിസ്ത്യാനിയായ ഇന്നസെന്റും ചേര്‍ന്നാണ് എന്ന് മുന്‍പ് ഒരിക്കല്‍ പറഞ്ഞിരുന്നു.

കെട്ട് താലി വാങ്ങാന്‍ അന്ന് മമ്മൂട്ടിയാണ് പൈസ തന്നതെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ കുറിച്ച് നടന്‍ മണിയന്‍ പിള്ള രാജു പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മണിയന്‍ പിള്ള രാജു പറഞ്ഞതിങ്ങനെ… ഐവി ശശി സംവിധാനം ചെയ്ത ‘അതിരാത്ര’ത്തിന്റെ ചിത്രീകരണ സമയത്ത് ശ്രീനിവാസന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. മൂന്നു, നാല് ദിവസം കൂടി കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ വിവാഹമായിരുന്നു. എന്നാല്‍ ശ്രീനിവാസന്‍ ആണെങ്കില്‍ വിവാഹത്തിന് വളരെ അത്യാവശ്യമായി വേണ്ടുന്ന താലിമാല പോലും വാങ്ങിയിരുന്നില്ല. ആ സമയത്തൊക്ക ശ്രീനിവാസന് പൈസയ്ക്ക് ബുദ്ധിമുട്ടുള്ള കാലമായിരുന്നു.

ഒരു ദിവസം അദ്ദേഹം തന്റെ അടുത്ത് വന്നിട്ട് പറഞ്ഞു… തന്റെ കല്യാണമാണെന്നും താലിമാല വാങ്ങാന്‍ കുറച്ചു പണം കടം കൊടുക്കണമെന്നും. കേട്ടതും എനിക്ക് വലിയ വിഷമവും അതില്‍ ഉപരി സങ്കടവും വന്നു. കാരണം തന്റെ കൈയ്യിലും അന്ന് പൈസ ഇല്ലായിരുന്നു. തന്റെ കൈയ്യില്‍ അഞ്ഞൂറു രൂപ പോലും അന്ന് തികച്ചെടുക്കാനില്ലാത്ത കാലമായിരുന്നു അത്. പക്ഷേ ശ്രീനിയെ സഹായിക്കേണ്ടത് എന്റെയും കൂടി ആവശ്യമാണെന്ന് തോന്നിയത് കൊണ്ട് ഞാന്‍ നേരെ ശ്രീനിയേയും കൂട്ടി മമ്മൂട്ടിയെ പോയി കാണുകയും കാര്യം സംസാരിക്കുകയും ചെയ്തു. ഇത് കേട്ടതും മമ്മൂട്ടി അദ്ദേഹത്തെ ഒരു മുറിയിലേക്ക് വിളിച്ചിട്ട് കുറെ വഴക്കു പറഞ്ഞു. നിനക്ക് എന്തെങ്കിലും അത്യാവശ്യം വന്നാല്‍ എന്നോട് ആദ്യം ചോദിച്ചു കൂടെ എന്ന് പറഞ്ഞ്. അങ്ങനെ മമ്മൂട്ടി താലി മാല വാങ്ങാന്‍ മൂവായിരം രൂപയെടുത്തു കൊടുത്തു. ആ രംഗത്തിന് ഞാന്‍ സാക്ഷിയാണെന്നാണ് മണിയന്‍പിള്ളരാജു പറയുന്നത്.

ഈ വിവരം അറിഞ്ഞ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് അദ്ദേഹത്തെ കുറേ വഴക്കു പറയുകയും ചെയ്തു. അദ്ദേഹത്തെ പോലെ ഒരു നടന്‍ നിങ്ങളോട് താലിമാല വാങ്ങാന്‍ പണം കടം ചോദിച്ചപ്പോള്‍ മൂവായിരം രൂപയാണോ കൊടുക്കുന്നതെന്ന് ചോദിച്ചു കൊണ്ടായിരുന്നു വഴക്ക്. സുല്‍ഫത്ത് പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോള്‍ മമ്മൂട്ടിക്കും ആകെ വിഷമമായി, എന്റെ കൈവശം അപ്പോള്‍ മൂവായിരം രൂപയെ ഉണ്ടായിരുന്നുള്ളുവെന്നും അത് കൊടുത്തുവെന്നും മമ്മൂട്ടി പറഞ്ഞപ്പോള്‍ പതിനായിരം രൂപയെങ്കിലും കൊടുക്കണമായിരുന്നുവെന്ന് സുല്‍ഫത്ത് പറഞ്ഞത് ണണിയന്‍ പിള്ള രാജു പറഞ്ഞു.