‘നടൻ മമ്മൂട്ടി ആടിത്തിമിര്‍ത്ത കണ്ണ് തള്ളിപ്പോകുന്ന അഭിനയ നിമിഷങ്ങള്‍’; രോമം എഴുന്നേറ്റ് നില്‍ക്കുന്ന ട്രിബ്യൂട്ട് വീഡിയോ
1 min read

‘നടൻ മമ്മൂട്ടി ആടിത്തിമിര്‍ത്ത കണ്ണ് തള്ളിപ്പോകുന്ന അഭിനയ നിമിഷങ്ങള്‍’; രോമം എഴുന്നേറ്റ് നില്‍ക്കുന്ന ട്രിബ്യൂട്ട് വീഡിയോ

മ്മൂട്ടി എന്ന മഹാനടനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. അദ്ദേഹം സമ്മാനിച്ചിട്ടുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒരിക്കലും പകരം വെയ്ക്കാനാകാത്തതാണ്. ഇതെല്ലാം ഒരുമിച്ച് കാണുന്നത് രോമാഞ്ചമുണ്ടാക്കുന്ന കാഴ്ചയാണ്. മമ്മൂട്ടിയുടെ എല്ലാ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയും അഭിനയ മുഹൂര്‍ത്തങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് ഒരു ട്രിബ്യൂട്ട് വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് പ്രണവ് ശ്രീ പ്രസാദ് എന്നയാള്‍. ഒരു നടന് ഇതില്‍പ്പരം മാസ്സ് ആകാനും കാണികളെ കരയിക്കാനും രസിപ്പിക്കാനും പൊട്ടിച്ചിരിപ്പിക്കാനും സാധിക്കില്ല എന്ന് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാകും. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പര്‍വ്വത്തിലെ ലുക്കോട് കൂടിയാണ് വീഡിയോയിലെ കിടിലന്‍ അനുഭവം ആരംഭിക്കുന്നത്. വര്‍ഷമെത്ര കഴിഞ്ഞാലും മാസ്സ് ചെയ്യാന്‍ ഇതിനേക്കാള്‍ വലിയൊരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ ഇല്ല എന്ന് അടിവരയിടുന്ന എന്‍ട്രിയാണത്.

തൊട്ടു പിന്നാലെ വരുന്നത് പ്രിയദര്‍ശന്റെ ശബ്ദം. മലയാള സിനിമയെ നാഷണല്‍ ലെവലിലേയ്ക്ക് എത്തിച്ചത് മമ്മൂട്ടിയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ബാക്കഗ്രൗണ്ടിലാകട്ടെ വല്യേട്ടന്‍ എന്ന ചിത്രത്തിലെ പാട്ട് കൂടി ആകുമ്പോള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കാന്‍ തോന്നും. തൊട്ടു പിന്നാലെ വരുന്നത് രഞ്ജിത്തിന്റെ ശബ്ദമാണ്. മികച്ച തിരക്കഥകള്‍ പരീക്ഷിക്കാന്‍ മമ്മൂട്ടിയ്ക്ക് കൗതുകമുണ്ട് എന്നാണ് രഞ്ജിത്ത് പറയുന്നത്. ഇന്ത്യന്‍ സിനിമ കണ്ടിട്ടുള്ളതില്‍ വെച്ച് വളരെ പ്രഗത്ഭനായ ഛായഗ്രാഹകനാണ് സന്തോഷ് ശിവന്‍. മമ്മൂട്ടിയ്ക്ക് ഭയങ്കര പേഴ്‌സണാലിറ്റിയാണെന്നും ക്യാമറ വെയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖം എപ്പോഴും ഒരുപടി മുകളില്‍ നില്‍ക്കുമെന്ന് സന്തോഷ് ശിവന്‍ സാക്ഷ്യപ്പെടുത്തുന്നു.

മലയാളത്തിന്റെ മറ്റൊരു താരരാജാവായാ മോഹന്‍ലാലിന്റെ വാക്കുകളാണ് പിന്നീട് വരുന്നത്. മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ അഭിനയിക്കുകയും ആ സിനിമകള്‍ക്കെല്ലാം സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്ത നടനാണ് മമ്മൂട്ടി എന്ന് ലാലേട്ടന്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് ഭാഷകള്‍ അതേ ശൈലിയിലും മറ്റും പറയാനും അതിന് കഥാപാത്രത്തിന് ആവശ്യമായ ഏറ്റക്കുറച്ചിലുകള്‍ കൊണ്ട് വരാനും അദ്ദേഹത്തിന് കഴിയുന്നത് അഭിനയത്തോട് അങ്ങേയറ്റം പാഷനുള്ളതുകൊണ്ടും കഠിനാധ്വാനവും കൊണ്ടാണ്. 2000ത്തില്‍ പുറത്തിറങ്ങിയ വല്ല്യേട്ടനിലെ മാസ്സ് മമ്മൂക്ക, മണിരത്‌നത്തിന്റെ ദളപതി എന്ന തമിഴ് ചിത്രത്തിലെ ഒരു രംഗം എന്നിവയാണ് വീഡിയോയില്‍ തെളിവായി കാണിക്കുന്നത്. മമ്മൂട്ടിയുടെ മള്‍ട്ടി ലാഗ്വേജ് പ്രാവിണ്യം ഇതില്‍ നിന്ന് വളരെ വ്യക്തമാണ്. 2002ലെ ആനന്ദം, 2017ലെ പുത്തന്‍ പണം, 1992 ലെ സ്വാതി കിരണം, 1993ലെ ഹിന്ദി ചിത്രമായ ധര്‍ത്തിപുത്ര, 2000ത്തിലെ ഇംഗ്ലീഷ് ചിത്രമായ ഡോ.ബാബ സാഹിബ് അംബേദ്ക്കര്‍ എന്നീ ചിത്രങ്ങള്‍ അന്യഭാഷകളില്‍ മമ്മൂട്ടി എന്ന മഹാനടന്‍ ആടിത്തിമിര്‍ക്കുകയും സ്വന്തം ഭാഷയില്‍ ഡബ്ബ് ചെയ്യുകയും ചെയ്ത ചിത്രങ്ങളാണ്.

സെന്റിമെന്‍സ് ഡയലോഗുകള്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വളരെ ചുരുക്കം ആളുകളേ ഉള്ളൂ. അതില്‍ മുന്‍നിരയിലുള്ള ആളാണ് മമ്മൂട്ടി. ഡയലോഗുകള്‍ ഇല്ലെങ്കിലും കണ്ണുകള്‍ കൊണ്ട് അസാമാന്യമായി അഭിനയിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. മഴയെത്തും മുന്‍പേ, പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങിയ ചിത്രങ്ങളിലെ അസാമാന്യ അഭിനയ മഹൂര്‍ത്തങ്ങളെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. വല്ല്യേട്ടന്‍, അരയന്നങ്ങളുടെ വീട് തുടങ്ങിയ ചിത്രങ്ങളും എടുത്ത് പറയേണ്ടതാണ്. 1989ലെ ചിത്രമാണ് മൃഗയ. ഇതിലെ വാറുണ്ണി എന്ന കഥാപാത്രത്തെ എഴുതി ഫലിപ്പിക്കുന്നതില്‍ പരിമിതികളുണ്ടായിരുന്നു. പക്ഷേ, ആഴത്തില്‍ വാറുണ്ണിയെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞു എന്ന് ലോഹിതദാസ് പറഞ്ഞിട്ടുണ്ട്. 1994ലാണ് വിധേയനും പൊന്തന്‍മാടയും സംഭവിക്കുന്നത്. വളരെ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍, അത് ഒരുമിച്ച് ചെയ്യുക എന്ന് പറയുന്നതും വളരെ പ്രയാസകരമാണ്. എന്നാല്‍ രണ്ടും അങ്ങേയറ്റം ശ്രദ്ധയോടെ മമ്മൂട്ടി കൈകാര്യം ചെയ്തു എന്ന് സംവിധായക അജ്ഞലി മേനോന്‍ വ്യക്തമാക്കുന്നു.

കോമഡിയിലേയ്ക്ക് വന്നാല്‍, അതും മമ്മൂട്ടിയുടെ കയ്യില്‍ എല്ലാക്കാലത്തും ഭദ്രമായിരുന്നു. പ്രാഞ്ചിയേട്ടന്‍, മായാവി, തസ്‌ക്കര വീരന്‍, അഴകിയ രാവണന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം കോമഡി തന്‍മയത്വത്തോടെ അദ്ദേഹം കൈകാര്യം ചെയ്തു. ഗ്ലാമറുകൊണ്ടും സറ്റൈലുകൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും യുവത്വം അദ്ദേഹത്തെ സ്‌ക്രീനില്‍ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. നെടുനീളന്‍ ഡയലോഗുകള്‍ ഒഴുക്കോടെ അദ്ദേഹം പറഞ്ഞു. ചരിത്ര സിനിമകള്‍ ചെയ്യാനും മമ്മൂട്ടി മികച്ചു നിന്നു.ഖാദര്‍, പഴശ്ശിരാജ, വടക്കന്‍വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മെയ് വഴക്കത്തോടെ അദ്ദേഹം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ മൂന്ന് സിനിമകളും മൂന്ന് കാലഘച്ചത്തില്‍ സംഭവിച്ചതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു നടന്‍ ഫിസിക്കലി ഫിറ്റായി ഇരിക്കണം എന്നത് മമ്മൂക്കയെ കണ്ടാണ് പഠിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.

ഭാഷാ പ്രയോഗത്തിലും മമ്മൂട്ടി വളരെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അന്യഭാഷാ ചിത്രങ്ങളില്‍ മാത്രമല്ല. മലയാളത്തില്‍ തന്നെ പല രീതിയിലുള്ള മലയാളം സംസാരിക്കാനും ഡബ്ബ് ചെയ്യാനും മമ്മൂട്ടിയ്ക്ക് അനായാസം കഴിഞ്ഞു. പുത്തന്‍ പണത്തിലെ കാസര്‍ഗോഡ് ഭാഷ, രാജമാണിക്യത്തിലെ തിരുവനന്തപുരം സ്ലാങ് വരെ ഇതിന് ഉദാഹരണമാണ്. ഇടക്ക് ഒട്ടുമിക്ക് എല്ലാ ജില്ലകളിലെയും ഭാഷകള്‍ മമ്മൂട്ടി കൈകാര്യം ചെയ്തിട്ടുണ്ട്. ഭാഷാ പ്രയോഗത്തില്‍ പോലും സൂക്ഷമത നിലനിര്‍ത്താന്‍ ഈ മഹാ നടനല്ലാതെ ആര്‍ക്ക് സാധിക്കും?. മമ്മൂട്ടിയ്ക്ക് നല്‍കിയിരിക്കുന്ന ഒരു ട്രിബ്യൂട്ടാണ് ഈ വീഡിയോ. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ സമസ്ത മേഖലകളും ഇതില്‍ പരാമര്‍ശിക്കുന്നു.